സ്വന്തം ലേഖകൻ
കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ കൊലപ്പെട്ടു. മൂന്നുനിരത്തു സ്വദേശി റമീസാണ് വാഹനാപകടത്തിൽ മരിച്ചത്.
കഴിഞ്ഞ ദിവസം അർധരാത്രിയോടെ കണ്ണീർ അഴീക്കോട് വച്ചാണ് അപകടം സംഭവിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിൽ കഴിയുന്നതിനിടയിൽ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ റമീസിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ഇതിനിടയിലാണ് വാഹനാപകടം സംഭവിച്ചത്.
അതുകൊണ്ട് തന്നെ അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രഥാമിക നിഗമനം.സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അർജുന്റെ പങ്ക് സംബന്ധിച്ച നിർണായക വിവരങ്ങൾ നൽകാൻ കഴിയുമായിരുന്ന വ്യക്തിയാണ് റമീസ്.
മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ കേസുമായി ബന്ധപ്പെട്ട് റമീസിനും ബന്ധമുണ്ട് എന്ന സംശയത്തെതുടർന്ന് ഇദ്ദേഹത്തിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.
.റമീസിന്റെ ബൈക്കും കാറുമായി ഇടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റമീസിന്റെ വാരിയെല്ലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.