അഞ്ച് പ്രമുഖര്‍ ബിജെപിയിൽ ചേർന്നു; വന്നവർക്ക് ജനസ്വാധീനം കമ്മി; കടുത്ത നിരാശയില്‍ ബിജെപി ക്യാമ്പ്

ശബരിമല വിഷയം ഏറ്റെടുത്ത് കത്തിച്ചിട്ടും ബിജെപിയിലേക്ക് ജനസ്വാധീനമുള്ള ഒരാളെപ്പോലും കൊണ്ടുവരാനാകാത്തതില്‍ അമിത ഷായ്ക്ക് അതൃപ്തി. കഴിഞ്ഞ ദിവസം അഞ്ച് പ്രമുഖരാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും പറയത്തക്ക ജനസ്വാധീനം ഇല്ലെന്നതാണ് സത്യം. കേരളത്തില്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഫലമുണ്ടാകാത്തതിന്റെ നിരാശ ബിജെപി കേന്ദ്രത്തിലാകെ നിഴലിക്കുന്നുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ജി. രാമന്‍ നായര്‍ ഉള്‍പ്പെടെ അഞ്ചു പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നുവെങ്കിലും ഇവരാരും ജനസ്വാധീനമുള്ള നേതാക്കളല്ല. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍, വനിതാ കമ്മിഷന്‍ മുന്‍ അംഗം ജെ.പ്രമീളാദേവി, മലങ്കര സഭാംഗം സി. തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ എന്നിവരാണ് പാര്‍ട്ടി അംഗത്വമെടുത്തത്. ഇതില്‍ രാമന്‍നായരും മാധവന്‍ നായരും ഏറെ നാളായി ബിജെപിക്കൊപ്പമാണ്. മാധവന്‍ നായരുടെ പേര് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പോലും ബിജെപിക്കൊപ്പമുണ്ടായിരുന്നു. അറിയപ്പെടുന്ന ബിജെപിക്കാരനായി മാറിയിരുന്നവരാണ് ഇപ്പോള്‍ വീണ്ടും അംഗത്വമെടുക്കുന്നത്. തോമസ് ജോണും കരകുളം ദിവാകരനും കേരളീയ സമൂഹത്തില്‍ ഇതുവരെ ചര്‍ച്ച ചെയ്യാത്ത പേരുകാരുമാണ്. അതുകൊണ്ട് തന്നെ ആരേയും ഞെട്ടിക്കുന്ന പേരുകാരാരും ഇന്നലേയും ബിജെപിയില്‍ ചേര്‍ന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയില്‍ ചേര്‍ന്നവരെ അമിത്ഷാ ഇവരെ ഷാള്‍ അണിയിച്ച് സ്വാഗതം ചെയ്തു. ഉചിതമായ സ്ഥാനം നല്‍കുമെന്ന് അമിത് ഷാ രാമന്‍ നായര്‍ക്ക് ഉറപ്പുനല്‍കി. ശബരിമല വിഷയം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരിലാണ് കോണ്‍ഗ്രസില്‍ നിന്നും തനിക്കു ശിക്ഷയുണ്ടായതെന്നും ക്ഷേത്രവിഷയത്തില്‍ ഉറച്ച നിലപാടുകളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അമിത് ഷായെ അറിയിച്ചു. ശബരിമല സമരം കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അമിത് ഷാ സംസ്ഥാന നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.

കാസര്‍ഗോഡ് മുതല്‍ പമ്പ വരെ രഥയാത്ര നടത്താന്‍ സംസ്ഥാന നേതൃത്വം അനുമതി തേടിയിട്ടുണ്ട്. പന്തളത്തുനിന്നും തിരുവനന്തപുരത്തേക്കു നടത്തിയ ലോംങ് മാര്‍ച്ച് വലിയ വിജയമായെന്നു നേതാക്കള്‍ അറിയിച്ചു. എന്‍ഡിഎയിലേക്ക് ജാനുവിനെ തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതകള്‍ ദേശീയ അധ്യക്ഷന്‍ ആരാഞ്ഞു. ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്ക് പരമാവധി തടയണമെന്നാണു നിര്‍ദേശം. എസ്എന്‍ഡിപിയെക്കൂടി ശബരിമല സമരത്തില്‍ സജീവമായി പങ്കെടുപ്പിക്കണമെന്ന നിര്‍ദേശവും അമിത് ഷാ നല്‍കി.

ലോക്‌സസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെപ്പറ്റി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പിഎസ്. ശ്രീധരന്‍ പിള്ള, വി.മുരളീധരന്‍ എംപി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവരുമായി ചര്‍ച്ച നടത്തി. ഇന്നു രാവിലെ 9നു ഡല്‍ഹിക്കു മടങ്ങും. അമിത്ഷായുമായി മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. സെന്‍കുമാറിനെ കൂടാതെ പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ,നാരായണ വര്‍മ എന്നിവരും അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തി.

Top