നിന്നാല്‍ ജയിക്കും; പക്ഷേ തിരക്ക് കാരണം നില്‍ക്കാനില്ല, ട്രോളില്‍ നിറഞ്ഞ് ശ്രീജിത്ത് പന്തളം

തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നിന്നാല്‍ ജയിക്കുമെന്ന് ശ്രീജിത്ത് പന്തളം. സ്ഥാനാര്‍ത്ഥിയായാല്‍ ജയിക്കുമെന്ന് ഉറപ്പുണ്ടെന്നും എന്നാല്‍ സ്റ്റുഡിയോയിലെ തിരക്കുകള്‍ കാരണം മത്സരിക്കാനില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കുകയായിരുന്നു. ചില സുഹൃത്തുക്കള്‍ തന്നോട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ശ്രീജിത്ത് പന്തളം പറയുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ തന്റെ സ്റ്റുഡിയോയില്‍ ഒത്തിരിപ്പേര്‍ വിവാഹങ്ങള്‍ക്ക് നേരത്തെ ബുക്ക് ചെയ്തവരുണ്ടെന്നും അന്ന് താന്‍ അതിന്റെ തിരക്കിലായിരിക്കുമെന്നും ശ്രീജിത്ത് പന്തളം ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

അതുകൊണ്ട് ഇത്തവണ ഞാന്‍ ഇലക്ഷനു മത്സരിക്കുന്നില്ല. നിങ്ങള്‍ക്കെല്ലാവര്‍ക്കും നിര്‍ബന്ധം ആണെങ്കില്‍ 2024 ല്‍ നടക്കുന്ന അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കാം. ഇലക്ഷനു നിന്നാല്‍ എന്റെ നാട്ടുകാര്‍ എന്നെ വിജയിപ്പിക്കും എന്നു എനിക്ക് ഉറപ്പാണ്- ശ്രീജിത്ത് പോസ്റ്റില്‍ പറയുന്നു. വിവാദപരവും മണ്ടത്തരവുമായ പരാമര്‍ശങ്ങളിലൂടെ ട്രോളന്മാരുടെ സ്ഥിരം കഥാപാത്രമായ ശ്രീജിത്ത് പന്തളത്തിന്റെ പുതിയ പ്രസ്താവനയും വന്‍ ചിരിക്കാണ് ഇടവരുത്തിയിരിക്കുന്നത്.

sreejith pandalam

മൂന്നു മണിക്കൂറിനിടെ ആകെ 1.3K റിയാക്ഷന്‍ ലഭിച്ചിരിക്കുന്ന പോസ്റ്റില്‍ 1000ത്തിലേറെയും എണ്ണവും കുമ്മോജിയാണ്. ചിരിയുണര്‍ത്തുന്ന നിരവധി കമന്റുകളും പോസ്റ്റിന് അടിയില്‍ നിറഞ്ഞിട്ടുണ്ട്. ”കേരള ജനത ഇനിയും അങ്ങേക്ക് വേണ്ടി 2024 വരെ കാത്തിരിക്കണം എന്ന് പറയുന്നത് തന്നെ കഷ്ടമാണ് കേരള ജനത മുഴുവന്‍ പ്രതീക്ഷയര്‍പ്പിച്ചത് അങ്ങേയിലാണ് പന്തളം ജി. അങ്ങേയുടെ തീരുമാനം പുനഃപരിശോധിക്കണം എന്നാണ് കേരള ജനത ഒന്നാകെ ആഗ്രഹിക്കുന്നത്” എന്നാണ് അതിലൊരാളുടെ കമന്റ്. ”അങ്ങനെ പറയരുത് ജി… ജി നില്‍ക്കണം… വരുംകാല കേരളം അങ്ങയുടെ കയ്യില്‍ സുരക്ഷിതമാണെന്ന് കുളനടയിലെ പുല്‍ക്കൊടികള്‍ക്ക് വരെ അറിയാം…. ജി നിന്നില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും ജി” എന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം, ശ്രീജിത്ത് പന്തളത്തിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജ് ഒറിജിനലാണോ ഫേക്കാണോ എന്നതില്‍ സംശയമുണ്ട്.

Top