കൊച്ചി:അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ കൈമാറിയെന്ന് അനുപമയുടെ അച്ഛൻ .കുഞ്ഞിനെ താനറിയാതെ അച്ഛന്‍ തന്റെ പക്കല്‍ നിന്ന് തട്ടിക്കൊണ്ടു പോയെന്ന അനുപമയുടെ ആരോപണത്തിന് മറുപടിയുമായി അച്ഛന്‍ പി.എസ് ജയചന്ദ്രന്‍ രംഗത്ത് വരികയായിരുന്നു .ശിശുക്ഷേമ സമിതിയ്ക്കു മുമ്പില്‍ അനുപമയെ കാറിലിരുത്തിയ ശേഷമാണ് കുഞ്ഞിനെ സമിതിയ്ക്കു കൈമാറിയതെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ ജയചന്ദ്രന്‍ വ്യക്തമാക്കി.അനുപമയുടെ ആവശ്യപ്രകാരമുള്ള നിബന്ധനകള്‍ എഴുതിച്ചേര്‍ത്താണ് സമ്മതപത്രം തയ്യാറാക്കിയതെന്നും അജിത് മകളെ പ്രണയിച്ചത് പണം ലക്ഷ്യമാക്കിയാണെന്നും ജയചന്ദ്രന്‍ പറയുന്നു.
ക്രിസ്തുമതത്തില്‍ നിന്നുള്ള സ്ത്രീയെ വിവാഹം ചെയ്ത് 30 വര്‍ഷക്കാലമായി ഒരുമിച്ച് ജീവിക്കുന്ന താന്‍ ജാതിവാദിയാണെന്ന ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്നും ജയചന്ദ്രന്‍ ചോദിക്കുന്നു.മാത്രമല്ല അജിത്തിന്റെ ആദ്യ വിവാഹം തന്നെ അത്ര നേരായ രീതിയിലുള്ളതായിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. സ്വന്തം സുഹൃത്തിന്റെ ഭാര്യയെ വിളിച്ചിറക്കിക്കൊണ്ടുവന്നാണ് അജിത് ആദ്യം വിവാഹം ചെയ്തത്.
ഒമ്പതു വര്‍ഷത്തോളം ആദ്യ ഭാര്യയായ നസിയയ്‌ക്കൊപ്പം ഇയാള്‍ ജീവിച്ചു. ആ ബന്ധം നിലനില്‍ക്കെത്തന്നെയാണ് അനുപമയെ പ്രണയിച്ച് ഗര്‍ഭിണിയാക്കിയത്.മകളെ ഈ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ ഒരച്ഛന്‍ ചെയ്യേണ്ട കാര്യം മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നും ജയചന്ദ്രന്‍ പറയുന്നു.
അനുപമയ്ക്ക് കുഞ്ഞുണ്ടായപ്പോള്‍ അജിത് വിവാഹമോചനത്തിന് നടപടി തുടങ്ങിയിരുന്നില്ലെന്നും ആ അവസരത്തില്‍ കുഞ്ഞിനെ ഉത്തരവാദിത്തപ്പെട്ട നിയമസംവിധാനത്തില്‍ ഏല്‍പ്പിക്കുക മാത്രമായിരുന്നു തന്റെ മുമ്പിലുള്ള പോംവഴിയെന്നും ജയചന്ദ്രന്‍ പറയുന്നു.നേരത്തെ ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ടിരുന്നെങ്കില്‍ കുഞ്ഞിനെ തിരികെ കിട്ടുമായിരുന്നുവെന്നും എന്നാല്‍ അവര്‍ അതിനു തയ്യാറായില്ലെന്നും പറഞ്ഞ ജയചന്ദ്രന്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിക്കാനുള്ള സമ്മതപത്രം തയ്യാറാക്കിയത് അനുപമയുടെ സമ്മതത്തോടെയാണെന്ന് വ്യക്തമാക്കി.
ദത്ത് നല്‍കുന്നതിനു മുമ്പ് അജിത്തുമായി ഒരുമിച്ചു ജീവിക്കാന്‍ സാഹചര്യം വരികയാണെങ്കില്‍ കുഞ്ഞിനെ തിരികെ ആവശ്യപ്പെടാമെന്ന നിബന്ധന എഴുതിച്ചേര്‍ത്തത് അനുപമ പറഞ്ഞിട്ടാണെന്നും ജയചന്ദ്രന്‍ പറയുന്നു.അനുപമയെ കോവിഡ് പോസീറ്റീവായതിനെത്തുടര്‍ന്ന് ജഗതിയിലെ സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റീനില്‍ പാര്‍പ്പിച്ചതാണ് ഇപ്പോള്‍ വീട്ടുതടങ്കലായി ആരോപിക്കുന്നതെന്നും ജയചന്ദ്രന്‍ പറയുന്നു.
