കൊച്ചി:മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ ആളെ താൻ ഇടപെട്ട് പാസൊന്നുമില്ലാതെ വാളയാർ അതിർത്തി കടത്തിവിട്ടെന്ന് അനിൽ അക്കര എംഎൽഎ. അനിൽ അക്കര ഇക്കാര്യം പറയുന്ന ദൃശ്യം സമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
തൃശൂർ കലക്‍ടറേറ്റ്‌പടിക്കൽ കഴിഞ്ഞ ഞായറാഴ്‌ച രാവിലെ കുത്തിയിരുന്ന് പ്രതിഷേധിച്ച അനിൽ അക്കര കലക്‍ടർ എസ് ഷാനവാസിനോടാണ് ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ശനിയാഴ്‌ച രാവിലെ തൃശൂർ കലക്ടറേറ്റിനുമുന്നിൽ നടന്ന സമരത്തിൽ എംപിമാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര എംഎൽഎ എന്നിവർ പങ്കെടുത്തിരുന്നു. തുടർന്ന് ഇവർ വാളയാറിൽ എത്തി. പിന്നാലെ വി കെ ശ്രീകണ്‌ഠൻ എംപിയും എത്തി. ഇതിനിടയിലാണ് പാസില്ലാത്ത ആളെ കടത്തിവിട്ടതും, അക്കാര്യം എംഎഎൽഎ പിറ്റേന്ന് സമ്മതിച്ചതും.
“ഞങ്ങൾ കുറച്ചാളുകളെ ഇങ്ങോട്ട് കടത്തിവിട്ടു. അവരെ എവിടെയോ ഒരിടത്ത് ക്വാറന്റൈൻ ചെയ്‍തു. അവരെ വീണ്ടും വേറെ സ്ഥലത്തേക്ക് മാറ്റുകയാണ്. അപ്പോൾ ഞങ്ങൾ എംഎൽഎമാർ ഉൾപ്പെടെയുള്ള ആളുകൾ ആരോട് കമ്യൂണിക്കേറ്റ് ചെയ്യണം?’–-അനിൽ അക്കര കലക്ടറോട് ചോദിക്കുന്നു.