അരൂര്‍ സീറ്റിനായി പോരിനിറങ്ങാന്‍ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. അരൂര്‍ സീറ്റ് ലഭിക്കാനായി ഷാനിമോള്‍ ചരടുവലികള്‍ നടത്തുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ സംസാരമുണ്ട്. ആലപ്പുഴയിലെ തന്റെ തോല്‍വി മനപൂര്‍വ്വമാണെന്ന ആരോപണം ഷാനിമോള്‍ ഉന്നയിച്ചിരുന്നു. തോല്‍വി പാര്‍ട്ടി അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞിരുന്നു. ഈ അവസരത്തില്‍ വീണ്ടും സംഘടനനാ സംവിധാനത്തെ നോക്കുകുത്തിയാക്കി ഒരു സീറ്റ് നേടിയെടുക്കാന്‍ അവരെ അനുവദിക്കരുതെന്നും പാര്‍ട്ടിയിലെ ചില നേതാക്കള്‍ കരുതുന്നു.
പാര്‍ട്ടി നിര്‍ദേശിച്ചാല്‍ അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയം കൊണ്ട് ഒരടിപോലും പിന്നോട്ടുപോയിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സാമുദായിക പരിഗണനയും വിഷയമാകുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക പട്ടികയിലേക്കുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളൂ.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ നേടിയ ലീഡാണ് ഷാനിമോള്‍ക്ക് ഒരവസരംകൂടി നല്‍കണമെന്ന ആവശ്യങ്ങള്‍ക്ക് ആധാരം. ദിശാബോധമുള്ള നേതാക്കളും പ്രവര്‍ത്തകരുമാണ് ഐക്യജനാധിപത്യമുന്നണിക്ക് അരൂര്‍ മണ്ഡലത്തിലുള്ളത്. ഇത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ വ്യക്തമാക്കപ്പെട്ടതാണ്. യുഡിഎഫില്‍നിന്ന് ആര് മല്‍സരിച്ചാലും ജയിക്കുമെന്നും ഷാനിമോള്‍ പറഞ്ഞു.
ഈഴവ സമുദായത്തിന് വോട്ടുബലമുള്ള മണ്ഡലത്തില്‍ ഡിസിസി അധ്യക്ഷന്‍ എം.ലിജുവിനെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. കെപിസിസി അംഗം അനില്‍ബോസാണ് സാമുദായിക പരിഗണാപട്ടികയില്‍ മുന്നിലുള്ള മറ്റൊരാള്‍. ന്യൂനപക്ഷ പ്രാതിനിധ്യം ഷാനിമോള്‍ക്ക് പുറമെ മുന്‍ എം.എം.എല്‍ എ.എ ഷുക്കൂറിനെയും അരൂരില്‍ തുണയ്ക്കും.