2021-ൽ ഡിജിറ്റൽ സെൻസസ് നടത്തും; മൊബൈൽ ആപ്പിലൂടെ ജനസഖ്യാ കണക്കെടുപ്പ്; പുതിയ തിരിച്ചറിയൽ കാർഡും വരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നു. മുമ്പത്തെപ്പോലെ വീടുകള്‍ തോറും ഉദ്യോഗസ്ഥര്‍ വന്ന് നേരിട്ട് നടത്തുന്ന കണക്കെടുപ്പ് ആയിരിക്കില്ല. പകരം മൊബൈല്‍ ആപ്പ് വഴിയാകും കണക്കെടുപ്പ് നടത്തുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് അമിത് ഷാ ഇക്കാര്യം പ്രഖ്യാപിച്ചത്.

2021ല്‍ ആയിരിക്കും ഈ ‘ഡിജിറ്റല്‍ സെന്‍സസ്’ നടത്തുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള വിവര ശേഖരണമായിരിക്കും നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ വിവിധോദ്ദേശ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

2021ല്‍ ആണ് ഇനി ജനസംഖ്യാ കണക്കെടുപ്പ് നടക്കാനിരിക്കുന്നത്. വരാനിരിക്കുന്ന സെന്‍സസ് ഡിജിറ്റല്‍ ആക്കുന്നതിലൂടെ കണക്കെടുപ്പ് പ്രക്രിയ കൂടുതല്‍ ലളിതമാക്കാനാണ് ഉദ്ദേശിക്കുന്നത്. അവസാനമായി കണക്കെടുപ്പ് നടന്നത് 2011ല്‍ ആയിരുന്നു. 121 കോടിയായിരുന്നു അന്ന് ഇന്ത്യയിലെ ജനസംഖ്യ.

പേപ്പര്‍ ഉപയോഗിച്ചുള്ള കണക്കെടുപ്പില്‍നിന്ന് ഡിജിറ്റല്‍ രീതിയിലേയ്ക്ക് മാറും. വിവര ശേഖരണത്തിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മിക്കും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ആപ്ലിക്കേഷന്‍ തദ്ദേശീയമായി വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആധാര്‍, പാസ്‌പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. മരണം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും പുതായി ക്രമീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

2021ലെ സെന്‍സസിന്റെ ഭാഗമായി ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കും. ഒബിസി വിഭാഗത്തിന്റെ കണക്കെടുപ്പും അടത്തു സെന്‍സസില്‍ ഉണ്ടാകും. 12,000 കോടിയാണ് ഡിജിറ്റല്‍ സെന്‍സസിനായി നീക്കിവെക്കുന്നത്.

Top