ആക്രമണങ്ങൾക്ക് പിന്നാലെ ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്കാര്‍ക്ക് നേരേയോ അമേരിക്കയുടെ വസ്തുവകകള്‍ക്ക് നേരെയോ ഇറാന്‍ ആക്രമണം നടത്തിയാല്‍ ഇറാന്റെ 52 കേന്ദ്രങ്ങള്‍ തിരിച്ചാക്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘വളരെ വേഗത്തിലും വളരെ ശക്തമായും’ തിരിച്ചടിയുണ്ടാകുമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇറാൻ്റെ ഉന്നത കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിനു പിന്നാലെയാണ് വീണ്ടും ശനിയാഴ്ച ട്വിറ്ററിലൂടെ ട്രംപ് രംഗത്തെത്തിയത്. ഖാസിം സുലൈമാനിയുടെ വധത്തിനു പിന്നാലെ യുഎസ് കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ട്രംപും തിരിച്ചടിച്ചത്.
‘യുഎസ് 52 തന്ത്രപ്രധാന ഇറാന്‍ സൈറ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിലത് ഇറാനും ഇറാന്‍ സംസ്‌കാരത്തിനു തന്നെയും വളരെ പ്രധാനപ്പെട്ടതാണ്. ടെഹ്‌റാന്‍ യുഎസിനെ ആക്രമിച്ചാല്‍ ഇവയെ വളരെ വേഗത്തിലും ശക്തമായും ബാധിക്കും’ ട്രംപ് ട്വീറ്റ് ചെയ്തു. 1979 ല്‍ ഇറാനിലെ യുഎസ് എംബസി വളഞ്ഞ് 52 ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ സംഭവുമായി ബന്ധപ്പെട്ടാണ് 52 ഇറാന്‍ സൈറ്റുകള്‍ക്കു നേരെ തിരിച്ചടിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതെന്നാണ് സൂചന.
യുഎസ് പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 52 പേരെയാണ് ഇറാന്‍ മൗലികവാദി സംഘത്തിന്റെ നേതൃത്വത്തില്‍ ബന്ദികളാക്കിയത്. ഇറാനില്‍ രാഷ്ട്രീയപരവും സൈനികപരവുമായ യാതൊരു തരം ഇടപെടലും യുഎസിന്റെ ഭാഗത്തു നിന്ന് ഉറപ്പു നല്‍കുന്ന ‘അള്‍ജീറിയ പ്രഖ്യാപനത്തില്‍’ ഒപ്പിട്ടതിനെ തുടര്‍ന്നാണ് ബന്ദികളെ മോചിപ്പിച്ചത്.
അതേസമയം ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കു നേരെ റോക്കറ്റ് ആക്രമണം നടന്നിരുന്നു. ഇതിനു പിന്നാലെ യുഎസ് സേന താവളമടിച്ചിരിക്കുന്ന അല്‍-ബലാദ് വ്യോമസേന ക്യാംപിനു നേരെ രണ്ട് റോക്കറ്റാക്രമണവും നടന്നു.