ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ ഗാന്ധിക്ക് മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമോ ഇല്ലയോ അതോ മറ്റൊരു അത്ഭുതം സംഭവിക്കുമോ എന്നൊക്കെയുള്ള ചര്‍ച്ചകളാണ് എങ്ങും. മോദി സര്‍ക്കാരിനെ താഴയിറക്കാന്‍ രാഹുല്‍ കൂട്ടുകെട്ടിന് കഴിയില്ലെന്നാണ് പുതിയ സര്‍വേ ഫലം പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ എന്‍ഡിഎ മുന്നണിക്ക് കേവല ഭൂരിപക്ഷം കിട്ടുകയുമില്ല.
പുല്‍വാമ സംഭവത്തിനും ബലാക്കോട്ട് മിന്നലാക്രമണത്തിനും ശേഷം കോണ്‍ഗ്രസിന്റെ സാധ്യതകള്‍ മങ്ങിയെന്നും ബിജെപിയുടെ സാധ്യത ഉയര്‍ന്നു എന്നുമാണ് പൊതുവെ ഉളള വിലയിരുത്തല്‍. എന്നാല്‍ ബിജെപി സഖ്യത്തിന് ഈ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കില്ല എന്നാണ് ഏറ്റവും പുതിയ സര്‍വ്വേ ഫലം.
ബലാക്കോട്ടിന് മുന്‍പ് നടന്ന ഭൂരിപക്ഷം അഭിപ്രായ സര്‍വ്വേകളും ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നവ ആയിരുന്നു. എന്നാല്‍ ബലാക്കോട്ടോടെ കാര്യങ്ങള്‍ നേരെ തിരിഞ്ഞു. തിരഞ്ഞെടുപ്പ് സര്‍വ്വേകളില്‍ ബിജെപിയുടെ സാധ്യതകള്‍ ഉയര്‍ന്ന് വന്നുകൊണ്ടിരുന്നു എന്നാണ് സി വോട്ടര്‍-ഐഎഎന്‍എസ് സര്‍വ്വേ പറയുന്നത്.
എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം തികയ്ക്കാനുളള സീറ്റുകള്‍ നേടാന്‍ സാധിക്കില്ല എന്നാണ് പുതിയ സര്‍വ്വേ ഫലം. സി വോട്ടര്‍-ഐഎഎന്‍എസ് സര്‍വ്വേയാണ് എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ഉണ്ടാവില്ല എന്ന് പ്രവചിച്ചിരിക്കുന്നത്.
കേവല ഭൂരിപക്ഷം തികയ്ക്കാന്‍ വേണ്ട 273 സീറ്റുകള്‍ക്ക് തൊട്ടടുത്ത് പക്ഷേ എന്‍ഡിഎ എത്തും. 261 സീറ്റുകളാണ് എന്‍ഡിഎ സഖ്യത്തിന് ലഭിക്കുക. ബിജെപി തനിച്ചാണ് 241 സീറ്റുകള്‍ നേടുക. 42 ശതമാനം വോട്ടും രാജ്യത്താകെ എന്‍ഡിഎ നേടും.
അതേസമയം തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കുന്നതിലൂടെ ബിജെപിക്ക് അധികാരത്തില്‍ എത്താന്‍ സാധിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷമുളള സഖ്യങ്ങളിലൂടെ എന്‍ഡിഎയ്ക്ക് സീറ്റുകളുടെ എണ്ണം 298 വരെ ആയി ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് സി വോട്ടര്‍-ഐഎഎന്‍എസ് സര്‍വ്വേ പറയുന്നത്.
സീറ്റ് നേട്ടത്തില്‍ എന്‍ഡിഎയെക്കാളും വളരെ പിന്നിലാവും യുപിഎ എന്നും സര്‍വ്വേ പ്രവചിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ യുപിഎയ്ക്ക് ലഭിക്കുക 143 സീറ്റുകള്‍ മാത്രമായിരിക്കും. ഇതില്‍ 91 സീറ്റുകള്‍ കോണ്‍ഗ്രസ് തനിച്ച് നേടും. സഖ്യകക്ഷികള്‍ 52 സീറ്റുകളും നേടും.
