ഡൽഹി റിസൾട്ട് രാവിലെ 9 മുതൽ ആദ്യ ഫലസൂചനകൾ, ഉച്ചയോടെ പൂ‍ർണചിത്രം ലഭിക്കും.

ന്യു ഡൽഹി: രാജ്യ തലസ്ഥാനത്ത് അരവിന്ദ് കേജ്‌രിവാളിന് അധികാര തുടർച്ചയുണ്ടാകുമോ എന്ന് ഇന്നറിയാം. 21 കേന്ദ്രങ്ങളിൽ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ തുടങ്ങും. 9 മുതൽ ആദ്യ ഫലസൂചനകൾ ലഭ്യമാകും. ഉച്ചയോടെ എല്ലാ മണ്ഡലങ്ങളിലെയും ചിത്രം ലഭിക്കും. വിവിപാറ്റ് റസീപ്‌റ്റും എണ്ണുന്നതിനാൽ അന്തിമ ഫലം വൈകാനിടയുണ്ട്. 2015ൽ 70ൽ 67 സീറ്റിന്റെ മഹാ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ആം ആദ്മി പാർട്ടി അധികാരം നിലനിറുത്തുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.


പൗരത്വ നിയമ ഭേദഗതി അവതരിപ്പിച്ച ശേഷം ആദ്യ തിരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിൽ ബിജെപിക്ക് അധികാരം നഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ രാജ്യതലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിർണായകമാണ്.വോട്ടിംഗ് കേന്ദ്രത്തിൽ കൃത്രിമം നടക്കാനുളള സാധ്യതയുണ്ടെന്ന സംശയത്തെ തുടർന്ന് സ്ട്രോംഗ് റൂമുകൾക്ക് മുമ്പിൽ ആം ആദ്മി പാർട്ടിയുടെ പ്രവർത്തകർ കാവൽ നിൽക്കുന്നുണ്ട്.70 അംഗ നിയമസഭയിൽ ആം ആദ്മിക്ക് ചുരുങ്ങിയത് 56 സീറ്റുകളെങ്കിലും ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആം ആദ്മി 67 സീറ്റുകൾ നേടിയപ്പോൾ ബിജെപി 3 സീറ്റുകൾ നേടി. കോൺഗ്രസ് ഒരു സീറ്റിൽ പോലും വിജയിച്ചില്ല.

ഫെബ്രുവരി എട്ടാം തീയതി നടന്ന വോട്ടെടുപ്പിൽ 62.59 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമായിരുന്നു ഇത്. ദില്ലിയിൽ ഇത്തവണ ആം ആദ്മിയും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. 21 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ദില്ലിയിൽ സജ്ജമാക്കിയിരിക്കുന്നത്.

Top