കൊച്ചി: നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ കൃത്യമായ നിലപാടില്ലാതെ കുഴങ്ങുന്ന താരസംഘടനയായ എഎംഎംഎ മുഖം മിനുക്കാന്‍ നടത്തിയ പണിപാളി. സംഘടനയിലെ ഭാരവാഹികളായ ഹണി റോസിനെയും രചന നാരായണന്‍കുട്ടിയെയും കേസില്‍ കക്ഷി ചേര്‍ക്കാനുള്ള ശ്രമമാണ് നടിയുടെ ഇടപെടലിലൂടെ പാളിയത്.
ഇരുവരും കേസില്‍ കക്ഷി ചേരുന്നതിനെ നടി എതിര്‍ത്തു. നടിയുടെ എതിര്‍പ്പിനെ അവഗണിച്ച് മുന്നോട്ടുപോകാന്‍ എഎംഎംഎ ഭാരവാഹികള്‍ക്ക് കഴിയില്ല. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിലാണ് ഇരുവരും കക്ഷി ചേരാനിരുന്നത്. 25 വര്‍ഷം പരിചയമുള്ളവരെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മറ്റുള്ളവരുടെ പിന്തുണ കേസില്‍ ആവശ്യമില്ലെന്ന നിലപാടിലാണ് ആക്രമിക്കപ്പെട്ട നടി. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കേസ് നന്നായി നടത്തുന്നുണ്ടെന്നും പ്രോസിക്യൂട്ടറെ നിയമിച്ചത് തന്നോട് ആലോചിച്ചാണെന്നും നടി വ്യക്തമാക്കി.
അതേസമയം ആക്രമണത്തിനിരയായ നടിയോട് ആലോചിച്ച ശേഷമാണ് പബ്ലിക് പ്രോസിക്യൂട്ടറെ തീരുമാനിച്ചതെന്നും അതിനാല്‍ മാറ്റേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആക്രമണത്തിനിരയായ നടി ഇപ്പോള്‍ താരസംഘടനയുടെ ഭാഗമല്ല. പിന്നെയെന്തിനാണ് അവര്‍ ഇത്തരമൊരു ആവശ്യമുന്നയിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദിച്ചു.