നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണം; പ്രധാനമന്ത്രിയെ പുകഴ്ത്തി ശശി തരൂര്‍ എംപി

നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണമെന്ന് ബിജെപിയെ പുകഴ്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍ എം പി. എല്ലാ സമയത്തും കുറ്റം പറഞ്ഞ് കൊണ്ടിരുന്നാല്‍ ആളുകള്‍ നമ്മെ വിശ്വസിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളുകളെ വ്യക്തിബന്ധത്തില്‍ പ്രശംസിക്കുമ്പോള്‍ രാഷ്ട്രീയത്തിലും എന്തുകൊണ്ട് ആയിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കേണ്ടതില്ലെന്ന ജയറാം രമേശ് അടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തരൂര്‍.

നരേന്ദ്രമോദി ചെയ്ത ചില കാര്യങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഇടംനേടിയിട്ടുണ്ട്. അദ്ദേഹം ബിജെപിയുടെ മാത്രമല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. കുറ്റംപറയാന്‍ നിരവധി കാര്യങ്ങളുണ്ട് എന്നിരിക്കെ തന്നെ നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കുകയും വേണം. 100-ല്‍ 99 തെറ്റുകള്‍ ചെയ്താലും ഒരു ശരിയുണ്ടെങ്കില്‍ അത് പറഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ നമ്മുടെ വിശ്വാസ്യത ചോദ്യം ചെയ്യും.

തന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി ആളുകള്‍ വിളിച്ചു രാഷ്ട്രീയ മാറ്റത്തിനുള്ള തയ്യാറെടുപ്പാണോ എന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍ തനിക്ക് യാതൊരു രാഷ്ട്രീയ മാറ്റവും ഇല്ല. ഇതെല്ലാം വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുതിയ തൊഴില്‍ സൃഷ്ടിക്കാത്തത് മാത്രമല്ല ഉള്ള തൊഴില്‍ കളയുന്ന നടപടി കൂടിയാണ് ചെയ്ത് വന്നത്. പ്രതിസന്ധി ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്തിട്ടുണ്ട്. അതിന്‍റെ പ്രതിഫലനം എത്രത്തോളമുണ്ടെന്ന് നമുക്ക് കാത്തിരുന്ന് കാണാം. നോട്ട് നിരോധനമടക്കം മുന്‍പ് അവര്‍ തന്നെ ചെയ്ത തെറ്റായ കാര്യങ്ങളുടെ പ്രതിഫലനമാണ് പ്രതിസന്ധിക്ക് കാരണമെന്നും ശശി തരൂര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ശരിയായ കാര്യങ്ങള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അദ്ദേഹത്തെ പ്രശംസിക്കണം. തെറ്റുചെയ്യുന്ന സമയത്തുള്ള വിമര്‍ശനങ്ങള്‍ക്ക് അത് വിശ്വാസ്യത കൂട്ടും. ആറുവര്‍ഷമായി ഈ നിലപാടിനുവേണ്ടി വാദിക്കുകയാണെന്നുമായിരുന്നു തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും മനു അഭിഷേക് സിങ്‌വിയും നേരത്തെ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഭരണമാതൃക പൂര്‍ണമായും മോശമല്ലെന്നും പ്രധാനമന്ത്രിയെ എല്ലായ്‌പോഴും കുറ്റപ്പെടുത്തുന്നത് ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭരണനിര്‍വഹണത്തില്‍ അദ്ദേഹത്തിനുള്ള സവിശേഷതകള്‍ എല്ലാവരും തിരിച്ചറിയണമെന്നാണ് പറയുന്നതെന്നും ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.

മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും പ്രവര്‍ത്തനങ്ങളെ വ്യക്തിപരമായി അല്ലാതെ വസ്തുതാപരമായി പരിഗണിക്കണമെന്നും മനു സിങ്‌വിയുടെ ട്വീറ്റും കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രവൃത്തികളില്‍ തെറ്റും ശരിയും ഭിന്നതയും ഉണ്ടാകും. എന്നാല്‍ വസ്തുതാപരമായി വിലയിരുത്തുകയാണു വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നേരത്തെ നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടിയും രംഗത്തെത്തിയിരുന്നു . തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണെന്നും ബി.ജെ.പിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണമെന്നും വിജയം വികസനത്തിനൊപ്പമാണെന്നും അദ്ദേഹം പരാമര്‍ശിച്ചത് കോണ്‍ഗ്രസിനെ പോലും ചൊടിപ്പിക്കുകയും ചെയ്തു. മോദിയെ വിമര്‍ശിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കരുതെന്നും അബ്ദുള്ളക്കുട്ടി അന്ന് പറഞ്ഞത് വളരെ വലിയ വിവാദത്തിന് വഴി തെളിയിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Top