ന്യുഡൽഹി:ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനാല്‍ ജമ്മു കശ്മീരിലെ ഭീകരവാദം അവസാനിപ്പിക്കാനാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന് ഉപകാരപ്രദമായിരുന്നില്ല ആര്‍ട്ടിക്കിള്‍ 370 എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രചിച്ച ലിസണിങ്, ലേണിങ് ആന്‍ഡ് ലീഡിങ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കൊണ്ട് കശ്മീരിനോ രാജ്യത്തിനോ ഒരു ഗുണവുമുണ്ടായില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനാല്‍ ജമ്മു കശ്മീരിന്റെ സാമ്പത്തിക വികസനത്തിന് നടപടി ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.എബിവിപി അംഗമായിരിക്കെ വെങ്കയ്യ നായിഡുവും ആര്‍ട്ടിക്കിള്‍ 370 നെതിരെ സമരം ചെയ്തിട്ടുണ്ട്. അന്ന് താങ്കള്‍ എന്നെങ്കിലും കശ്മീര്‍ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച അധ്യപകന് നായിഡു നല്‍കിയ മറുപടി ഇതായിരുന്നു. നമുക്ക് രണ്ടു കണ്ണുകളുണ്ട്. എന്നാല്‍ അവയെ പരസ്പരം കാണാന്‍ സാധിക്കില്ല. പക്ഷെ അതില്‍ ഏതെങ്കിലും ഒരു കണ്ണിന് അപകടം ഉണ്ടായാല്‍ സ്വാഭാവികമായും മറു കണ്ണില്‍ നിന്നും കണ്ണുനീര്‍ വരും. അദ്ദേഹം പറഞ്ഞു.വെങ്കയ്യ നായിഡുവിന്റെ നേതൃത്വമാണ് ബില്ല് രാജ്യസഭയില്‍ വേഗത്തില്‍ പാസ്സാകാന്‍ കാരണമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.