റിലയന്‍സ് മുതലാളി മറ്റൊരു വിജയ് മല്യ ആകുമോ? കോടികളുടെ വായ്പ കിട്ടാക്കടം ആകുമോ എന്ന ആധിയില്‍ ബാങ്കുകള്‍

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മേധാവിയുമായ അനില്‍ അംബാനി മറ്റൊരു വിജയ് മല്യ ആകുകയാണോ? സംശയത്തിന് കാരണം മറ്റൊന്നുമല്ല, അനില്‍ അംബാനി ബാങ്കുകള്‍ക്ക് കൊടുക്കാനുള്ള പണത്തിന്റെ അളവ് കൂടിക്കൊണ്ടിരിക്കുന്നു എന്നതാണ്. വായ്പാ കുടിശിക പരിധി വിട്ടതോടെ അനില്‍ അംബാനിയും ബാങ്കുകളുടെ നോട്ടപ്പുള്ളിയായി.

പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ അക്കൗണ്ട്, പത്ത് ബാങ്കുകള്‍ ‘പ്രത്യേക ശ്രദ്ധയാവശ്യമായ അക്കൗണ്ട്’ (സ്‌പെഷ്യല്‍ മെന്‍ഷന്‍ അക്കൗണ്ട് എസ്.എം.എ) ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 30 ദിവസം വരെ വായ്പാ തിരിച്ചടവില്‍ കുടിശിക വരുത്തിയാല്‍ എസ്.എം.എ 1 എന്നും 60 ദിവസമായാല്‍ എസ്.എം.എ 2 എന്നും ബാങ്കുകള്‍ രേഖപ്പെടുത്തും. കുടിശിക 90 ദിവസം കവിഞ്ഞാല്‍ അത് കിട്ടാക്കടം ആയി മാറും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ വായ്പാ ചില ബാങ്കുകള്‍ എസ്.എം.എ 1 ആയും മറ്റു ചില ബാങ്കുകള്‍ എസ്.എം.എ 2 ആയും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി മാര്‍ച്ചില്‍ കമ്പനി 948 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. തുടര്‍ന്ന്, ഇന്നലെ കമ്പനിയുടെ ഓഹരിമൂല്യം 20.54 ശതമാനം വരെ ഇടിയുകയും ചെയ്തു. റിലയന്‍സ് കമ്മ്യൂണിക്കേഷനു നല്‍കിയ വായ്പ, കിട്ടാക്കടമായി മാറിയേക്കുമെന്ന് ബാങ്കുകള്‍ വിലയിരുത്തുന്നതിന് ഇതാണ് കാരണം. പ്രമുഖ റേറ്റിംഗ് ഏജന്‍സികളായ ഇക്രയും കെയറും റിലയസ് കമ്മ്യൂണിക്കേഷന്‍സിന്റെ റേറ്റിംഗ് കുറച്ചതും ബാങ്കുകള്‍ ഗൗരവത്തോടെയാണ് കാണുന്നത്.

കഴിഞ്ഞ മാര്‍ച്ച് 31വരെയുള്ള കണക്കുകള്‍ പ്രകാരം 42,000 കോടിയോളം രൂപയുടെ കടമാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനുള്ളത്. മറ്റൊരു പ്രമുഖ ടെലികോം കമ്പനിയായ എയര്‍സെല്‍, ബ്രൂക്ക്ഫീല്‍ഡ് എന്നിവയുമായുള്ള ലയനത്തിലൂടെ കടബാദ്ധ്യത കുറയ്ക്കാനാണ് ഇപ്പോള്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ശ്രമിക്കുന്നത്. റിലയന്‍സ് ഇന്‍ഫ്രാടെല്ലിലെ 51 ശതമാനം ഓഹരികള്‍ 11,000 കോടി രൂപയ്ക്ക് എയര്‍സെലിന് കൈമാറുന്നുണ്ട്. അതേസമയം, വായ്പാ കുടിശിക വീട്ടാന്‍ സാവകാശം തേടി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ബാങ്കുകളെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. ഈവര്‍ഷം സെപ്തംബര്‍ 30നകം 25,000 കോടി രൂപ തിരിച്ചടയ്ക്കാമെന്നാണ് വാഗ്ദാനം.

ടെലികോം മേഖലയില്‍ ബാങ്കുകള്‍ ഇതിനകം നല്‍കിയ മൊത്തം വായ്പാമൂല്യം എട്ട് ലക്ഷം കോടി രൂപയോളമാണ്. ഈ രംഗത്തെ കമ്പനികളുടെ പ്രവര്‍ത്തനലാഭം നിരാശാജനകമായതിനാല്‍ വായ്പ കിട്ടാക്കടമായി മാറുമെന്ന ആശങ്ക ബാങ്കുകള്‍ക്കുണ്ട്. മൊത്തം വായ്പയില്‍ മൂന്ന് ലക്ഷം കോടിയോളം രൂപ സ്‌പെക്ട്രം വാങ്ങിയ ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ളതാണ്. ബാക്കിത്തുക മറ്റ് അനുബന്ധ ആവശ്യങ്ങള്‍ക്കുമുള്ളതാണ്. നടപ്പുവര്‍ഷം ടെലികോം കമ്പനികളുടെ വരുമാനം 201617നേക്കാള്‍ 25 ശതമാനം കുറഞ്ഞ് 1.3 ലക്ഷം കോടി രൂപയിലെത്തുമെന്നും ബാങ്കുകള്‍ വിലയിരുത്തുന്നു. കിട്ടാക്കട ഭീതി ഉയരാന്‍ ഇതാണ് കാരണം.

Top