പ്രതിപക്ഷ നേതാക്കൾക്കെതിരായി രാജ്യദ്രോഹ കേസ്;തെലങ്കാനയിൽ രാജ്യദ്രോഹ കേസെടുത്തത് യെച്ചൂരിയും,രാഹുലുമടക്കമുള്ളവർക്കെതിരെ.

ഹൈദരാബാദ്: ജെ.എന്‍.യു. വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഐ(എം). ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. ജെഎന്‍യു പ്രസിഡന്റ് കനയ്യകുമാറിനെ പിന്തുണച്ചതുമായി ബന്ധപ്പെട്ടാണ് ഇത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സിപിഐ. നേതാവ് ഡി. രാജ, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, ജെ.എന്‍.യു. വിദ്യാര്‍ത്ഥി നേതാക്കള്‍ എന്നിവര്‍ക്കെതിരേയും തെലങ്കാനയിലെ സൈബരാബാദിലെ സരൂര്‍ നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രംഗറെഡ്ഢി ജില്ലാ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണു കേസെന്നാണു പൊലീസ് നിലപാട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ, 156 (3) എന്നീ വകുപ്പുകളാണ് നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികള്‍ക്കു രാഹുല്‍ ഗാന്ധിയും നേതാക്കളും പിന്തുണ നല്‍കിയെന്ന് ആരോപിച്ചു സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചാണു കോടതി നടപടി. ജെ.എന്‍.യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രമുഖ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

ജെഎന്‍യു പ്രക്ഷോഭത്തില്‍ കനയ്യ കുമാര്‍ അടക്കമുള്ളവര്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളച്ചതായി സ്വകാര്യ ഹര്‍ജിയില്‍ ആരോപിക്കുന്നു. ടൈംസ് നൗ, സീ ടിവി ചാനലുകളില്‍ വന്ന ദൃശ്യങ്ങള്‍ അടക്കമാണ് കോടതിയില്‍ പരാതി നല്‍കിയത്. ഈ സാഹചര്യത്തില്‍ ജെഎന്‍യു പ്രക്ഷോഭത്തെ അനുകൂലിച്ചത് രാജ്യദ്രോഹമെന്നാണ് ആരോപണം.

Top