തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിൽ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരായ റീമയും ആഷിഖ് അബുവും കുടുങ്ങുമോ ?സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി തൃശൂര്‍ കയ്പമംഗലം സ്വദേശി ഫൈസല്‍ ഫരീദിന്റെ ചലച്ചിത്ര മേഖലയിലെ പ്രമുഖരുമായുള്ള ബന്ധവും എന്‍ഐഎ അന്വേഷിക്കുന്നു. കൊച്ചി, ഫോര്‍ട്ട് കൊച്ചി ആസ്ഥാനമായി ഒരു ചലച്ചിത്ര മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വര്‍ണക്കടത്തിലെ പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു പുറമേ സിനിമ നിര്‍മാണത്തിലും വിനിയോഗിച്ചതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട് എന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു .
2019ല്‍ ആഷിഖ് അബു തന്നെ നിര്‍മിച്ച് സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിനു സാമ്പത്തികസഹായം ലഭിച്ചത് ഫൈസലില്‍ നിന്നാണെന്ന സൂചന എന്‍ഐഎക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആഷിഖ് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും ചേര്‍ന്ന് തുടങ്ങിയ ഒപിഎം എന്ന നിര്‍മാണ കമ്പനിയാണ് ചലച്ചിത്രം നിര്‍മിച്ചത്. സാമ്പത്തികമായ വലിയ വിജയം ആയിരുന്നില്ലെങ്കിലും മലയാളത്തിലെ പ്രമുഖ നടീ-നടന്‍മാര്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇതിനു പണം ഇറക്കിയതു സംബന്ധിച്ചാണ് എന്‍ഐഎ പരിശോധിക്കുന്നത്.
2019 ഓഗസ്റ്റില്‍ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഒരു തെലുങ്ക് സിനിമയുടെ മലയാളം പതിപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിരുന്നുസത്കാരത്തില്‍ ഫൈസല്‍ എത്തിയിരുന്നതായി എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആഷിഖ് അബുവിന്റെ ഭാര്യ റിമ ആണ് തെലുങ്കിലും തമിഴിലും പുറത്തിറങ്ങിയ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ഏഴു കോടിയോളം രൂപയാണ് ഈ ചിത്രത്തിന് സ്വര്‍ണക്കടത്ത് മാഫിയ ചെലവഴിച്ചതെന്നാണ് കണ്ടെത്തല്‍.
ഇതേത്തുടര്‍ന്ന് റിമയേയും സ്വര്‍ണക്കടത്തുമായി അന്വേഷണസംഘം ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്. ആഷിഖ് അബുവുമായി ഫൈസലിന് അടുത്ത സൗഹൃദമുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. ഹോട്ടലില്‍ നടന്ന വിരുന്നില്‍ ഫോര്‍ട്ട് കൊച്ചി ആസ്ഥാനമായുള്ള ചലച്ചിത്ര മാഫിയ അംഗങ്ങള്‍ എല്ലാം പങ്കെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷം ചോദ്യം ചെയ്യല്‍ അടക്കം വിഷയങ്ങളിലേക്ക് എന്‍ഐഎ കടക്കും.