ജയരാജന്‍ കുടുങ്ങും ? ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് പരിശോധന തുടങ്ങി

തിരുവനന്തപുരം: ബന്ധു നിയമനങ്ങള്‍ വിവാദത്തിലായ സ്ഥിതിയില്‍ വിജിലന്‍സ് അന്യോഷണം തുടങ്ങി.പൊതുമേഖലാ സ്‌ഥാപനത്തില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ ബന്ധുക്കളെയും സിപിഎം നേതാക്കളുടെ മക്കളെയും നിയമിച്ച സംഭവത്തില്‍ പ്രതിരോധത്തിലായ സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി മുതിര്‍ന്ന പാര്‍ട്ടി നേതാവും ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത് വരുകയും ചെയ്തു.വ്യവസായ വകുപ്പില്‍ മന്ത്രി ഇ.പി. ജയരാജന്റെ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളുടെ മക്കളെയും ഉന്നതസ്‌ഥാനങ്ങളില്‍ കൂട്ടത്തോടെ നിയമിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് വിജിലന്‍സ് പരിശോധന തുടങ്ങിയിരിക്കുന്നത് . പ്രതിപക്ഷ നേതാവ് നല്‍കിയ പരാതിയില്‍ നിയമോപദേശം തേടാന്‍ വിജിലന്‍സ് തീരുമാനിച്ചു. നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. ഇതോടൊപ്പം പരാതിയിലെ ഗൗരവസ്വഭാവം വിശദീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കാണും.

അതേസമയം, ബന്ധുനിയമന വിവാദം ഗൗരവമുള്ളതാണെന്നും പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ മന്ത്രി ജയരാജന്റെ നടപടിയിലെ തെറ്റ് പാര്‍ട്ടി തലത്തില്‍ തിരുത്തുമെന്ന് ഏതാണ്ട് ഉറപ്പായി. സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം അംഗങ്ങളും ജയരാജന്റെ നടപടി ശരിയല്ലെന്ന അഭിപ്രായമാണു സ്വീകരിച്ചിട്ടുള്ളത്. വരുന്ന 14നു ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച തിരുത്തല്‍ നടപടിയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ സ്വമേധയാ നിയമനം നടത്തിയ ജയരാജനെ താക്കീതു ചെയ്യണമെന്ന അഭിപ്രായവും കീഴ്ഘടകങ്ങള്‍ പാര്‍ട്ടി സംസ്‌ഥാന നേതൃത്വത്തിനു മുമ്പാകെ വച്ചിട്ടുണ്ട്. ബന്ധുനിയമന വിവാദത്തില്‍ പാര്‍ട്ടിയില്‍ ചേരിതിരിവു രൂക്ഷമായതോടെ ജയരാജന്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്‌ഥയിലാണ്. പൊതുമേഖലാ സ്‌ഥാപനങ്ങളുടെ തലപ്പത്തു ബന്ധുക്കളെ കൂട്ടത്തോടെ നിയമിച്ചതു വഴി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു കോട്ടം തട്ടിയെന്നു മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനും അഭിപ്രായപ്പെട്ടിരുന്നു.

അതിനിടെ, പാര്‍ട്ടി നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തിലാണു മരുമകളെ മന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതെന്ന മുന്‍ മന്ത്രി പി.കെ. ശ്രീമതിയുടെ വാദം അന്നു സിപിഎം സംസ്‌ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ തള്ളി. പി.കെ. ശ്രീമതി മകളെ നിയമിച്ചപ്പോള്‍ പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്നും പിന്നീടു സ്‌ഥാനക്കയറ്റം നല്‍കിയപ്പോഴാണ് ഇക്കാര്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടതെന്നുമാണു പിണറായി പറഞ്ഞത്.

സ്വജനപക്ഷപാതം കാട്ടിയ ഇ.പി. ജയരാജനെ മന്ത്രിസഭയില്‍നിന്നു നീക്കണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. സംസ്‌ഥാനത്തെ ഭരണതലത്തില്‍ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയാത്ത സ്‌ഥിതിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയ ജയരാജന്റെ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്നു ബിജെപിയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി ജയരാജനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി അറിയിച്ചിരുന്നു. പാര്‍ട്ടി ഇക്കാര്യം പരിശോധിക്കുമെന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അറിയിച്ചു.

ബന്ധു കൂടിയായ പി.കെ. ശ്രീമതി എംപിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാറിനു മന്ത്രി ജയരാജന്‍ നല്‍കിയ നിയമനം വിവാദത്തിനു പിന്നാലെ റദ്ദാക്കിയിരുന്നു. നിഷ്കര്‍ഷിക്കുന്ന യോഗ്യത ഇല്ലാത്ത സുധീര്‍ നമ്പ്യാറിനു നിയമനം നല്‍കിയതു വിജിലന്‍സിനു പരിശോധിക്കേണ്ടിവരുമെന്നാണു സൂചന. എന്നാല്‍, സുധീര്‍ ചുമതലയേറ്റിരുന്നില്ലെന്നു മറുഭാഗം ചൂണ്ടിക്കാട്ടുന്നു.

ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തിയെ കേരള ക്ലേ ആന്‍ഡ് സിറാമിക്സ് ലിമിറ്റഡില്‍ ജനറല്‍ മാനേജരായി നിയമിച്ചിരുന്നു. വിവാദമായിട്ടും ഇതില്‍ മാറ്റം വരുത്തിയിട്ടില്ല. സിപിഎം നേതാക്കളായ ആനത്തലവട്ടം ആനന്ദന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരുടെ മക്കളെയും പൊതുമേഖലാ സ്‌ഥാപനങ്ങളുടെ തലപ്പത്തു നിയമിച്ചട്ടുണ്ട്.

അതേസമയം സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് വി.എസ് ആരോപിച്ചു.
പരാതി ഗൗരവമായി അന്വേഷിച്ചു കുറ്റവാളികള്‍ക്കെതിരേ സര്‍ക്കാര്‍ മാതൃകാപരമായ നടപടി എടുക്കുമെന്നാണു താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഇതുസംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

ബന്ധുനിയമന വിവാദം ഇടതു സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചോ എന്ന ചോദ്യത്തിന് അതില്‍ സംശയമില്ലെന്നായിരുന്നു അച്യുതാനന്ദന്റെ പ്രതികരണം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട മറ്റു ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല. മന്ത്രി ജയരാജനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം രംഗത്തെത്തിയിരിക്കെയാണ് അച്യുതാനന്ദന്റെ പ്രതികരണം.

സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരേ വി.എസ്. അച്യുതാനന്ദന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. വി.എസിന്റെ നിലപാടിനെ അന്നു മന്ത്രി ഇ.പി. ജയരാജന്‍ പരസ്യമായി വിമര്‍ശിച്ചതോടെ സര്‍ക്കാരിനെതിരേയുള്ള പ്രസ്താവന വി.എസിനു തിരുത്തേണ്ടിവന്നിരുന്നു

Top