അന്നത്തെ ‘ഇടി’വെട്ട് താരം ഇന്ന് പവര്‍ സ്റ്റാര്‍…

തിരുവനന്തപുരം: ആറു വര്‍ഷം മുമ്പ് തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ വെച്ച് തന്നെ ശല്യം ചെയ്തയാളെ ‘കൈകാര്യം’ ചെയ്ത അമൃതയെ ഇന്ന് ചിലര്‍ക്ക് മാത്രമേ ഓര്‍മ്മ കാണുള്ളൂ.. 2012 ഫെബ്രുവരി 14ന് രാത്രി ബേക്കറി ജംഗ്ഷനില്‍ വച്ചായിരുന്നു ആ ഇടി. വീട്ടുകാരോടൊപ്പം തട്ടുകടയില്‍ ആഹാരം കഴിക്കാന്‍ പോയപ്പോള്‍ ഒരാള്‍ ചെറുതായിട്ടൊന്നുരസി. ചോദ്യം ചെയ്തപ്പോള്‍ തട്ടിക്കയറി.പിന്നെ, ഒന്നും ആലോചിച്ചില്ല എടുത്തിട്ടങ്ങ് പെരുമാറി. അന്നത്തെ ആക്ഷന്‍ ഹീറോയിന്‍ അമൃത ഇന്ന് രാജ്യത്തിന്റെ അഭിമാനമായ പവര്‍ ലിഫ്റ്രിംഗ് താരമാണ്.

കളരിയും കരാട്ടയും മാത്രമല്ല സംഗീതത്തേയും ഒപ്പംകൂട്ടി കോളേജ് പഠനം പൂര്‍ത്തിയാക്കിയ അമൃത ദുബായില്‍ നടന്ന ഏഷ്യന്‍ ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയാണ് ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്നത്. മൂന്നു വയസുമുതല്‍ കളരിപ്പയറ്റ് പഠിക്കുന്ന അമൃത കഴിഞ്ഞ വര്‍ഷം കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റില്‍ ഫിഫ്ത്ത്ത് സ്റ്റേജും നേടി. പവര്‍ലിഫ്ടിംഗില്‍ എത്തിപ്പെട്ടത് യാദൃച്ഛികമായി. ലാ കോളേജില്‍ പഠിക്കുമ്പോള്‍ കേരള യൂണിവേഴ്‌സിറ്റി പവര്‍ലിഫ്ടിംഗ് മത്സരത്തില്‍ പങ്കെടുക്കാമോയെന്ന് അദ്ധ്യാപകന്‍ ചോദിച്ചപ്പോള്‍ ‘യെസ്’പറയുകയായിരുന്നു.105 കിലോഗ്രാമായിരുന്നു ശരീരഭാരം.മത്സരിച്ചത് 84 പ്‌ളസ് വിഭാഗത്തില്‍. ഒന്നാം സമ്മാനത്തോടെ 2016-17 ലെ ഇന്റര്‍യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കാശീപൂരിലെത്തി.പക്ഷേ, ഭാരക്കൂടുതല്‍ കാരണം മെഡല്‍ നഷ്ടപ്പെട്ടു. അമൃത ഉയര്‍ത്തിയ ഭാരം തന്നെയാണ് വെങ്കലം കിട്ടിയ മത്സരാര്‍ത്ഥിയും ഉയര്‍ത്തിയത്. അങ്ങനെ വരുമ്പോള്‍ ശരീരഭാരം കൂടി കണക്കിലെടുക്കും. ഭാരം നോക്കിയപ്പോള്‍ അമൃത -105. മറ്റേയാള്‍ 104.8.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

amrutha 1

അടുത്ത തവണത്തെ മത്സരത്തിന് അമൃത 68 കിലോഗ്രാമിലേക്ക് മെലിഞ്ഞു. ഈ വര്‍ഷം ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 68-72 കിലോ വിഭാഗത്തില്‍ വെങ്കലമെഡല്‍ സ്വന്തമാക്കി. ദുബായില്‍ മത്സരത്തിനിറങ്ങിയതും യാദൃച്ഛികമായി.ചാമ്പ്യന്‍ഷിപ്പ് മീറ്റ് രജിസ്‌ട്രേഷന്‍ വിഭാഗത്തിലെ ചുമതലക്കാരിയായിട്ടാണ് ദുബായില്‍ എത്തിയത്. ഇന്ത്യന്‍ ടീമുമായി എത്തിയ ഇന്ത്യന്‍ പവര്‍ലിഫ്ടിംഗ് ഫെഡറേഷന്റെയും ഏഷ്യന്‍ പവര്‍ ലിഫ്ടിംഗ് ഫെഡറേഷന്റെയും പ്രസിഡന്റ് രാജേഷ് തിവാരിയാണ് അമൃതയെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയത്. അവിടെ വെള്ളി നേടി രാജ്യത്തിന്റെ യശസ്സുയര്‍ത്തി. പെരുന്താന്നി ശ്രേയസ് അപ്പാര്‍ട്ട്‌മെന്റില്‍ മോഹന്‍കുമാറിന്റെയും ഇന്ദുലേഖയുടെയും മകളായ അമൃത നല്ലൊരു ഡ്രമ്മിസ്റ്റും കീബോര്‍ഡ് ആര്‍ട്ടിസ്റ്റും കൂടിയാണ്.

amrutha

Top