അമ്മ പിളര്‍പ്പിലേക്ക്!!! നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വാഗ്വാദങ്ങളില്‍ രണ്ട് പക്ഷം

കൊച്ചി: താര സംഘടനയായ എഎംഎംഎയില്‍ ഭിന്നത. നടി ആക്രമിക്കപ്പെടതുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടാകുന്ന അവസരമാണിത്. നടിയുടെ പക്ഷത്ത് നിലകൊള്ളുന്നതിനാണ് ഡബ്ല്യുസിസി എന്ന പുതിയ വനിത സംഘടന തന്നെ നിലവില്‍ വന്നത്. ഇത്തരത്തില്‍ പുതിയ തരത്തിലുള്ള വാഗ്വാദങ്ങളും പോര്‍വിളികളും നടക്കുന്ന സാഹചര്യത്തിലാണ് എഎംഎംഎ എന്ന സംഘടന തന്നെ പിളര്‍ത്തുന്നതിനുള്ള സാഹചര്യം ഒരുങ്ങുന്നത്.

താരംസഘടനയുമായി ബന്ധപ്പെട്ട് ജഗദീഷ് നടത്തിയ പത്രക്കുറിപ്പാണ് പ്രശ്‌നങ്ങള്‍ക്ക് ആക്കംകൂട്ടിയിരിക്കുന്നത്. അമ്മ ജനറല്‍ ബോഡി വിളിക്കാന്‍ ആലോചനയുണ്ടെന്ന് കാണിച്ച് പുറത്തുവിട്ട പത്രക്കുറിപ്പിനെ കുറിച്ച് അറിയില്ലെന്ന് അമ്മ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. ജഗദീഷ് ഖജാന്‍ജി മാത്രമാണ്. ഔദ്യോഗിക വക്താവ് സ്ഥാനം അദ്ദേഹത്തിന് ഉണ്ടോയെന്ന് തനിക്കറിയില്ല. മോഹന്‍ലാല്‍, ഇടവേള ബാബു തുടങ്ങി അമ്മയുടെ മറ്റ് ഭാരവാഹികളുമായി സംസാരിച്ചശേഷമാണ് താന്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ജഗദീഷിന്റെ പത്രക്കുറിപ്പിനെ കുറിച്ച് തനിക്കറിയില്ലെന്നും താന്‍ നടത്തിയതയാണ് അമ്മയുടെ ഔദ്യോഗിക വാര്‍ത്താസമ്മേളനമെന്നും സിദ്ദിഖ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിദ്ദിഖ് വാര്‍ത്താസമ്മേളനം വിളിക്കുന്നതിന് മുന്‍പാണ് ജഗദീഷ് പത്രക്കുറിപ്പ് ഇറക്കിയത്. ഡബ്ല്യൂസിസി ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വൈകാതെ ജനറല്‍ ബോഡി വിളിക്കുമെന്നും ദിലീപ് രാജിവച്ചത് സംഘടനയിലെ ഒരു വിഭാഗം മാത്രമാണ് അറിഞ്ഞിരിക്കുന്നതെന്നുമായിരുന്നു പത്രക്കുറിപ്പിന്റെ ഉള്ളടക്കം. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോട് ചര്‍ച്ച ചെയ്താണ് പത്രക്കുറിപ്പ് ഇറക്കിയതെന്ന് ജഗദീഷ് മറുപടി നല്‍കി. സിദ്ദിഖ് അടക്കമുള്ള ഭാരവാഹികള്‍ക്ക് അത് അയച്ചുകൊടുത്തിരുന്നു. എന്തുകൊണ്ടാണ് സിദ്ദിഖ് തിരിച്ചുപറഞ്ഞതെന്ന് അറിയില്ല. ഇതിനെകുറിച്ച് അച്ചടക്കമുള്ള അംഗം എന്ന നിലയില്‍ സിദ്ദിഖിന് വ്യക്തിപരമായ മറുപടി നല്‍കുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കി.

സിദ്ദിഖ് പറയുന്നതാണോ ജഗദീഷ് പറയുന്നതാണോ അമ്മയുടെ ഔദ്യോഗിക നിലപാട് എന്ന് സംഘടന വ്യക്തമാക്കണമെന്ന് നടി പാര്‍വ്വതി. ആരുടെ പ്രസ്താവനയോടാണ് തങ്ങള്‍ പ്രതികരിക്കേണ്ടത്. അമ്മ തങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് അമ്മ മറുപടി നല്‍കിയിട്ടില്ല. ഡബ്ല്യൂസിസിക്ക് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന സിദ്ദിഖിന്റെ ആരോപണത്തെ ചിരിച്ചുതള്ളുന്നുവെന്നും പാര്‍വ്വതി വ്യക്തമാക്കി.

ഇതിനിടെ, അമ്മയുടെ പേരില്‍ വാര്‍ത്താക്കുറിപ്പിറക്കാന്‍ ആരാണ് ചുമതലപ്പെടുത്തിയതെന്ന നടന്‍ സിദ്ദിഖിന്റെ ചോദ്യത്തിന് മറുപടിയുമായി ജഗദീഷ് രംഗത്തെത്തി. താന്‍ അമ്മയുടെ വക്താവ് തന്നെയാണെന്നും,പ്രസിഡന്റ് മോഹന്‍ലാലിനോട് ചര്‍ച്ച ചെയ്തതിന് ശേഷം തന്നെയാണ് വാര്‍ത്താക്കുറിപ്പിറക്കിയതെന്നും ജഗദീഷ് പറഞ്ഞു. സിദ്ദിഖടക്കം എല്ലാ ഭാരവാഹികള്‍ക്കും ഇതയച്ച് നല്‍കിയിരുന്നു. അച്ചടക്കമുള്ള അംഗമെന്ന നിലയില്‍ താന്‍ കൂടുതല്‍ പറയുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കി.

എന്നാല്‍ ഇതിലൊന്നും ഇടപെടാതെ നില്‍ക്കുന്ന ഒരുകൂട്ടം പുതുമുഖ നടന്മാരുടെ ഇടപെടലുകള്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ പിന്നിലുണ്ടെന്ന് സംശയിക്കുന്നു. കൃത്യമായി നിലപാടെടുത്ത പുതുമുഖ നടന്മാരിലെ പ്രധാനികള്‍ രണ്ട് ദിവസമായി നടക്കുന്ന സംഭവങ്ങളില്‍ നിലപാട് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സമൂഹത്തില്‍ പലരീതിയില്‍ ഉയര്‍ന്നുവരുന്ന പുതിയ രാഷ്ട്രീയ കാഴച്ചപ്പാടുകള്‍ ഉള്‍ക്കൊണ്ടുനില്‍ക്കുന്നവരാണ് അവര്‍. ഇത്തരത്തില്‍ നൂററാണ്ടുകളുടെ പഴക്കമുള്ള പുരുഷാദിപത്യ കാഴച്ചപ്പാടുകളെ വകവച്ചുകൊടുക്കുന്ന സംവിധാനത്തിന്റെ കൂടെ നില്‍ക്കാന്‍ ജാള്യതയുണ്ടെന്ന് പുതുമുഖ നായകരില്‍ പലരും തുറന്ന് പറഞ്ഞുകഴിഞ്ഞു.

Top