മോദി തന്നെ പ്രധാനമന്ത്രി;എന്‍ഡിഎ വലിയ ഒറ്റക്കക്ഷിയാകും,കേരളത്തില്‍ യുഡിഎഫിന് 15 സീറ്റ്,എല്‍ഡിഎഫിന് 5, ബിജെപിയ്ക്ക് ഇല്ല;ഫലപ്രവചനവുമായി ഗണിതാധ്യാപകന്‍

കോഴിക്കോട് : കേന്ദ്രത്തിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിൽ എത്തും .മോദി തന്നെ പ്രധാനമന്ത്രി ആകും .കേവലഭൂരിപക്ഷം ലഭിക്കില്ല എങ്കിലും എൻഡിഎ അധികാരത്തിൽ എത്തും അതേസമയം കേരളത്തിൽ മികച്ച വിജയം നേടുക യുഡിഎഫ് ആയിരിക്കുമെന്ന വിലയിരുത്തലുമായി വര്‍ഷങ്ങളായി തെരഞ്ഞെടുപ്പു പ്രവചനം നടത്തി ശ്രദ്ധേയനായ പ്രമുഖ ഗണിതാധ്യാപകന്‍ തോട്ടക്കാട് ഗോപാലകൃഷ്ണന്‍ നായര്‍. ഇത്തവണ കേരളത്തില്‍ യു.ഡി.എഫിന് 14-15 സീറ്റുകള്‍ കിട്ടുമ്പോള്‍ എല്‍.ഡി.എഫിന് 5 സീറ്റാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. എന്‍.ഡി.എക്ക് സീറ്റ് പ്രവചിക്കുന്നില്ല. അതേസമയം ഒരു സീറ്റു കിട്ടുകയാണെങ്കില്‍ അത് തിരുവനന്തപുരത്തായിരിക്കുമെന്നും പ്രവചനത്തില്‍ പറയുന്നു.അതിനിടെ ബി.ജെ.പി 300 സീറ്റിലധികം നേടുമെന്നും ബി.ജെ.പിയുടെ ആശയത്തോട് യേചിക്കുന്നവര്‍ക്ക് എന്‍.ഡി.എ സഖ്യത്തിലേക്ക് വരാമെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു .

യു.ഡി.എഫിന് 84 ലക്ഷം (42%), എല്‍.ഡി.എഫിന് 74 ലക്ഷം (37%), എന്‍.ഡി.എക്ക് 36 ലക്ഷം (18%) എന്നിങ്ങനെയായിരിക്കും വോട്ടു വിഹിതം.ലോകസഭയില്‍ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല. എന്നാല്‍ നരേന്ദ്രമോഡി വീണ്ടും പ്രധാനമന്ത്രിയാവും. എന്‍.ഡി.എക്ക് ഭൂരിപക്ഷത്തിനു 14 സീറ്റുകളുടെ കുറവുണ്ടാവും. ബി.ജെ.പിക്ക് 213 സീറ്റും എന്‍.ഡി.എക്ക് 258 സീറ്റും കിട്ടും. കോണ്‍ഗ്രസ്സിന് 105 സീറ്റും യു.പി.എ സഖ്യത്തിന് 154 സീറ്റും കിട്ടും. മറ്റുള്ളവര്‍ക്ക് 130 സീറ്റുണ്ടാവും. ഇടതുകക്ഷികള്‍ക്ക് ആകെ 7 സീറ്റുകളാണു പ്രവചിക്കുന്നത്.വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ആര്‍.എസ്, ബി.ജെ.ഡി എന്നീ കക്ഷികളുടെ പിന്‍തുണയോടെ ദേശീയ ജനാധിപത്യ സഖ്യം വീണ്ടും അധികാരത്തില്‍ വരും. ഈ മൂന്നു കക്ഷികള്‍ക്കും കൂടി 41 സീറ്റുകള്‍ ഉണ്ടാവും. ദേശീയ തലത്തില്‍ ബി.ജെ.പിക്ക് 32 ശതമാനവും എന്‍.ഡി.എക്ക് 40 ശതമാനവും വോട്ടു ലഭിക്കും. കോണ്‍ഗ്രസ്സിന് 25 ശതമാനവും യു.പി.എക്ക് 33 ശതമാനവുമായിരിക്കും വോട്ടു വിഹിതം.

