തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം.മണി നേരിട്ടു ഹാജരാകണമെന്ന് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി.ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനടക്കമുള്ള മുഴുവന്‍ പ്രതികളും നിര്‍ബന്ധമായും ഹാജരാകണം. കേസ് ജൂണ്‍ എഴിന് വീണ്ടും പരിഗണിക്കും. കേസ് പരിഗണിച്ച അഞ്ചുതവണയും പ്രതികള്‍ ഹാജരായിരുന്നില്ല.
വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം മണിക്കെതിരെയുളള കേസ് കോടതി നേരത്തെ തളളിയിരുന്നു. ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് 2012 മേയ് 25ന് ഇടുക്കിയിലെ തൊടുപുഴക്കടുത്ത് മണക്കാട് നടത്തിയ മണിയുടെ ‘വണ്‍ റ്റു ത്രീ ‘ പ്രസംഗം ഏറെ വിവാദമായിരുന്നു. അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ വധക്കേസ് സംബന്ധിച്ചായിരുന്നു മണിയുടെ പ്രസംഗം. ദേശീയതലത്തില്‍ തന്നെ പ്രസംഗം വിവാദമാകുകയും സിപിഐഎം ഏറെ പ്രതിരോധത്തില്‍ ആകുകയും ചെയ്തിരുന്നു ഈ വിഷയത്തില്‍.
തുടര്‍ന്ന് അഞ്ചേരി ബേബി വധക്കേസ് പുനരന്വേഷണത്തില്‍ മണിയെ പ്രതിചേര്‍ക്കുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. ഇതോടെ ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട മണി ജയില്‍വാസത്തിന് ശേഷമാണ് ഇടുക്കിയില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മണിയെ തെരഞ്ഞെടുത്തത്. പിന്നാലെ ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് മന്ത്രിസഭയിലുണ്ടായ അഴിച്ചുപണിയില്‍ എം.എം മണിയെ വൈദ്യുതി മന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്നും പ്രസംഗത്തിന്റെ പേരില്‍ ഏറെ വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു മന്ത്രി മണി