അതേസമയം
അനുപമയുടെ ഭര്‍ത്താവ് അജിത്ത് വിശ്വസിക്കാന്‍ പറ്റാത്തയാളാണെന്ന് മുന്‍ ഭാര്യ നസിയ. കുഞ്ഞിന്റെ വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടയിലും അജിത്ത് തന്നെ വിളിക്കാറുണ്ടായിരുന്നെന്നും ഒടുവില്‍ അനുപമ കുഞ്ഞിനെ തേടുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ഫോണ്‍വിളികളും മെസേജും നിലച്ചതെന്നും നസിയ പറഞ്ഞു. അനുപമ കാണാതെയായിരുന്നു വിളികളെന്നും നസിയ പറഞ്ഞു. അനുപമക്കെതിരെയും നസിയ ആരോപണമുയര്‍ത്തി.
തന്റെ ഒമ്പത് വര്‍ഷത്തെ ജീവിതം തകര്‍ത്താണ് ഇരുവരും ജീവിതം തുടങ്ങിയത്. എന്നെ മാനസികമായി എല്ലാ തരത്തിലും അവള്‍ തകര്‍ത്തു. അനുപമ പറയുന്നത് പോലെ എന്നെ ആരും ഇറക്കിയതല്ല. ഇത്രയും നാള്‍ ഞാന്‍ ഇറങ്ങാതിരുന്നത് ഉമ്മച്ചിയെയും ബാപ്പച്ചിയെയും കരുതിയാണ്. 2011 ലായിരുന്നു ഞങ്ങളുടെ വിവാഹം. മൂന്ന് വര്‍ഷം മുമ്പ് വരെ സന്തോഷകരമായ ജീവിതം ആയിരുന്നു. അനുപമയെ കണ്ടതിനു ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്’ പാര്‍ട്ടി കമ്മിറ്റികളില്‍ ഇവര്‍ തമ്മില്‍ ഒട്ടി ഇരിക്കുന്നത് കണ്ട് ഞാന്‍ ചോദിക്കാറുണ്ടായിരുന്നു.
അന്ന് എന്നോടാണ് അയാള് ചൂടായിരുന്നത്. അന്നൊന്നും ബന്ധമുള്ളത് എനിക്കറിയില്ലായിരുന്നു. അനുപമയുടെ അച്ഛന്‍ എനിക്ക് ജോലിയോ പണമോ വാഗ്ദാനം ചെയ്തിട്ടില്ല. പണമായിരുന്നു എനിക്ക് വേണ്ടതെങ്കില്‍ അജിത്തിന്റെ കൈയ്യില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാമായിരുന്നല്ലോ. നഷ്ടപരിഹാരം വാങ്ങാതെയാണ് ഞാന്‍ അവിടെ നിന്ന് ഇറങ്ങിയത്. ഡിവോഴ്‌സ് തരാന്‍ പറ്റില്ലെന്ന് ഞാന്‍ പല തവണ അനുപമയോട് പറഞ്ഞതാണ്. ഒടുവില്‍ ഗതികെട്ടാണ് ഡിവോഴ്‌സ് നല്‍കിയത്. ഇരുവരും തമ്മിലുള്ള വീഡിയോ കോള്‍ എല്ലാം കണ്ട് സഹികെട്ടു. അജിത്ത് എന്റെ വീട്ടുകാരെ വിളിച്ച് ഇതിനെ പിടിച്ചു കൊണ്ട് പോ എന്ന് പറഞ്ഞെന്നും നസിയ പറഞ്ഞു.
വിവാഹമോചനത്തിനായി തന്നെ അജിത് ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ടെന്നും നസിയ പറഞ്ഞു. ഞാന്‍ തന്നെ വേണ്ടത് ചെയ്‌തോളാമെന്നും അബോഷന് അനുപമയെ സമ്മതിപ്പിക്കാമെന്നുമാണ് അജിത് അന്ന് വാക്കു നല്‍കിയത്. അതെല്ലാം കേട്ടാണ് ഏഴുമാസത്തോളം ഞാന്‍ സമാധാനമായിരുന്നത്. പിന്നീട് എന്റെ മുന്നിലിരുന്ന് അനുപയെ വിളിച്ച് മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അരിവാള് ചൂണ്ടിവരെ അജിത് ഡിവോഴ്‌സിനായി എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇക്കാലത്തെല്ലാം എന്നെ വീട്ടില്‍ തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നു. അതിനെക്കുറിച്ചും ഞാനിതുവരെ പരാതിപ്പെട്ടിട്ടില്ല. ഇതിന്റെയെല്ലാം വീഡിയോ തെളിവായി തന്റെ പക്കലുണ്ടെന്നും നസിയ പറഞ്ഞു.