കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധം കനക്കുന്നു; പ്രതിഷേധവുമായി ഡിഎംകെ; കശ്മീര്‍ ബില്ലിനെ പിന്തുണച്ച് പ്രജ്ഞാസിംഗ്

ഭരണഘടനയില്‍ കശ്മീരിന് പ്രത്യേക പദവി നിഷ്കര്‍ഷിക്കുന്ന 370 റദ്ദാക്കിയതിനെതിരെ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഡിഎംകെ. ജന്തര്‍മന്ദിരില്‍ നിന്ന് ഈ മാസം 22 ന് രാവിലെ 11 മണിക്കാണ് പ്രകടനം ആരംഭിക്കുക. കശ്മീരില്‍ കരുതല്‍ തടങ്കലില്‍ ഇരിക്കുന്ന രാഷ്ട്രീയ നേതാക്കളെ എത്രയും പെട്ടെന്ന് മോചിതരാക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ട്.

ഡി.എം.കെ എം.പിമാരും മറ്റ് രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നുള്ള എം.പിമാരും നേതാക്കളും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

കശ്മീരിലെ ജനങ്ങളുടെ താത്പര്യമന്വേഷിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതെന്നും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ജമ്മുകശ്മീരിന്‍റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നീക്കം ജനാധിപത്യത്തെ വധിക്കുന്നതിന് തുല്യമാണെന്നും ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ പറ‍ഞ്ഞു.

തങ്ങളുടെ അജണ്ട നടപ്പാക്കുന്നതില്‍ മാത്രമാണ് ബി.ജെ.പി. സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. ആളുകളുടെ വികാരത്തെ അവര്‍ മാനിക്കുന്നില്ല. ഫെഡറല്‍ സംവിധാനത്തിന് കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിന്‍റെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെയാണ് നിലവിലെ സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കുന്നതെന്നും സ്റ്റാലിന്‍ ആരോപിച്ചു.

കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ബി.ജെ.പി എം.പി പ്രജ്ഞാ സിംഗ് ഠാക്കൂറും രംഗത്തെത്തി.

കേന്ദ്രസര്‍ക്കാരിന്‍റെ കശ്മീര്‍ ബില്ലിനെ എതിര്‍ക്കുന്നത് രാജ്യസ്നേഹികളല്ലെന്നും കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും രണ്ടായി വിഭജിക്കുകയും ചെയ്ത നടപടിയില്‍ സന്തോഷിക്കുന്നവരാണ് യഥാര്‍ത്ഥ രാജ്യസ്നേഹികളെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു.

 

Top