രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടുക സ്വാഭാവികമാണ്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തെങ്കിലും ഒഴിവ്കഴിവുകള്‍ നിരത്തി രക്ഷപ്പെടുകയാണ് എല്ലാവരും ചെയ്യുക. എന്നാല്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ അങ്ങനെയല്ല. ചോദ്യം ചോദിച്ചവര്‍ക്ക് പിന്നീട് ശബ്ദമുയര്‍ത്താനുള്ള അവസരം തന്നെ ഇല്ലാതാക്കുകയാണ് ചെയ്തത്.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് സമ്മേളനങ്ങള്‍ക്ക് സംസ്ഥാനത്തെത്തിപ്പോഴാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായെ ഉത്തരം മുട്ടിച്ച് കരിമ്പ് കര്‍ഷകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഒടുവില്‍ ചോദ്യം ചോദിച്ച കര്‍ഷക നേതാവിന്റെ മൈക്ക് ബലമായി സംഘടകര്‍ പിടിച്ചു വാങ്ങിയാണ് അമിത്ഷായെ രക്ഷിച്ചത്.
കോര്‍പറേറ്റ് കടം എഴുതി തള്ളുകയും കര്‍ഷക കടങ്ങള്‍ എഴുതി തള്ളാതിരിക്കുകയും ചെയ്യുന്ന ബിജെപി നിലപാട് ചോദ്യം ചെയ്ത കര്‍ഷക നേതാവ് സിദ്ധരാമപ്പ ആനന്ദോരാണ് ബിജെപി അധ്യക്ഷനെ നാണംകെടുത്തിയത്.
‘വ്യവസായികളല്ല നിങ്ങളെ അധികാരത്തിലെത്തിച്ചത്, കര്‍ഷകരാണ് അത് നിങ്ങള്‍ മറക്കരുതെന്നും’ സിദ്ധരാമപ്പ അമിത്ഷായെ ഓര്‍മിപ്പിച്ചു. എന്നാല്‍, മറുപടി പറഞ്ഞപ്പോള്‍ കര്‍ഷകര്‍ ഉന്നയിച്ച പ്രധാനപ്പെട്ട ചോദ്യങ്ങളെല്ലാം അമിത് ഷാ വിഴുങ്ങി. തുടര്‍ന്ന് പ്രതിഷേധിച്ച കര്‍ഷകരെ സമാധാനപ്പെടുത്താന്‍ അമിത്ഷാ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തു വന്നു.
ഹംനബാദില്‍ നടത്തിയ യോഗത്തിനിടെയാണ് ബിജെപി അധ്യക്ഷനെ കര്‍ഷകര്‍ നാണംകെടുത്തി വിട്ടത്. ആയിരത്തോളം കര്‍ഷകര്‍ പരിപാടിക്കെത്തിയെങ്കിലും അഞ്ചു പേര്‍ക്ക് മാത്രമാണ് ചോദ്യം ചോദിയ്ക്കാന്‍ അനുവാദം നല്‍കിയത് നല്‍കിയിരുന്നത്.