ചൈനയെ ഒതുക്കാന്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക. ലഡാക്കിലും ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലും നിരന്തരം ഭീഷണിയാകുന്ന ചൈനീസ് സാന്നിദ്ധ്യത്തെ ഓര്‍മ്മിപ്പിച്ചും ഇന്ത്യക്ക് പിന്തുണയുമായും വൈറ്റ്ഹൗസ് രംഗത്തെത്തി. തങ്ങളുടെ തന്ത്രപ്രധാനമായ പങ്കാളിയാണ് ഇന്ത്യയെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
വെറ്റ്ഹൗസ് പുറത്തിറക്കിയ ഇന്തോ-പസഫിക്ക് സ്ട്രാറ്റജിക്ക് റിപ്പോര്‍ട്ടിലാണ് അമേരിക്ക ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചൈനീസ് പെരുമാറ്റം കൊണ്ടും രാഷ്ട്രീയപരമായ ഇടപെടലുകള്‍ കൊണ്ടും ഇന്ത്യ നിരന്തരം ചൈനയില്‍ നിന്നും വെല്ലുവിളി നേരിടുകയാണ്.
ജോ ബൈഡന്‍ പ്രസിഡന്റ് പദവി ഏറ്റെടുത്തശേഷമുളള ആദ്യ ഇന്തോ-പസഫിക്ക് മേഖലാ സ്ട്രാറ്റജിക്ക് റിപ്പോര്‍ട്ടിലാണ് ഇന്ത്യയ്ക്ക് അമേരിക്ക മുന്നറിയിപ്പും പിന്തുണയും നല്‍കുന്നത്. ഇന്തോ-പസഫിക് സമുദ്രമേഖലയില്‍ അമേരിക്കയുടെ സ്ഥാനം ഉറപ്പിക്കാന്‍ ക്വാഡ് സഖ്യത്തില്‍ ഏറ്റവും പ്രബലമായ ഇന്ത്യയെ പിന്തുണയ്ക്കാനും അതുവഴി ഇന്ത്യയുടെ ഉയര്‍ച്ചയ്ക്കും ഒപ്പം നില്‍ക്കാനാണ് പ്രസിഡന്റ് ജോ ബൈഡന് താല്‍പര്യം.
സാമ്പത്തികവും സാങ്കേതികവുമായ സഹകരണം ആഴത്തില്‍ ഉറപ്പിക്കുന്നതിനൊപ്പം പുതിയ മേഖലകളായ ആരോഗ്യം, ബഹിരാകാശം, സൈബര്‍ സ്പേസ് എന്നിവിടങ്ങളിലും സഹകരണമുണ്ടാകും. ദക്ഷിണേഷ്യയിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിലെയും തങ്ങളുടെ സമാന ചിന്താഗതിയുളള രാജ്യങ്ങളില്‍ നേതാവാകുക ഇന്ത്യയാകും എന്നത് തങ്ങള്‍ തിരിച്ചറിയുന്നതായി അമേരിക്ക വ്യക്തമാക്കുന്നു.
മുന്‍ പ്രസിഡന്റ് ട്രംപിന്റേതുള്‍പ്പടെ അമേരിക്കന്‍ ഭരണകൂടങ്ങള്‍ പ്രദേശത്ത് മികച്ച പ്രവര്‍ത്തനമാണ് നടത്തിവന്നതെന്ന് വൈറ്റ്ഹൗസ് പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച ശക്തിയാകാന്‍ ചൈന നടത്തുന്ന സാമ്പത്തിക, നയപര, സൈനിക, സാങ്കേതികവിദ്യാ പരമായ നീക്കങ്ങള്‍ക്കെതിരെയാണ് ക്വാഡ് സഖ്യത്തിലൂടെ ഇന്ത്യയും അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും പ്രവര്‍ത്തിക്കുന്നത്.
ചൈന ഉയര്‍ത്തുന്ന ഭീഷണി ലോകമാകെയുണ്ടെങ്കിലും ഇന്തോ-പസഫിക് മേഖലയില്‍ ഇത് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്.ഓസ്ട്രേലിയയില്‍ സാമ്പത്തികമായ പ്രശ്നങ്ങള്‍ തീര്‍ക്കുന്ന ചൈന ഇന്ത്യയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നു. തായ്വാനിലെ പ്രശ്നങ്ങളും ദക്ഷിണ, കിഴക്കന്‍ ചൈനാ കടലിലെ അയല്‍ക്കാരുമായി പ്രശ്നങ്ങളും ചൈന സൃഷ്ടിക്കുന്നുണ്ട്.