ഇംഫാല്‍: മണിപ്പൂരിലെ കുക്കി സ്ത്രീകളുടെ നഗ്‌ന വിഡിയോ പകര്‍ത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രി നിരന്തരം സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
വീഡിയോ റെക്കോര്‍ഡ് ചെയ്തതായി ആരോപിക്കപ്പെടുന്ന വ്യക്തിയെ പിടികൂടിയിട്ടുണ്ടെന്നും അത് റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ടെന്നും അടല്‍ അക്ഷയ് ഊര്‍ജ ഭവന്റെ ഓഫീസില്‍ എഡിറ്റര്‍മാരുമായി നടത്തിയ ആശയവിനിമയത്തില്‍ ഷാ പറഞ്ഞു.
അതിനിടെ, സ്ത്രീകളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത കേസ് മണിപ്പൂരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം ഇന്നലെ രാത്രി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും എന്നും മണിപ്പൂരില്‍ നടന്നത് ഹീന കുറ്റകൃത്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്വമേധയാ കേസെടുത്ത് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്.