പുണെ: മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും പണവും ഫോണും കവര്‍ന്ന കേസില്‍ മൂഖ്യസൂത്രധാരന്‍ കണ്ണൂര്‍ സ്വദേശി അര്‍ജുന്‍ ആയങ്കിയും സഹായി പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് അനീസിനെയും കേരളാ പൊലീസ് പിടികൂടിയത് മിലിറ്ററി ഓപ്പറേഷനിലൂടെ. പൂണെയില്‍ ഖട്കി എന്ന സ്ഥലത്ത് കണ്ണൂര്‍ സ്വദേശിയായ സൈനികനൊപ്പം ഒളിവില്‍ കഴിഞ്ഞുവരവേയാണ് പോലീസ് പ്രതികളെ പിടികൂടുന്നത്. തന്ത്രപരമായാണ് അര്‍ജുന്റെ ഒളിത്താവളം പൊലീസ് കണ്ടെത്തിയത്. മിലിറ്ററി ബാരക്കിലായിരുന്നു അര്‍ജുന്‍ ഉണ്ടായിരുന്നത്. ഇത് മനസ്സിലാക്കി തന്ത്രപരമായി പൊലീസ് ഇടപെട്ടു. സൈനിക നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. അര്‍ജുന്‍ ഓടിരക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കിയത് സൈന്യമായിരുന്നു. ഇതിന് ശേഷം പൊലീസ് കുടുക്കി ആയങ്കിയെ ഒളിവില്‍ താമസിപ്പിച്ച കണ്ണൂര്‍ സ്വദേശിക്കെതിരെ സൈന്യം നടപടിയും എടുക്കും.
പൊലീസ് പിടികൂടുമ്പോള്‍ ആയങ്കി പൂണെയിലെ കാന്റീനില്‍ ജീവനക്കാരനായിരുന്നു. പുണെയില്‍ ഖട് കി എന്നസ്ഥലത്ത് കണ്ണൂര്‍ സ്വദേശിയായ സൈനികനൊപ്പം കഴിഞ്ഞുവരവേയാണ് പൊലീസ് പ്രതികളെ പിടികൂടുന്നത്. പ്രവീണെന്നാണ് ഇയാളുടെ പേര് . ഖട്കിയില്‍ സൈനിക കേന്ദ്രമുണ്ട്. ഈ സൈനിക കേന്ദ്രത്തിനൊപ്പമായിരുന്നു ആയങ്കിയും സുഹൃത്തും. മിലിറ്ററി ക്യാമ്പില്‍ പൊലീസ് കയറുമെന്ന് ആയങ്കി വിചാരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സുരക്ഷിതമായി ഈ താവളത്തെ കണ്ടു. അത് പ്രതികൂല സാഹചര്യമുണ്ടാക്കി. വിദേശത്തുള്ള ഒരു പെണ്‍സുഹൃത്തില്‍നിന്ന് ഒളിവിലുള്ള സമയത്ത് അര്‍ജുന് സാമ്പത്തികസഹായം ലഭിച്ച വിവരവും പൊലീസ് അന്വേഷിക്കുന്നുണ്ട്.