കോട്ടയം :അധ്യാപകനായ വികാരിക്ക് എതിരെ ആരോപണവുമായി കോപ്പിയടി ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത അഞ്ജു ഷാജിയുടെ പിതാവ് രംഗത്ത് . തൻ്റെ മകൾ കോപ്പി അടിക്കില്ലെന്ന് പാലാ ഷാജി പറയുന്നു. അഞ്ജു പി.ഷാജി(20)യുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പിതാവേ പറയുന്നു .നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അഞ്ജു എന്നും പരീക്ഷ എഴുതിക്കാൻ അനുവദിക്കാതെ ഇറക്കിവിട്ട വിവരം തന്നെ വിളിച്ച് പറഞ്ഞിരുന്നെങ്കിൽ താൻ വന്ന് മകളെ കൂട്ടിക്കൊണ്ട് പോകുമായിരുന്നു എന്നും പിതാവ് പറഞ്ഞു. ആരും തങ്ങളെ വിളിച് പറഞ്ഞില്ലെന്നും സുഹൃത്തുക്കളോട് അന്വേഷിച്ചിട്ടാണ് വിവരം അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മകളെ അന്വേഷിച്ച് പരീക്ഷാ കേന്ദ്രത്തിൽ പോയപ്പോൾ മകൾ ഒളിച്ചോടിപ്പോയിട്ടുണ്ടാവുമെന്ന് കോളജ് അധ്യാപകനായ വികാരി പറഞ്ഞു. സാധാരണ പരീക്ഷ കഴിഞ്ഞിറങ്ങുമ്പോൾ വിളിച്ച് അറിയിക്കുന്നതാണ്. പക്ഷേ, ശനിയാഴ്ച മാത്രം അവൾ പറഞ്ഞില്ല. മകളെ വിളിച്ചിട്ട് കിട്ടിയില്ല. പിന്നീട് കൂട്ടുകാരിയെ വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വികാരി മോശമായി സംസാരിച്ചു. മകൾ കോപ്പി അടിച്ചിട്ടില്ല. പഠിച്ചിരുന്ന കോളജിൽ ചോദിച്ചാൽ അറിയാം.
കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് കോളജിൽ നിന്ന് അഞ്ച് പേരെ പാസായുള്ളൂ. അതിലൊരാൾ എൻ്റെ മോളാണ്. കോപ്പിയടിച്ചു എന്ന് പറയപ്പെടുന്ന പേപ്പർ കാണിക്കാൻ പറഞ്ഞിട്ട് അത് കാണിച്ചിട്ടില്ല. അത് കാണിച്ചാൽ അഞ്ജു കോപ്പിയടിച്ചു എന്ന് സമ്മതിക്കാം. പൊലീസുകാരോട് സിസിടിവി നോക്കാൻ പറഞ്ഞിട്ട് നോക്കിയില്ല. ഞാനും മരുമകനും കൂടി പോയി നോക്കിയപ്പോൾ കുട്ടി പേടിച്ച് ഓടുന്നത് കണ്ടു.
കോളജിലെ സിസിടിവി ക്യാമറയിൽ വികാരി പേപ്പർ പിടിച്ചു വാങ്ങുന്ന ദൃശ്യങ്ങൾ ഉണ്ട്. കുട്ടിയെ മാനസികമായി പീഡിപ്പിച്ചു. ഇവർക്ക് ഞങ്ങളെയോ അവൾ പഠിച്ചിരുന്ന കോളജിലേക്കോ വിളിച്ച് പറയാമായിരുന്നു. കോളജിനും പ്രിൻസിപ്പാൾക്കുമെതിരെ കേസ് കൊടുക്കും. ഞങ്ങൾക്ക് നീതി കിട്ടണം. ഞാനൊരു കൂലിവേലക്കാരനാണ്. മകളെ ഓർത്താണ് ഞങ്ങൾ ജീവിക്കുന്നത്.- പിതാവ് പറയുന്നു.
അതേസമയം മീനച്ചിലാറ്റില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന്‍ അംഗം ഇ. എം. രാധയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഇ. എം. രാധ അറിയിച്ചു.