കൊച്ചി: താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നു. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. യോഗം വിളിക്കമെന്ന് രേവതിയടക്കം മൂന്ന് നടിമാര്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത നടപടിയടക്കം ചര്‍ച്ചയാകുന്നുവെന്നാണ് വിവരം. നടിമാരുടെ രാജിക്ക് ശേഷം വരുന്ന ആദ്യ എക്‌സിക്യൂട്ടീവ് യോഗമാണിത്. അതേസമയം തീരുമാനങ്ങള്‍ വ്യക്തമാക്കാന്‍ 12 മണിക്ക് മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണും.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട കലാപം ശമിപ്പിക്കാനാണ് അമ്മയുടെ നീക്കം. ലണ്ടനില്‍ ഷൂട്ടിങ്ങിലായിരുന്ന പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയതോടെയാണ് യോഗം ചേര്‍ന്നത്. ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടി, രമ്യ നമ്പീശന്‍, റിമ കല്ലിങ്ങല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ രാജിവച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി നടിമാര്‍ അവര്‍ക്ക് പിന്തുണയുമായെത്തുകയും ചെയ്തു.
രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരാണ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചയ്ക്ക് വഴി തുറന്നത്. തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്ക് തയാറാണെന്ന് മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.