മമതയുടെ ഗ്രാഫ് കുത്തനെ താഴേയ്ക്ക്; വര്‍ഗ്ഗീയമായി ചേരിതിരിഞ്ഞ് ജനം; ഡോക്ടര്‍മാരുടെ സമരത്തിന്റെ അനന്തര ഫലങ്ങള്‍

പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാനുള്ള നടപടികളുമായി മമത സര്‍ക്കാര്‍. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കിയതോടെ ചര്‍ച്ചക്ക് തയ്യാറാണെന്ന നിലപാടിലേക്ക് ഡോക്ടര്‍മാരും മാറിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ സംഘടന യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തേണ്ട വേദി സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അറിയിച്ചു.
എന്നാല്‍ ബംഗാളിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ വലിയ മാറ്റമാണ് ഈ സമരത്തോടെ ഉണ്ടായിരിക്കുന്നത്. ബംഗാള്‍ ചരിത്രത്തില്‍ ബിജെപിയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. എന്നാല്‍ ആ മുന്നേറ്റം മാത്രമല്ല ഇപ്പോഴത്തെ മാറ്റങ്ങള്‍ക്കു കാരണം. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ബംഗാളില്‍ ഇനിയൊരു വിജയം സാധ്യമല്ലാത്ത നിലയിലാണു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

ബംഗ്ലദേശില്‍നിന്ന് ലക്ഷക്കണക്കിനു അഭയാര്‍ഥികള്‍ എത്തിക്കൊണ്ടിരുന്ന ബംഗാള്‍, ബിജെപിയുടെ വളര്‍ച്ചയ്ക്കു വളക്കൂറുള്ള മണ്ണായിരുന്നു. എന്നാല്‍, ബിജെപിയും മുന്‍ രൂപമായ ജനസംഘവും ഇവിടെ വേരൂന്നിയില്ല. നയതന്ത്രജ്ഞരായിരുന്ന ഒരു പറ്റം മുഖ്യമന്ത്രിമാരുടെ സാന്നിധ്യമായിരുന്നു അതിനു കാരണം – ഡോ. ബി.സി. റോയ്, പ്രഫുല്ല ചന്ദ്ര സെന്‍, അജയ് മുഖര്‍ജി, ജ്യോതി ബസു തുടങ്ങിയവര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോഗ്യകാരണങ്ങളാല്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍നിന്ന് അടുത്തിടെ രാജി വച്ച മുതിര്‍ന്ന നേതാവ് ഇങ്ങനെ പറഞ്ഞു, ‘ഹിന്ദുത്വ രാഷ്ട്രീയത്തെയും മുസ്‌ലിം ലീഗ് പോലുള്ള പാര്‍ട്ടികളെയും ബംഗാളില്‍ വളരാന്‍ അനുവദിക്കാതിരുന്നത് ഞങ്ങളുടെ ഫലപ്രദമായ ശ്രമങ്ങള്‍ കൊണ്ടായിരുന്നു. അതുണ്ടായിരുന്നില്ലെങ്കില്‍ ബംഗാള്‍, വിഭജനത്തെ അതിജീവിക്കില്ലായിരുന്നു.”

2011 ല്‍ മമത ബാനര്‍ജി അധികാരത്തില്‍ വന്നതോടെ ബംഗാളിന്റെ ചിത്രംമാറി. ഇന്ന് ആര്‍എസ്എസിന് 1500 ശാഖകളുണ്ട് സംസ്ഥാനത്ത്. മമതയുടെ രാഷ്ട്രീയനിലപാടുകള്‍ ബംഗാളില്‍ വലിയ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിക്കഴിഞ്ഞു. മതനിരപേക്ഷ മഹാനഗര സ്വഭാവമുള്ള കൊല്‍ക്കത്തയ്ക്കു പുറത്ത് ഗ്രാമീണമേഖലകളില്‍ ഇതു സുവ്യക്തമാണ്. മമതയുടെ പ്രീണന രാഷ്ട്രീയത്തോടു വിയോജിപ്പുള്ളവര്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിളിയോട് അനുകൂലമായി പ്രതികരിച്ചു കഴിഞ്ഞു.

