ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് നിയമ വിദഗ്ധര്‍. പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി നിയമ യുദ്ധത്തിലേക്കു നീങ്ങിയെക്കുമെന്ന സൂചനയാണ് നിയമ രംഗത്തുള്ളവര്‍ പറയുന്നത്.
രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ് സര്‍ക്കാര്‍ 370ാം അനുച്ഛേദം റദ്ദാക്കിയത്. ഈ അനുച്ഛേദത്തിന്റെ മുന്നാം വകുപ്പില്‍ ഇത്തരത്തില്‍ നടപടിയെടുക്കുന്നതിന് രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ കശ്മീര്‍ ഭരണഘടനാ അസംബ്ലിയുടെ ശുപാര്‍ശ അനുസരിച്ചാണ് 370ാം അനുച്ഛേദം റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കപ്പെടുന്നതെന്നാണ് മൂന്നാം വകുപ്പില്‍ പറയുന്നത്. ഇത്തരത്തിലൊരു ശുപാര്‍ശ ഉണ്ടോ എന്നാണ് നിയമ വിദഗ്ധര്‍ ഉന്നയിക്കുന്ന ചോദ്യം.
കശ്മീരില്‍ നിലവില്‍ സര്‍ക്കാരില്ല. നിയമ സഭ (ഭരണഘടനാ അസംബ്ലി) മരവിപ്പിച്ച നിലയിലാണ്. ഇതിന്റെ തലവന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ആണ് സംസ്ഥാനത്ത് ഭരണം നടത്തുന്നത്. ഗവര്‍ണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 370ാം അനുച്ഛേദം റദ്ദാക്കുന്നത് എന്നാണ് പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറില്‍ പറയുന്നത്. ഗവര്‍ണറുടെ ശുപാര്‍ശ കശ്മീരി ജനതയുടെ ശുപാര്‍ശയായി കണക്കാക്കിയാണ് കേന്ദ്ര നടപടി.
കശ്മീര്‍ നിയമസഭയുടെ ശുപാര്‍ശയില്ലാതെ സ്വീകരിച്ച കേന്ദ്ര നടപടി നിയമപരമായി നിലനില്‍ക്കുമോയെന്ന ചോദ്യമാണ് നിയമ വൃത്തങ്ങളില്‍ ഉയരുന്നത്. കേന്ദ്രം നിയമിച്ച ഗവര്‍ണറെ കശ്മീരി ജനതയുടെ ഹിതം അറിയിക്കുന്ന പ്രതിനിധിയായി കണക്കാക്കാനാവുമോയെന്നും അവര്‍ ചോദിക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ് ഗവര്‍ണര്‍ ഇപ്പോള്‍ കശ്മീരില്‍ നിര്‍വഹിക്കുന്നത് എന്ന് പ്രസിഡന്‍ഷ്യല്‍ ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. ഗവര്‍ണറുടെ ശുപാര്‍ശ അനുസരിച്ചാണ് 370ാം വകുപ്പ് റദ്ദാക്കുന്നതെന്നും ഉത്തരവ് വിശദീകരിക്കുന്നു. കശ്മീര്‍ നിയമസഭയുടെ ഭരണഘടനാ അസംബ്ലി എന്ന പദവി നിയമസഭയാക്കി മാറ്റിയെന്നും ഉത്തരവ് പറയുന്നുണ്ട്. ഉത്തരവു പ്രകാരം ഇനി ഇന്ത്യന്‍ ഭരണഘടന പൂര്‍ണമായും കശ്മീരിനും ബാധകമായിരിക്കും