കേരളത്തില്‍ എല്‍.ഡി.എഫിന് ആറ്റിങ്ങല്‍,ആലപ്പുഴ, ആലത്തൂര്‍, പാലക്കാട്, കാസര്‍ക്കോട് എന്നീ മണ്ഡലങ്ങളാണു ലഭിക്കുക.തിരുവനന്തപുരത്തു കുമ്മനം തോറ്റാലും 3.5 % വോട്ടു ലഭിക്കും. കുമ്മനം തോറ്റാലും കേന്ദ്രമന്ത്രിയാവും. അല്‍ഫോന്‍സ് കണ്ണന്താനവും വി.മുരളീധരനും മന്ത്രിമാരാവും. തിരുവനന്തപുരത്തു വിജയിക്ക് ഭൂരിപക്ഷം 10,000ത്തില്‍ താഴെ ആയിരിക്കും.

കൊല്ലത്തു പ്രേമചന്ദ്രന്‍ സംഘിയാണെന്ന ഇടതു പ്രചാരണം ഏശിയില്ല. അദ്ദേഹത്തിനു 30,000-50,000 ഇടയില്‍ വോട്ടു ഭൂരിപക്ഷം ലഭിക്കും.തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളില്‍ 15 ഉം ഡി.എം.കെ നേടും.മന്ത്രിസഭ രാജിവെക്കും. ഡി.എം.കെ നേതാവ് സ്റ്റാലിന്‍ മുഖ്യമന്ത്രിയാവും എന്നീ പ്രവചനങ്ങളും അദ്ദേഹം നടത്തി.

കോട്ടയം സ്വദേശിയായ തോട്ടക്കാട് എന്‍ ഗോപാല കൃഷ്ണന്‍ നായര്‍ 45 വര്‍ഷമായി അധ്യാപകര്‍ക്കു കണക്കു പഠിപ്പിക്കുന്നു. നേരത്തെ എന്‍.സി.ഇ.ആര്‍.ടി പുസ്തക നിര്‍മാണ കമ്മിറ്റിയിലും കേരള സര്‍വകലാശാല സെനറ്റിലും അംഗമായിരുന്നു. മുമ്പു പലപ്രവാശ്യം തെരഞ്ഞടുപ്പു ഫലം കൃത്യമായി പ്രവചിച്ചു ശ്രദ്ധനേടിയിട്ടുണ്ട്. യാത്രചെയ്തും പലരുമായി ആശയ വിനിമയം നടത്തിയും ശേഖരിക്കുന്ന വിവരങ്ങളെ ഗണിതത്തിന്റെ സൂക്ഷ്മതയോടെ അവലോകനം ചെയ്താണ് ഈ പ്രവചനം നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

അതേസമയം ബി.ജെ.പി 300 സീറ്റിലധികം നേടുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പിയോട് സമാന ആശയമുള്ളവരെ എന്‍.ഡി.എ സഖ്യത്തിലേക്ക് അമിത് ഷാ സ്വാഗതം ചെയ്യുകയും ചെയ്തു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഒറ്റക്ക് 300 ലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ അവസാന വാര്‍ത്ത സമ്മേളനത്തില്‍ മോദിയും അമിത് ഷായും അവകാശവാദമുന്നയിച്ചത്.അതേസമയം, സര്‍ക്കാറുണ്ടാക്കാന്‍ മറ്റ് കക്ഷികളുടേയും സഹായം വേണ്ടിവരുമെന്ന സൂചന നല്‍കുന്നതായിരുന്നു അമിത് ഷായുടെ വാക്കുകള്‍. അതിനു വേണ്ടിയാണ് ബി.ജെ.പിയോട് സമാന ആശയമുള്ളവരെ എന്‍.ഡി.എ സഖ്യത്തിലേക്ക് അമിത് ഷാ ക്ഷണിച്ചതും.

റഫാലിനെക്കുറിച്ചും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നു. റഫാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയാത്തത് ചോദ്യങ്ങള്‍ക്ക് അടിസ്ഥാനമില്ലാത്തതിനാലാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Top