ആവേശകരമായി മാറിയ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിന്റെ ആദ്യ പകുതിയിൽ ആതിഥേയരായ ബ്രസീലിനെതിരെ അർജന്റീന മുന്നിൽ. 22–ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയ നേടിയ ഏക ഗോളിലാണ് അർജന്റീന ബ്രസീലിനെതിരെ ലീഡ് നേടിയത്. ബ്രസീൽ പ്രതിരോധത്തിന്റെ വീഴ്ച മുതലെടുത്തായിരുന്നു ആദ്യ പകുതിയിൽ അർജന്റീനയ്ക്കായി മരിയ ഗോൾ നേടിയത്. കോപ്പ അമേരിക്കയിൽ 10-ാം കിരീടം തേടിയാണ് ബ്രസീലിന്റെ പടപ്പുറപ്പാട്. 15–ാം കിരീടവുമായി യുറഗ്വായുടെ റെക്കോർഡിന് ഒപ്പമെത്തുകയാണ് അർജന്റീനയുടെ ലക്ഷ്യം.ആദ്യ മിനിറ്റു മുതൽ പരുക്കൻ സ്വഭാവത്തിലേക്കു മാറിയ കലാശപ്പോരാട്ടത്തിൽ ബ്രസീൽ പ്രതിരോധത്തിന്റെ പിഴവിൽനിന്നാണ് എയ്ഞ്ചൽ ഡി മരിയ അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. ബ്രസീലിന്റെ മുന്നേറ്റത്തിന്റെ മുനയൊടിച്ച് അർജന്റീന താരങ്ങൾ പ്രത്യാക്രമണത്തിലേക്കു കടക്കുമ്പോൾ സ്വന്തം ബോക്സിൽ പന്ത് റോഡ്രിഗോ ഡി പോളിന്. അപകടങ്ങളൊന്നും ഒളിച്ചിരുപ്പില്ലാത്തൊരു നീക്കം.
എന്നാൽ, ഡിപോളിന്റെ അപാരമായ വിഷനും കിറുകൃത്യം പാസിങ്ങും ഒത്തുചേർന്നതോടെ ആ നീക്കം അപകടകരമായത് ഞൊടിയിടയിൽ. അർജന്റീന ബോക്സിനുള്ളിൽ പന്തു ലഭിച്ച ഡി പോൾ രണ്ടു ചുവടു മുന്നോട്ടുവച്ച് പന്ത് ബ്രസീൽ ബോക്സിനു സമീപം വലതുവിങ്ങിൽ എയ്ഞ്ചൽ ഡി മരിയയ്ക്ക് മറിച്ചു. മാർക്ക് ചെയ്യാൻ നിന്ന റെനാൻ ലോധിയുടെ പിഴവ് മുതലെടുത്ത് ഓഫ്സൈഡ് കെണിയിൽ പെടാതെ പന്ത് നിയന്ത്രിച്ച് മരിയയുടെ മുന്നേറ്റം. ബ്രസീൽ പ്രതിരോധം ഒരുനിമിഷം കാഴ്ചക്കാരായതോടെ മരിയയുടെ മുന്നേറ്റം തടയാൻ ഗോൾകീപ്പർ എഡേഴ്സൻ മുന്നോട്ട്. എന്നാൽ, എഡേഴ്സനെ കാഴ്ചക്കാരനാക്കി മരിയ ചിപ് ചെയ്ത പന്ത് വലയിൽ. സ്കോർ 1–0