മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലി അന്തരിച്ചു. 67 വയസ്സായിരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 12.07 ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്ലിയുടെ ജീവന്‍ നിലനിന്നിരുന്നത്. ശ്വസന പ്രശ്നങ്ങളെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയോടെ ആരോഗ്യനില കൂടുതല്‍ വഷളായിരുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയം അരക്കിട്ടുറപ്പിച്ച് നരേന്ദ്രമോദിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. മധ്യപ്രദേശ്, കർണാടക തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ സ്വാധീനം വർധിപ്പിക്കാൻ ജയ്റ്റ്ലിക്കായി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ വന്‍ വിജയത്തിന് സഹായിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. 2018ൽ വൃക്ക ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ടിഷ്യു കാൻസർ ചികിൽസയ്ക്കായി ഇന്ത്യയിലും വിദേശത്തും വിദഗ്ധ ചികിൽസ തേടിയിരുന്നു.
ഒന്നാം നരേന്ദ്രമോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന ജെയ്റ്റ്ലി ആരോഗ്യപ്രശ്നങ്ങൾ കാരണം ഇത്തവണ മന്ത്രിസഭയിലേക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് ജെയ്റ്റ്ലി. ജെയ്റ്റ്ലി മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് മോദി സർക്കാർ നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയവ നടപ്പാക്കിയത്. വാർത്താ വിതരണ പ്രക്ഷേപണം, ഓഹരി വിറ്റഴിക്കൽ, നിയമം, കമ്പനി കാര്യം, വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്ത ജെയ്റ്റ്ലി നാലു തവണ രാജ്യസഭാംഗമായി. രാജ്യസഭാ നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ പദവികൾ വഹിച്ചു. അഭിഭാഷകനായും എഴുത്തുകാരനായും പ്രസിദ്ധിയാര്‍ജിച്ചിട്ടുണ്ട്.