അമ്മയെന്നാല്‍ ഒരാളുടെ മാത്രം അമ്മയാകരുത്; എല്ലാ മക്കള്‍ക്കും അമ്മയാകണമെന്ന് നടന്‍ സലിംകുമാര്‍

SALIM-KUMAR1

കൊച്ചി: താരങ്ങള്‍ പ്രചരണത്തിനിറങ്ങിയതില്‍ പ്രതിഷേധിച്ച് നടന്‍ സലിംകുമാര്‍ എത്തിയത് അമ്മയില്‍ പോരിന് കളമൊരുങ്ങി. മിക്ക താരങ്ങളും സലിംകുമാറിന് എതിരായപ്പോള്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് താരം ചെയ്തത്. താരങ്ങള്‍ പ്രചാരണത്തിന് പോകരുതെന്ന നിര്‍ദേശം അമ്മ നല്‍കിയിട്ടില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞപ്പോള്‍ ഈ പരാമര്‍ശം പച്ചക്കള്ളമാണെന്നാണ് സലിംകുമാര്‍ പറഞ്ഞത്.

അമ്മയെന്നാല്‍ ഒരാളുടെ മാത്രം അമ്മയാകരുത്. എല്ലാ മക്കള്‍ക്കും അമ്മയാകണമെന്നും സലിംകുമാര്‍ പറയുന്നു. താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെക്കുന്നതായി അറിയിച്ച് അമ്മ ജനറല്‍ സെക്രട്ടറി മമ്മൂട്ടിക്ക് അയച്ച കത്തിലാണ് സലിംകുമാര്‍ ഇങ്ങനെ പറയുന്നത്. ഈ വരികള്‍ കൂടാതെ ഇതെന്റെ രാജിക്കത്തായി സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥന മാത്രമാണ് സലിംകുമാറിന്റെ രാജിക്കത്തിലുള്ളത്. വാട്സ്ആപ്പ് വഴിയാണ് മമ്മൂട്ടിക്ക് രാജിക്കത്ത് നല്‍കിയത്.

ഇക്കാര്യത്തില്‍ മമ്മൂട്ടിയില്‍ നിന്നും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് സലിംകുമാര്‍ അറിയിച്ചു. പത്തനാപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബി ഗണേഷ്‌കുമാറിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ നടന്‍ മോഹന്‍ലാല്‍ പോയതില്‍ പ്രതിഷേധിച്ചാണ് സലിംകുമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചത്. താരപോരാട്ടം നടക്കുന്ന പത്തനാപുരത്ത് താരങ്ങള്‍ പ്രചാരണത്തിനുവേണ്ടി പോകരുതെന്ന് അമ്മ നിര്‍ദേശിച്ചിരുന്നു എന്നും മോഹന്‍ലാല്‍ ഇതു ലംഘിച്ചെന്നും ആരോപിച്ചാണ് സലിംകുമാര്‍ രാജിവെച്ചത്.

Top