തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജടക്കം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്ന കായികമന്ത്രി ഇപി ജയരാജന്റെ ആരോപണത്തിനെതിരെ അഞ്ജു പ്രതികരിക്കുന്നു. കായികമന്ത്രി തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് അഞ്ജു പറയുന്നത്.
അഴിമതി നടത്തിയെന്നു പറഞ്ഞായിരുന്നു ഭീഷണി. ഇപ്പോഴത്തെ മന്ത്രിയുടെ തീരുമാനം നോക്കിയാല്‍ കേരളത്തിലെ കായികരംഗം മെച്ചപ്പെടില്ല. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആനുകൂല്യങ്ങള്‍ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ല. അവാര്‍ഡിനോ സ്ഥാനമാനങ്ങള്‍ക്കോ ഇതുവരെ ആരുടെയും പിന്നാലെ പോയിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അഞ്ജു പറഞ്ഞു.
അതേസമയം, അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് കായികമന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. അഞ്ജു പരാതി കൊടുത്തതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ജുവിനോടുള്ള കായികമന്ത്രിയുടെ പെരുമാറ്റം പൊറുക്കാന്‍ കഴിയാത്തതെന്ന് മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.