താരസംഘടനയില്‍ ആഭ്യന്തരകലാപം: മോഹന്‍ലാല്‍ രാജി ഭീഷണി മുഴക്കി; നടിക്കായി നിലപാടെടുത്തില്ലെങ്കില്‍ സംഘടന നശിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് എഎംഎംഎയില്‍ കലാപം. കേസില്‍ കക്ഷി ചേരാനുള്ള ശ്രമം നടത്തിയത് കലാപം ശമിപ്പിക്കാന്‍ വേണ്ടിയായിരുന്നെന്നും റിപ്പോര്‍ട്ട്. നടിക്കൊപ്പമാണ് സംഘടനയെന്ന് ഭാരവാഹികള്‍ ആവര്‍ത്തിച്ചു പറയുകമാത്രമാണ് ചെയ്യുന്നതെന്നും നിലപാടുകള്‍ അത്തരത്തിലുള്ളതല്ലെന്നും അകത്ത് വിമര്‍ശനമുയര്‍ന്നു. കലഹം വലുതായി മോഹന്‍ലാല്‍ രാജി ഭീഷണി മുഴക്കുന്നതുവരെ എത്തി.

നാല് നടിമാര്‍ രാജിവച്ചതോടെ മുഖം നഷ്ടപ്പെട്ട എഎംഎംഎ കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തെ പിന്തുണച്ച് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു, എന്നാല്‍ ഈ കത്ത് കേസിലെ എട്ടാം പ്രതിയായ ദിലീപിനെ അനുകൂലിക്കുന്ന വിഭാഗം ഇടപെട്ട് പൂഴ്ത്തിയിരുന്നു. ഇത് മോഹന്‍ലാലിനെ ചൊടിപ്പിച്ചു. മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനുള്ള തന്റെ തീരുമാനം അട്ടിമറിക്കപ്പെട്ടതില്‍ മോഹന്‍ലാല്‍ കടുത്ത അതൃപ്തിയിലായിരുന്നു. ഒരു കുറ്റവും ചെയ്തിട്ടില്ലെങ്കില്‍ ദിലീപ് പേടിക്കുന്നത് എന്തിനാണെന്നും എല്ലാ കാര്യങ്ങളിലും അട്ടിമറി നീക്കം നടത്തുന്നത് എന്തിനാണെന്നും മോഹന്‍ലാല്‍ ഒരവസരത്തില്‍ ക്ഷുഭിതനായി ചോദിക്കുകയും ചെയ്തു. ഇങ്ങനെയാണെങ്കില്‍ താന്‍ തുടരില്ലെന്നും രാജിവയ്ക്കുകയാണെന്നും മോഹന്‍ലാല്‍ ഭീഷണി മുഴക്കി. ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇടപെട്ട് ഏറെനേരം പണിപ്പെട്ടാണ് മോഹന്‍ലാലിനെ അനുനയിപ്പിച്ചത്.

പ്രത്യക്ഷമായ നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചില്ലെങ്കില്‍ സംഘടന നശിക്കുമെന്നും താനടക്കമുള്ള സിനിമാ താരങ്ങളുടെ പ്രതിച്ഛായ സമൂഹത്തില്‍ മോശമാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. പുതിയ എക്‌സിക്യുട്ടീവിലെ ചില അംഗങ്ങളും നടിക്ക് അനുകൂലമായി നിലപാടെടുത്തു. ഇതോടെയാണ്, ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം നിന്നില്ലെന്ന വിമര്‍ശനത്തില്‍ നിന്ന് മുഖം രക്ഷിക്കുന്നതിന് വേണ്ടി നടിയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായ ഹണി റോസും രചന നാരായണന്‍ കുട്ടിയും തയ്യാറായത്.

എഎംഎംഎ സര്‍ക്കാരിന് കൊടുക്കാന്‍ ഉദ്ദേശിച്ച കത്ത് പൂഴ്ത്തിയതിന് പിന്നില്‍ സര്‍ക്കാരില്‍ സ്വാധീനമുള്ള മുതിര്‍ന്ന ഭാരാവാഹിയാണെന്നാണ് സൂചന. കത്ത് മുഖ്യമന്ത്രിയുടെ കൈവശം എത്താതിരിക്കാന്‍ ആ വ്യക്തി തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു. കത്ത് പൂഴ്ത്തിയതോടെയാണ് ഹൈക്കോടതിയില്‍ നടിയുടെ ഹര്‍ജിയെ പിന്തുണയ്ക്കുക എന്ന ആശയം ഉയര്‍ന്നത്. ഇതിലൂടെ നടിക്കൊപ്പമാണ് എഎംഎംഎയെന്ന സന്ദേശവും നല്‍കാമെന്ന് സംഘടന കണക്കുകൂട്ടി. മോഹന്‍ലാലും ഇതിനെ പിന്തുണച്ചു. നിയമബിരുദമുള്ള മറ്റൊരു എക്‌സിക്യുട്ടീവ് അംഗമാണ് കക്ഷി ചേരാനുള്ള അപേക്ഷ തയ്യാറാക്കിയത്. മുതിര്‍ന്ന അഭിഭാഷകരുടെ നിര്‍ദ്ദേശപ്രകാരമാണ് 25 വര്‍ഷം പരിചയ സമ്പത്തുള്ള അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, സ്വന്തം നിലയ്ക്ക് കേസ് നടത്താനാവുമെന്നും മറ്റു പിന്തുണ വേണ്ടെന്നും വ്യക്തമാക്കിയ യുവനടി ഇവര്‍ കക്ഷി ചേരുന്നതിനെ കോടതിയില്‍ എതിര്‍ക്കുകയാണ് ചെയ്തത്. നടി അമ്മയില്‍ അംഗമല്ല. അതിനാല്‍ ഹര്‍ജിക്കാരികളെ കക്ഷിയാക്കേണ്ടതില്ല. കൂടുതല്‍ ആളുകള്‍ എത്തിയാല്‍ സിനിമ വിജയിക്കും. പക്ഷേ, കൂടുതലാളുകള്‍ കക്ഷിയാകുന്നതു കൊണ്ട് കേസില്‍ ഗുണമുണ്ടാവില്ലെന്നും വാദിച്ചു. ഈ വാദത്തോട് സര്‍ക്കാരും യോജിച്ചു. 32 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയോഗിച്ചത് നടിയോട് ആലോചിച്ചിട്ടാണ്. ഈ അഭിഭാഷകനെ മാറ്റി 25 വര്‍ഷം പരിചയമുള്ളയാളെ പ്രോസിക്യൂട്ടറാക്കണമെന്ന് കക്ഷി ചേരാനെത്തിയവര്‍ ആവശ്യപ്പെടുന്നത് ഒന്നുമറിയാത്തതു കൊണ്ടോ കൂടുതല്‍ അറിയുന്നതു കൊണ്ടോ ആവാമെന്ന് അഭിഭാഷകന്‍ വാദിച്ചു. സര്‍ക്കാര്‍ നിയോഗിച്ച പ്രോസിക്യൂട്ടറുടെ കാര്യത്തില്‍ വിയോജിപ്പില്ലെന്നും വ്യക്തമാക്കി. കക്ഷി ചേരാനെത്തിയവര്‍ക്ക് എന്താണ് കേസില്‍ താത്പര്യമെന്ന് കോടതിയും വാക്കാല്‍ ചോദിച്ചിരുന്നു.

Latest
Widgets Magazine