കൊച്ചി :രാമനാട്ടുകര സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി കസ്റ്റംസിന് മുന്നിൽ ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിൽ രണ്ട് അഭിഭാഷകർക്കൊപ്പമാണ് അർജുൻ എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നൽകിയിരുന്നു.
അർജുൻ ആയങ്കി കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തത് 22 തവണയെന്ന് കസ്റ്റംസ് കണ്ടെത്തൽ. ഇത്തരത്തിൽ 17 കിലോയിലധികം സ്വർണം തട്ടിയെടുത്തതായി കസ്റ്റംസ് പറഞ്ഞു. തട്ടിയെടുത്തതിലേറെയും കൊടുവള്ളി സംഘത്തിന്റെ സ്വർണമാണെന്നാണ് കണ്ടെത്തൽ.
ആറ് കോടിയിലധികം രൂപയുടെ സ്വർണം തട്ടിയിട്ടുണ്ടെന്നും കസ്റ്റംസ് പറഞ്ഞു. കുരുവികളെ സ്വാധീനിക്കാനും അർജുൻ ആയങ്കിക്ക് ഒരു സംഘം ഉണ്ടായിരുന്നു. ഡീലിംഗ് ഏജന്റുമാർ എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. കള്ളക്കടത്ത് സംഘം നൽകുന്നതിന്റേ നാലിരട്ടി വരെ ആയിരുന്നു ഇവർ കുരുവികൾക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഒറ്റുകാരായി മാറുന്ന കുരുവികൾക്ക് സംരക്ഷണവും ഈ സംഘം നൽകിയിരുന്നു.
വിദേശത്ത് നിന്നും സ്വർണം വിമാനത്താവളത്തിൽ എത്തിക്കുന്നവരെയാണ് കുരുവികൾ എന്ന് വിളിക്കുന്നത്. 18 നും 30 നും മധ്യേ പ്രായമുള്ളവരായിരുന്നു ഇതിൽ ഏറെയും. കുരുവികളെ ഒരു തവണ മാത്രമാണ് സ്വർണം കടത്താൻ ഉപയോഗിക്കുക.