ജിദ്ദ: സൗദിയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ എണ്ണപ്പാടത്തിനും സംസ്കരണശാലയ്ക്കും നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് ഉറപ്പിച്ച് സൗദി അറേബ്യ. ആവശ്യമായ തെളിവുകൾ വാർത്താസമ്മേളനത്തിൽ സൗദി പുറത്തുവിട്ടു. ആക്രമണത്തിന് ഉപയോഗിച്ചത് ഇറാൻ നിർമിത ആയുധങ്ങളാണെന്ന് സൗദി പ്രതിരോധ വകുപ്പ് വ്യക്തമാക്കി.
ഇറാനെതിരായുള്ള തെളിവുകൾ ഉൾപ്പെടെ സൗദി പ്രതിരോധ വക്താവ് വാർത്താ സമ്മേളനത്തിൽ ഹാജരാക്കി. ആക്രമണത്തിലെ ഇറാന്റെ പങ്ക് നിഷേധിക്കാൻ സാധിക്കാത്തതാണെന്നും സൗദി ആരോപിച്ചു. എണ്ണ കമ്പനിയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളുടെ ഭാഗങ്ങളും സൗദി വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
വടക്കുനിന്നാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന കാര്യത്തിൽ ഇനി ചോദ്യങ്ങൾക്ക് സ്ഥാനമില്ലെന്നും സൗദി പ്രതിരോധ വക്താവ് കേണൽ തുർക്കി അൽ മാൽകി ആരോപിച്ചു. ക്രൂസ് മിസൈലുകൾക്കൊപ്പം ഡെൽറ്റാ വിംഗ് യു.എ.വിയാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും സൗദി അറേബ്യ വ്യക്തമാക്കി. 25 ഡ്രോണുകളും മിസൈലുകളുമാണ് ഇറാനിൽ നിന്നു പ്രയോഗിച്ചത്. യെമനിൽ നിന്നല്ല ആയുധങ്ങളെത്തിയതെന്നും സൗദി ആരോപിച്ചു. ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഉയർന്ന യു.എസ് ഉദ്യോഗസ്ഥർ നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം, സൗദിക്കെതിരായ ആക്രമണത്തിനു പിന്നാലെ ഇറാനു മേൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഉത്തരവിട്ടതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.സൗദിക്കെതിരായ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന യു.എസിന്റെ തുടർച്ചയായുള്ള വാദത്തിനു പിന്നാലെയാണ് ഉപരോധങ്ങൾ കടുപ്പിക്കാനുള്ള നീക്കം.
അതേസമയം ആക്രമണത്തിൽ യാതൊരു പങ്കുമില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഇറാൻ. അപവാദ പ്രചാരണത്തിലൂടെ പരമാവധി സമ്മർദം ചെലുത്തുകയാണെന്നും മേഖലയിൽ സംഘർഷത്തിനു താൽപര്യമില്ലെന്നും ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിഭാഗം ഏറ്റെടുത്തിരുന്നെങ്കിലും പിന്നിൽ ഇറാനാണെന്ന വാദത്തിൽ തുടക്കംമുതൽ ഉറച്ചുനിൽക്കുകയായിരുന്നു അമേരിക്ക. ശനിയാഴ്ച പുലർച്ചെ 3.31നും 3.42നും ഇടയിലാണ് സൗദി അരാംകോയുടെ ഖുറൈസ് എണ്ണപ്പാടത്തും, ഇതിനടുത്തുള്ള അബ്ഖ്വെയ്‍ഖ് സംസ്കരണശാലയിലും വൻ ആക്രമണമുണ്ടായത്.