ജോർജിനെ ഇടതുപക്ഷം വെട്ടി;പൂഞ്ഞാറിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ സിപിഐഎം,നിലപാട് വ്യക്തമാക്കാതെ പൂഞ്ഞാർ പുലി.

കോട്ടയം: പൂഞ്ഞാറിലേത് പിസി ജോര്‍ജിന് അഭിമാന പോരാട്ടമാണ്. ഇടതു മുന്നണിയുടെ പിന്തുണയില്ലാതെ ജയിക്കുക പ്രയാസമാണെന്ന് ജോര്‍ജിന് അറിയാം. പള്ളിയുടെ പിന്തുണയും ഇല്ല. കേരളാ കോണ്‍ഗ്രസ് വിട്ടിറങ്ങിയ ശേഷം പൂഞ്ഞാര്‍ കൈവിട്ടാല്‍ അത് ജോര്‍ജിന് രാഷ്ട്രീയ വനവാസത്തിന്റെ കാലമൊരുക്കും. അതുകൊണ്ട് തന്നെ സാധ്യത സജീവമാക്കാന്‍ ജോര്‍ജ് ഇടതു മുന്നണിയുടെ വാതില്‍ മുട്ടുകയാണ്. എന്നാല്‍ സഭയുടെ എതിര്‍പ്പ് മൂലം പൂഞ്ഞാറില്‍ ജോര്‍ജുമായി സഖ്യത്തിന് പറ്റാത്ത സ്ഥിതിയിലാണ് സിപിഐ(എം). കഴിഞ്ഞ ദിവസവും ജോര്‍ജിനോട് സിപിഐ(എം) ഇക്കാര്യം വ്യക്തമാക്കി.

മധ്യകേരളത്തില്‍ സഭയുമായി സിപിഐ(എം) ഉണ്ടാക്കിയ ധാരണ പ്രകാരം ജോര്‍ജ് ജെ മാത്യുവെന്ന പഴയ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഇടത് സ്വതന്ത്രനാക്കണം. സമഗ്ര പാക്കേജിന്റെ ഭാഗമാണ് ഈ നിര്‍ദ്ദേശം. ഇത് തള്ളിക്കളയാന്‍ സിപിഎമ്മിന് കഴിയില്ല. പള്ളിയുടെ പിന്തുണയില്ലാതെ ജോര്‍ജിന് നേട്ടമുണ്ടാക്കാന്‍ കഴിയുകയുമില്ല. ഇതിനൊപ്പം കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെ നിര്‍ണ്ണായക സീറ്റുകളില്‍ ജയിച്ചു കയറാന്‍ സിപിഎമ്മിന് സഭയുടെ അനുഗ്രഹം അനിവാര്യതയുമാണ്. അതുകൊണ്ട് തന്നെ ജോര്‍ജിനെ കൈവിട്ടേ മതിയാകൂ. ഇത് ജോര്‍ജും തിരിച്ചറിയുന്നു. എന്നാല്‍ ഇടതു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും വരെ ജോര്‍ജ് പ്രതീക്ഷ കൈവിടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെജെ തോമസിനെ മത്സരിപ്പിക്കണമെന്നായിരുന്നു സിപിഐ(എം) അണികളുടെ പൊതു വികാരം. സംസ്ഥാന നേതൃത്വത്തെ ഇത് അറിയിക്കുകയും ചെയ്തു. അപ്പോഴാണ് സഭയുമായുള്ള സഖ്യം എത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ജോര്‍ജ് ജെ മാത്യുവാകും സ്ഥാനാര്‍ത്ഥിയെന്ന് പ്രാദേശിക നേതൃത്വത്തെ സംസ്ഥാന നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇതില്‍ കടുത്ത അതൃപ്തി പ്രാദേശിക ഘടകത്തിലുണ്ട്. ജോര്‍ജ് ജെ മാത്യുവിനേക്കാള്‍ നല്ലത് പിസി ജോര്‍ജാണെന്നാണ് ഇവരുടെ നിലപാട്. വലിയ സമ്മര്‍ദ്ദം ജോര്‍ജ് ജെ മാത്യുവിനെതിരെ ചെലുത്തുന്നുമുണ്ട്. ഇതാണ് പിസി ജോര്‍ജിന്റെ ഏക ആശ്വാസം. അണികളുടെ എതിര്‍പ്പ് സിപിഐ(എം) മുഖവിലയ്ക്ക് എടുക്കുമെന്നും തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും ജോര്‍ജ് കരുതുന്നു.

