കൊച്ചി: സൗന്ദര്യ ആരാധകരുടെ ഹൃദയം കവർന്ന അന്‍സി കബീര്‍,അഞ്ജന ഷാജന് എന്നീ പെൺകുട്ടികളുടെ ദാരുണാന്ത്യത്തിൽ ഞെട്ടലിലാണ് കേരളത്തിലെ ആരാധകരും. മിസ് കേരള 2019 അന്‍സി കബീര്‍, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജന് എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം വൈറ്റിലയിൽ വച്ച് ബൈക്കിൽ ഇടിച്ച ഇവരുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.മുന്‍ മിസ് കേരളയടക്കം മൂന്ന് പേര് വാഹനാപകടത്തില്‍ മരിച്ച കേസില്‍ സംഭവദിവസം ഇവരെ പിന്തുടര്‍ന്ന ആഡംബരക്കാറിന്റെ ഡ്രൈവര്‍ സൈജു എം. തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍നിന്ന് മയക്കുമരുന്ന് ഇടപാടുകള്‍ സംബന്ധിച്ചു നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ലഭിച്ചു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ കോള്‍ ഡീറ്റെയില്‍സ് റിക്കാര്‍ഡ്സ് (സിഡിആര്‍) അന്വേഷണ സംഘം പരിശോധിക്കും.ഇയാളെ ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അമിതവേഗതയ്ക്ക് പ്രേരണയുണ്ടാക്കി, ദുരുദ്ദേശ്യത്തോടെ മരിച്ചവരുടെ വാഹനത്തെ പിന്തുടര്ന്നു തുടങ്ങിയ കുറ്റങ്ങളാണ് ഇയാളുടെ പേരില്‍ ചുമത്തപ്പെട്ടിട്ടുള്ളത്.
നോട്ടീസ് നല്കി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 10.30ഓടെ രണ്ട് അഭിഭാഷകര്‍ക്കൊപ്പം കളമശേരി മെട്രോ പേലീസ് സ്റ്റേഷനില്‍ സൈജു ഹാജരായിരുന്നു.മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വൈകിട്ടോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൈജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. അതേസമയം സൈജുവിനെ ഇന്ന് ഡിജെ പാർട്ടി നടന്ന നന്പർ 18 ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.അറസ്റ്റിലായ സൈജു ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലില്‍ മാസത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും എത്താറുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു.ഇന്റീരിയര്‍ ഡിസൈനറായി പ്രവര്‍ത്തിക്കുന്ന സൈജു ഹോട്ടലുടമ റോയി ജോസഫ് വയലാട്ടിന്റെ വിശ്വസ്തനായ കൂട്ടുകാരനായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന വിവരം.ഇയാള്‍ ഡിജെ പാര്‍ട്ടി നടക്കുന്ന ദിവസങ്ങളില്‍ ഹോട്ടലില്‍ എത്തിയിരുന്നത് ലഹരി വസ്തുക്കള്‍ കൈമാറാനായിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അന്‍സി ഉള്‍പ്പെടെയുള്ളവരെ ആഫ്റ്റര്‍ പാര്‍ട്ടിക്ക് സൈജു നിര്‍ബന്ധിച്ചതായും കണ്ടെത്തിയിരുന്നു.ഇതിന് താല്പര്യമില്ലെന്ന് അവര്‍ വ്യക്തമാക്കിയെങ്കിലും വീണ്ടും നിര്‍ബന്ധിച്ച് കാറില്‍ പിന്തുടര്ന്നു. ഇതിനിടെയാണ് അപകടം നടന്നത്.ഹോട്ടലുടമ റോയിയുടെ നിര്‍ദേശപ്രകാരമാണ് യുവതികളെ പിന്തുടര്ന്നതെന്ന് സൈജു ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞിരുന്നു.
അപകടത്തില്‍പ്പെട്ടവര്‍ മദ്യപിച്ചിരുന്നുവെന്നും ഈ സാഹചര്യത്തില്‍ വാഹനം ഓടിക്കരുതെന്ന് പറയുകയാണ് ചെയ്തതെന്നും സൈജു വെളിപ്പെടുത്തിയിരുന്നു.കേസിലെ മറ്റു പ്രതികളുടെ ചോദ്യം ചെയ്യലിനു പിന്നാലെ സൈജുവിന്റെ മൊഴിയില്‍ സംശയം തോന്നിയതോടെ ഇയാളെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിച്ചു.
എന്നാല്‍ സൈജു പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ കുണ്ടന്നൂരില്‍വച്ച് മോഡലുകളുമായി വാക്കേറ്റം ഉണ്ടായതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ലഹരി ഇടപാടുകള്‍ക്കായി സൈജു പത്തു ലക്ഷം രൂപ തട്ടിയെടുത്തതായി മുംബൈ മലയാളിയായ യുവതിയും പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും പാലാരിവട്ടം സ്റ്റേഷനില്‍ സൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.സ്റ്റീല്‍ മേല്‍ക്കൂര നിര്‍മിക്കാന്‍ സൈജുവില്‍നിന്ന് ഉപകരാറെടുത്ത പാലാരിവട്ടം സ്വദേശിക്ക് കരാര്‍ തുകയായ രണ്ടു ലക്ഷം രൂപ നല്‍കാതെ കബളിപ്പിച്ചുവെന്നാണ് കേസ്.