30.4 ശതമാനമാണ് കോണ്‍ഗ്രസിന് ആകെ ലഭിക്കുന്ന വോട്ട് വിഹിതം. ദേശീയത ഉയര്‍ത്തിപ്പിടിച്ചുളള പ്രചാരണമാണ് തിരഞ്ഞെടുപ്പില്‍ കര്‍ഷക പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും അടക്കമുളള വിഷയങ്ങളെ മറികടക്കാന്‍ ബിജെപിയെ സഹായിക്കുക എന്നും സി വോട്ടര്‍-ഐഎഎന്‍എസ് സര്‍വ്വേ കണ്ടെത്തിയിരിക്കുന്നു.
ബിജെപിക്കെതിരെ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും കൈ കോര്‍ത്തിരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ഇത്തവണ ബിജെപിക്ക് വലിയ തിരിച്ചടി ഉണ്ടാകും. 2014ല്‍ ആകെയുളള 80 സീറ്റുകളില്‍ 73ഉം സ്വന്തമാക്കിയ ബിജെപിക്ക് ഇത്തവണ 28 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളൂ എന്ന് സര്‍വ്വേ ഫലം പറയുന്നു.
അതേസമയം പ്രതിപക്ഷ സഖ്യത്തിന് 52 സീറ്റുകള്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് ലഭിക്കുമെന്നും സി വോട്ടര്‍-ഐഎഎന്‍എസ് സര്‍വ്വേ പ്രവചിക്കുന്നു. സീറ്റുകളുടെ എണ്ണം കുറയുമെങ്കിലും ബിജെപിക്ക് 35.4 ശതമാനം വോട്ട് വിഹിതം ഉത്തര്‍ പ്രദേശിലുണ്ടാകും.
ബീഹാറില്‍ എന്‍ഡിഎയ്ക്ക് 52.6 ശതമാനം വോട്ടുകളും രാജസ്ഥാനില്‍ 50.7 ശതമാനം വോട്ടുകളും ബിജെപി കോട്ടയായ ഗുജറാത്തില്‍ 58.2 ശതമാനം വോട്ടുകളും ലഭിക്കും. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ 48. 1 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ഹരിയാനയില്‍ 42.6 ശതമാനം വോട്ടുകള്‍ നേടാനാവും.
കേരളത്തിലും തമിഴ്‌നാട്ടിലും എന്‍ഡിഎയ്ക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും സര്‍വ്വേയില്‍ പറയുന്നു. അതേസമയം കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടം ബിജെപി കാഴ്ച വെയ്ക്കും. ബിജെപിക്ക് പ്രതീക്ഷയുളളത് സഖ്യത്തില്‍ ഇല്ലാത്ത കക്ഷികള്‍ നേടുന്ന സീറ്റുകളിലാണ്.
ആന്ധ്ര പ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് അടക്കമുളള കക്ഷികളെ തിരഞ്ഞെടുുപ്പിന് ശേഷം കൂടെ നിര്‍ത്തിയാല്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാം. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി 10 സീറ്റുകള്‍ നേടിയേക്കും. മിസോ നാഷണല്‍ ഫ്രണ്ട് ഒരു സീറ്റും ബിജു ജനതാ ദള്‍ 10 സീറ്റും തെലങ്കാന രാഷ്ട്ര സമിതി 16 സീറ്റുകളും നേടും.
ആകെ 37 സീറ്റുകള്‍. ഇവരുമായി തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കിയാല്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം മറികടക്കാം. അങ്ങനെയെങ്കില്‍ ആകെ 298 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കും. ബീഹാറില്‍ ബിജെപി-ജെഡിയു-എല്‍ജെപി സഖ്യം 36 സീറ്റില്‍ വിജയിക്കുമെന്ന് സി വോട്ടര്‍-ഐഎഎന്‍എസ് സര്‍വ്വേ പ്രവചിക്കുന്നു.
ബിജെപി-ശിവസേന സഖ്യം മത്സരിക്കുന്ന മഹാരാഷ്ട്രയില്‍ 14 സീറ്റുകള്‍ ശിവസേന നേടും. ആസാമില്‍ ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് 1 സീറ്റും പഞ്ചാബില്‍ ശിരോമണി അകാലി ദളിന് 1 സീറ്റും ലഭിക്കും. തമിഴ്‌നാട്ടിലെ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ 7 സീറ്റും യുപിയിലെ അപ്നാ ദള്‍ 1 സീറ്റും നേടും. ആകെ 47 സീറ്റുകളാണ് ഇത്തരത്തില്‍ സഖ്യകക്ഷികള്‍ നേടുക.