ബ്രാഹ്മണ കുടുംബമുണ്ടാക്കിയ അച്ചാറുകള്‍; കച്ചവടത്തെ വിമര്‍ശിച്ചും ട്രോളിയും സോഷ്യല്‍ മീഡിയ

ബ്രാഹ്മണ കുടുംബങ്ങളിലെ അച്ചാറുകള്‍ എന്നപേരില്‍ കച്ചവടത്തിനിറങ്ങിയവരെ പൊരിച്ച് സോഷ്യല്‍ മീഡിയ. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍. ഒരു വില്‍പ്പന സ്റ്റാളിനു മുന്നിലാണ് ഇവിടെ ഉണ്ടാക്കുന്ന ഉല്‍പ്പനങ്ങള്‍ ബ്രാഹ്മണകുടുബത്തില്‍ നിന്നാണെന്ന് എഴുതിവച്ചത്.

അനുരാജ് ഗിരിജ എന്ന യുവാവ് ഈ വിഷയം പറഞ്ഞുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

Unique Selling Point അഥവാ USP എന്നൊരു സംഗതിയുണ്ട്. ഒരു പ്രോഡക്റ്റിനെ മാര്‍ക്കറ്റിലുള്ള മറ്റ് പ്രോഡക്റ്റുകളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്ന ഘടകം.

ഉദാഹരണത്തിന് മില്‍മ പാല്‍ എടുക്കുക. പലതരം പാലുകള്‍ ലഭ്യമാണെങ്കിലും മില്‍മ പാലിന് ‘കേരളത്തിലെ ക്ഷീരകര്‍ഷകരുടെ അംഗീകൃത സഹകരണസംഘം വഴി ഉണ്ടാക്കുന്ന’ എന്നൊരു USP ഉണ്ട്. കേരളത്തിന്റെ ഏത് മൂലയിലും ഒരു മില്‍മ പാല്‍ സംഭരണ കേന്ദ്രമുണ്ടാകും എന്നത് ഈ പാലിന് പുറത്തെ വിശ്വാസം കൂട്ടാന്‍ സഹായിക്കും.

ഇനി ഈ ചിത്രം നോക്കുക. ആ കടയുടെ മുന്നില്‍ നില്‍ക്കുന്ന ചേട്ടന്‍ വില്‍ക്കുന്ന പ്രോഡക്റ്റിന്റെ USP അഥവാ Unique Selling Point എന്താണ്?. സംശയം വേണ്ട. ‘ബ്രാഹ്മണ കുടുംബങ്ങളില്‍ നിര്‍മ്മിച്ചതാണ്’ എന്നതാണ് usp. അതെങ്ങനെയാണ് ബ്രാഹ്മണകുടുംബം എന്നതൊരു usp ആകുന്നത്? ഒരു പുലയകുടുംബം അല്ലെങ്കില്‍ ഈഴവകുടുംബം അല്ലെങ്കില്‍ വിശ്വകര്‍മ്മ കുടുംബം എന്നതൊന്നും ഇതുപോലൊരു പോസ്റ്ററില്‍ വരാന്‍ പോകുന്നില്ല.

അവിടെയാണ് ജാതിയുടെ കളി.

ജാതി വ്യവസ്ഥ എന്നത് ശ്രേണീകൃതമായ അസമത്വമാണ്. ഒരു വലിയ ഏണിയുടെ ഓരോ പടിയിലും ഓരോ ജാതിക്കാര്‍ നില്‍ക്കുന്നു എന്ന് കരുതുക. ആ ഏണിയുടെ മുകളിലേക്ക് പോകും തോറും ശുദ്ധി കൂടി വരുന്നു എന്നും താഴേക്ക് പോകും തോറും അശുദ്ധി കൂടി വരുന്നു എന്ന രീതിയിലാണ് ജാതി വ്യവസ്ഥ നമ്മളെ കണ്ടീഷന്‍ ചെയ്യുന്നത്.

ഈ പോസ്റ്ററില്‍ ബ്രാഹ്മണ കുടുംബം എന്നത് വൃത്തിയും ശുദ്ധിയുമുള്ള വീട് എന്നൊരു ഇമേജ് ആണ് നമുക്ക് തരുന്നത്. പല ജാതിക്കാരുടേയും വൃത്തിയും വെടിപ്പുമുള്ള ഒട്ടനേകം വീടുകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും. ഒരുപക്ഷേ വൃത്തി അത്രത്തോളമില്ലാത്ത ബ്രാഹ്മണകുടുംബങ്ങളും കണ്ടിരിക്കാം. എന്നാല്‍ ബ്രാഹ്മണകുടുംബം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ തലയില്‍ ‘വൃത്തിയുള്ള വീട്’ എന്ന ഇമേജ് വന്നിട്ടുണ്ടെങ്കില്‍ നമ്മള്‍ ജാതി വ്യവസ്ഥയില്‍ അത്രത്തോളം മുങ്ങിക്കിടക്കുന്നു എന്ന് തന്നെയാണ് അര്‍ത്ഥം. ഒരു സമൂഹം മുഴുവന്‍ അങ്ങനെ ജാതിയില്‍ മുങ്ങിക്കിടക്കുന്നു എന്നതാണ് ഇങ്ങനെയൊരു പോസ്റ്റര്‍ അടിക്കാന്‍ ഇവര്‍ക്ക് ധൈര്യം നല്‍കുന്നത്.

ഒരു പ്രത്യേകതരം ജീവിതമാണ് നമ്മള്‍ ഇന്ത്യാക്കാരുടേത്!

Top