ഇതിനിടെയിലും ആത്മവിശ്വാസം കൈവിടാതെയാണ് ജോര്‍ജ് പ്രതികരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ ഏഴ് സീറ്റുകള്‍ ആവശ്യപ്പെട്ടതായി പി.സി ജോര്‍ജ് പറയുന്നു. പൂഞ്ഞാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുള്ളതായി കരുതുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു. അടുത്തിടെ എല്‍.ഡി.എഫിലേയ്ക്ക് വന്നിട്ടുള്ള താന്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ അംഗീകരിക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പില്‍ ശക്തിതെളിയിക്കുന്നവരെ എല്‍.ഡി.എഫില്‍ എടുത്താല്‍ മതിയെന്നും പി.സി ജോര്‍ജ് പറയുന്നു. സിപിഐ(എം) നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഈ നിലപാട് വിശദീകരണങ്ങള്‍. എന്നാല്‍ ഇന്നലത്തെ ചര്‍ച്ചയില്‍ ഒരുറപ്പും ജോര്‍ജിന് നല്‍കിയിട്ടില്ല. ഇനി സീറ്റ് കൊടുത്താല്‍ പോലും ഒന്നിലധികം നല്‍കുകയും ഇല്ല.

ഈ സാഹചര്യത്തില്‍ ജോര്‍ജും മറുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഇടതു മുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയാകും വരും ജോര്‍ജ് പരസ്യ പ്രതികരണമൊന്നും നടത്തില്ല. എന്നാല്‍ തദ്ദേശത്തില്‍ തന്റെ സഹകരണത്തോടെ നേട്ടമുണ്ടാക്കിയ സിപിഐ(എം) പൂഞ്ഞാറില്‍ തന്നെ ചതിക്കുകയാണെന്ന് ജോര്‍ജ് തിരിച്ചറിയുന്നുമുണ്ട്. ബിജെപിയും ബിഡിജെഎസുമായും ജോര്‍ജ് ചര്‍ച്ച നടത്തും. എസ്ഡിപിഐ പോലുള്ള സംഘടനകളുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. ജോര്‍ജ് ജെ മാത്യു സ്ഥാനാര്‍ത്ഥിയായി എത്തുന്നതില്‍ പ്രതിഷേധമുള്ള സിപിഎമ്മുകാരും തനിക്ക് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതിനിടെയിലും സഭ എതിരായത് കടുത്ത വെല്ലുവിളിയാകുമെന്ന് ജോര്‍ജിന് അറിയാം.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് പി.സി ജോര്‍ജ് അറിയിച്ചിട്ടുണ്ട്. കേരള സെക്യുലര്‍ പാര്‍ട്ടി (കെ.എസ്പി) എന്ന പുതിയ പാര്‍ട്ടി ഈ മാസം അവസാനം നിലവില്‍ വരും. തനിക്കൊപ്പം മകന്‍ ഷോണ്‍ ജോര്‍ജിനേയും സ്ഥാനാര്‍ത്ഥിയാക്കാന്‍ ജോര്‍ജിന് ആഗ്രഹമുണ്ട്. എന്നാല്‍ ആരും ഇത് സമ്മതിക്കില്ലെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. പൂഞ്ഞാറില്‍ ജയിച്ച് നിയമസഭയിലെത്തിയാല്‍ തന്നോട് ഇടത്‌വലത് മുന്നണികള്‍ കാട്ടുന്ന അവഗണനയ്ക്ക് തിരിച്ചടി നല്‍കാമെന്നാണ് ജോര്‍ജിന്റെ കണക്ക് കൂട്ടല്‍.

Top