ന്യുഡൽഹി:രാജ്യം എഴുപതു വര്ഷം ഭരിച്ചു എന്നവകാശപ്പെടുന്ന കോൺഗ്രസ് അഴിമതിയിൽ ആണ് തകർന്നടിഞ്ഞത് .അഴിമതി എന്ന മഹാവിപത്ത് കണ്ടും കേട്ടും മടുത്ത ഒരു ജനതയ്ക്ക മുമ്പിൽ പിറവിയെടുത്ത സൂര്യതേജസായിരുന്നു അരവിന്ദ് കേജ്‌രിവാൾ. നാടിനെ അഴിമതി മുക്തമാക്കുന്നതിനായി ഒരു രാഷ്ട്രീയപാർട്ടിക്ക് മാത്രമേ സാധിക്കുമെന്ന തിരിച്ചറിവ് ആം ആദ്മി എന്ന പാർട്ടിക്ക് ഡൽഹിയിൽ പിറവിയെടുക്കുന്നതിന് കാരണമായി. തലപ്പത്ത് നിന്ന് നയിക്കാൻ അരവിന്ദ് കേജ്‌രിവാളെന്ന ഉത്തമ നേതാവുള്ളതുകൊണ്ട് തന്നെ ഒരു കൂട്ടം സാധാരണക്കാർ ആം ആദ്മിയിൽ വിശ്വാസമർപ്പിച്ചു. ആ വിശ്വാസമായിരുന്നു കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡൽഹിയിലെ ജനത അനുഭവിച്ചറിഞ്ഞത്.
വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാതെ വികസനത്തിലൂന്നിയ ഒരു ഭരണം കാഴ്ചവയ്ക്കാൻ കേജ്‌രിവാളിന് കഴിഞ്ഞെന്ന കാര്യത്തിൽ സംശയമില്ല. ഈ തിരഞ്ഞെടുപ്പ് ഫലത്തിലും അതുതന്നെയാണ് പ്രതിഫലിച്ചിട്ടുള്ളത്.2012 നവംബർ 24 ന് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വച്ചായിരുന്നു ആം ആദ്മി രൂപീകരിച്ചത്. ഹിന്ദിയിൽ ‘ആം’ എന്നാൽ ‘സാധാരണ’ എന്നും ‘ആദ്മി’ എന്നാൽ ‘മനുഷ്യൻ’ എന്നുമാണർത്ഥം. അതായത് ‘ആം ആദ്മി’ എന്നാൽ, ‘സാധാരണക്കാരൻ’ എന്നർത്ഥം. ‘ആം ആദ്മി പാർട്ടി’ എന്നാൽ, ‘സാധാരണക്കാരന്റെ പാർട്ടി’ എന്നർത്ഥം. അഴിമതിയെ തുടച്ചുമാറ്റുന്നത് എന്ന ധ്വനിയിൽ ‘ചൂൽ’ തിരഞ്ഞെടുപ്പ് ചിഹ്നമായും സ്വീകരിക്കപ്പെട്ടു. മറ്റുപാർട്ടികളിൽ നിന്നൊക്കെ വ്യത്യസ്തമായി തലപ്പത്തുപോലും അധികാരം വികേന്ദ്രീകൃതമായ ഒരു ഘടനയായിരുന്നു ആദ്മി പാർട്ടിക്ക്.
1968ൽ ഹരിയാനയിലെ ഭിവാനി ജില്ലയിലെ വിദ്യാസമ്പന്നമായ ഒരു ഉയർന്ന ഇടത്തരം അഗർവാൾ കുടുംബത്തിലാണ് കേജ്‌രിവാളിന്റെ ജനനം. പിതാവ് ഗോബിന്ദ് റാം കേജ്‌രിവാൾ. മാതാവ് ഗീതാ ദേവി. ഖരഗ്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ കേജ്‌രിവാൾ 1989ൽ ജംഷെഡ്പൂർ ടാറ്റാ സ്റ്റീൽസിൽ ജോലിയിൽ പ്രവേശിച്ചു. 1992ൽ ജോലി രാജിവച്ച് സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ടി പരിശീലനം ആരംഭിച്ച കേജ്‌രിവാൾ 1995ൽ ഇന്ത്യൻ വവന്യു സർവീസിൽ ഇൻകംടാക്സ് അസിസ്റ്റന്റ് കമ്മിഷണറായി നിയമിതനായി.
ഗാന്ധിയനായ അണ്ണാ ഹസാരയുമായി ചേർന്ന് ഇന്ത്യാ എഗെനിസ്റ്റ് കറപ്ഷൻ എന്ന പ്രസ്ഥാനം തുടങ്ങി. ഹസാരയ്ക്കൊപ്പം ഉപവാസങ്ങളിൽ കേജ്‌രിവാളിനെയും കാണാമായിരുന്നു. രാഷ്ട്രീയത്തിൽ തത്പരനല്ലാതിരുന്നതിൽ ഹസാരെ കേജ്‌രിവാളിന്റെ പാർട്ടിയുടെ ഭാഗമാകാൻ വിസമ്മതിച്ചു.2013ൽ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മിയ്ക്ക് അപ്രതീക്ഷിതമായ നേട്ടമായിരുന്നു. 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസിന്റെ ഷീലാ ദീക്ഷിതിനെയാണ് കേജ്‌രിവാൾ അന്ന് ന്യൂഡൽഹി മണ്ഡലത്തിൽ തോൽപ്പിച്ചത്.
70 അംഗ നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലായിരുന്നു. കേവലഭൂരിപക്ഷം നേടാനാവാത്തതിനാൽ സർക്കാർ രൂപീകരണത്തിനില്ലെന്ന് പറഞ്ഞ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി പിന്മാറി. അതോടെ രണ്ടാം സ്ഥാനക്കാരായ ആംആദ്മിയ്ക്ക് നറുക്ക് വീണു. കോൺഗ്രസിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ ആപ്പ് ഡൽഹിയിൽ അധികാരത്തിലെത്തി. 2014ൽ കേജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു. അന്നേ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരണാസി മണ്ഡലത്തിൽ നിന്നും നരേന്ദ്രമോദിയ്ക്കെതിരെ മത്സരിച്ചെങ്കിലും കേജ്‌രിവാൾ പരാജയപ്പെട്ടു.2015ൽ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി ചരിത്രവിജയം നേടി. 70ൽ 67 സീറ്റു നേടിക്കൊണ്ട് ആപ്പ് ഡൽഹി തൂത്തുവാരി. അരവിന്ദ് കേജ്‌രിവാൾ വീണ്ടും ഡൽഹി മുഖ്യമന്ത്രിയായി. ചരിത്രത്തിലാദ്യമായി കോൺഗ്രസിന് ഡൽഹിയിൽ ഒരു സീറ്റ് പോലും നേടാനായില്ല. കേജ്‌രിവാളിന്റെ ഭരണം ആപ്പിനെ വീണ്ടും ഭരണത്തുടർച്ചയിലെത്തിക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ ഇപ്പോൾ കാണുന്നത്.