ലക്‌നൗ : തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമാജ് വാദി പാർട്ടിയ്ക്ക് കനത്ത തിരിച്ചടി നൽകി മുലായം സിംഗ് യാദവിന്റെ മരുമകൾ. മുലായം സിംഗ് യാദവിന്റെ ഇളയ മകൻ പ്രതീകിന്റെ ഭാര്യ അപർണ യാദവാണ് ബിജെപിയിൽ ചേർന്നത്.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിംഗ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അപർണ യാദവ് പാർട്ടി അംഗത്വം നേടിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്കുള്ള അപർണ യാദവിന്റെ കൂടുമാറ്റം സമാജ്‌വാദി പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. സംഭവത്തിൽ അഖിലേഷ് യാദവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
2017ൽ നടന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ എസ്പി സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് അപർണ യാദവ്. എന്നാൽ ബിജെപി സ്ഥാനാർഥിയോട് 33,796 വോട്ടുകൾക്ക് പരാജയപ്പെട്ടു.
പിന്നീട് നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾക്കും ഭരണനേട്ടങ്ങൾക്കും നിരവധി തവണ അപർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പൗരത്വ രജിസ്റ്ററിനെ പരസ്യമായി പിന്തുണച്ചും ബിജെപി സർക്കാരിനോടുള്ള അനുഭാവം അപർണ യാദവ് നേരത്തെ പ്രകടിപ്പിച്ചിരുന്നു.