ഗ്രാമീണ ബംഗാളില്‍ കമ്യൂണിസ്റ്റുകള്‍ യാഥാര്‍ഥ്യമാക്കിയ ജാതിരഹിത മതനിരപേക്ഷ സമൂഹം പെട്ടെന്ന് ഇല്ലാതായിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാള്‍ വോട്ടു ചെയ്തത് ജാതി അടിസ്ഥാനത്തിലല്ല, മതാടിസ്ഥാനത്തിലായിരുന്നെങ്കിലും ജാതി ഇവിടെ തിരിച്ചെത്തിയിരിക്കുന്നു.

തിരഞ്ഞെടുപ്പില്‍ 42 സീറ്റും ജയിക്കുമെന്നു പ്രഖ്യാപിച്ച മമതയ്ക്ക് എന്താണ് തന്റെ സംസ്ഥാനത്തു സംഭവിക്കുന്നതെന്നു തന്നെ മനസ്സിലായില്ല. തിരിച്ചടി അവരെ കൂടുതല്‍ രോഷാകുലയാക്കി. എന്നാല്‍, സംസ്ഥാനത്തെ ഉദ്യോഗസ്ഥ സംവിധാനം മാറുന്ന രാഷ്ട്രീയക്കാറ്റിന്റെ ദിശ മനസ്സിലാക്കിക്കഴിഞ്ഞു.

ഗ്രാമീണ മേഖലകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫിസുകള്‍ പിടിച്ചെടുക്കപ്പെട്ടു. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ ബംഗാള്‍ കലാപഭൂമിയായി. തിരഞ്ഞെടുപ്പു ഫലം വന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ 15 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി.

തങ്ങള്‍ പറഞ്ഞിട്ടും ബിജെപിക്കാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകുന്നില്ലെന്ന് സംസ്ഥാന മന്ത്രിമാര്‍ പോലും മമതയോടു പരാതിപ്പെടുന്ന സ്ഥിതിയുണ്ടായി. മമതയാകട്ടെ രാഷ്ട്രീയ സംഘര്‍ഷവും കൊലപാതകങ്ങളും തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശവും അവര്‍ അവഗണിച്ചു.

തിരഞ്ഞെടുപ്പു കഴിഞ്ഞെങ്കിലും നിതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കാനോ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കാനോ മമത തയാറായില്ല. അത്രയ്ക്കാണ് മമതയ്ക്കുണ്ടായിട്ടുള്ള നിരാശയും പകയും. ബംഗാള്‍ ഗവര്‍ണര്‍ കെ.എന്‍ ത്രിപാഠി പറഞ്ഞത്, ‘ഞാന്‍ മുഖ്യമന്ത്രിയെ ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ ഫോണ്‍ എടുത്തില്ല’ എന്നാണ്. സ്വന്തം ഭരണസംവിധാനത്തിനു മേല്‍ നിയന്ത്രണം നഷ്ടപ്പെട്ട നായികയാണ് മമത ഇപ്പോള്‍. നേതാക്കളും എംഎല്‍എമാരും അവരെ നിരനിരയായി വിട്ടു പോകുന്നതിന്റെ കാരണവും അതുതന്നെ.

അമിത് ഷായുടെ ഉപദേശകന്‍ കൂടിയായ ബംഗാള്‍ ബിജെപിയുടെ സഹചുമതലക്കാരന്‍ അരവിന്ദ് മേനോന്‍ മനോരമയോടു പറഞ്ഞത്, ‘ഒരുപാടു പേര്‍ ഇനിയും ബിജെപിയിലേക്കു വരാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, ബംഗാളില്‍ അസ്ഥിരതയുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മമതയുടെ പതനം സ്വയമുണ്ടാകട്ടെ’, എന്നാണ്.

മമതയുടെ തകര്‍ച്ചയ്ക്കുള്ള നിലമൊരുക്കുകയാണ് ബിജെപി. ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ പൂര്‍ണമായും നിസ്സഹായയാണു മമത. ആരോഗ്യമേഖലയിലുള്ളവരും സാധാരണ ജനങ്ങളും അവര്‍ക്കൊപ്പമില്ലെന്നു മാത്രമല്ല, എതിരാണു താനും.

Top