ഉപയോഗിച്ചത് അത്യാധുനിക തോക്ക്..!! മുഖം മറയ്ക്കാത്തത് ഞെട്ടിക്കുന്നു; എഎസ്ഐയുടെ കൊലപാതകത്തിന് പിന്നിൽ പുതിയ തീവ്രവാദ സംഘടന

കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം. തമിഴ്‌നാട് നാഷണല്‍ ലീഗ് എന്ന സംഘടനയെ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട്ടില്‍ മുന്‍പ് സജീവമായിരുന്ന ചില തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ചേര്‍ന്ന് രൂപീകരിച്ച പുതിയ സംഘടനയായ തമിഴ്‌നാട് നാഷണല്‍ ലീഗാണ് എഎസ്‌ഐയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ബംഗളൂരുവില്‍ തീവ്രവാദി സംഘത്തെ പിടികൂടിയതിന് തിരിച്ചടി നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് നിഗമനം. രാജ്യവ്യാപകമായി സ്‌ഫോടനത്തിന് പദ്ധതിയിട്ട തീവ്രവാദി സംഘത്തെയാണ് ബംഗളൂരുവില്‍ പിടികൂടിയത്. ഇതിന് എവിടെയെങ്കിലും തിരിച്ചടി നല്‍കുക എന്ന ഉദ്ദേശ്യമായിരുന്നു എഎസ്‌ഐയെ വെടിവെക്കുന്നതില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊലപാതകത്തിന് പിന്നില്‍ തിരുവിതാംകോട് സ്വദേശി അബ്ദുല്‍ ഷമീം (29), തൗഫിഖ് (27) എന്നിവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് ലക്ഷ്യം വ്യക്തമായത്. ഷമീം ബംഗളൂരുവില്‍ അറസ്റ്റിലായ തീവ്രവാദികളുടെ സംഘത്തില്‍ പെട്ടയാളാണ്. പ്രതികളുടെ നാടായ തിരുവിതാംകോട്ടു നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലത്തിലുള്ള ചെക്‌പോസ്റ്റിലെ സംവിധാനങ്ങളും പരിസരവും സംബന്ധിച്ച പരിചയമാകാം പ്രതികാരത്തിന് ഇവിടം തെരഞ്ഞടുത്തതിനു കാരണമെന്നു കരുതുന്നു. അതല്ലാതെ കൊല്ലപ്പെട്ട വില്‍സനുമായി പ്രതികള്‍ക്കു മുന്‍വിരോധമെന്തെങ്കിലും ഉള്ളതായി കണ്ടെത്തിയിട്ടില്ല.

തമിഴ്‌നാട്ടുകാരായ ഇമ്രാന്‍ ഖാന്‍, മുഹമ്മദ് ഹനീഫ്, മുഹമ്മദ് സയിദ് എന്നിവരെയാണു ബംഗളൂരുവില്‍ കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവരും പ്രതി ഷമീമും 2014ല്‍ ചെന്നൈയില്‍ ഹിന്ദു മുന്നണി നേതാവ് പി.കെ.സുരേഷ് കുമാറിനെ വധിച്ച കേസില്‍ പങ്കാളികളാണ്. ജനവാസ മേഖലയിലെ ചെക്ക്‌പോസ്റ്റില്‍ കടന്ന് എഎസ്‌ഐയെ വെടിവച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടതിനു പിന്നില്‍ ക്യത്യമായ മുന്നൊരുക്കമുണ്ടെന്ന് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നതായി പൊലീസ് പറയുന്നു. കൊലപാതകത്തില്‍ പങ്കെടുത്തവര്‍ക്ക് അവസരമൊരുക്കാന്‍ ഒന്നിലധികം വാഹനങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു.

മാര്‍ത്താണ്ഡം മേല്‍പാലം അവസാനിക്കുന്ന കുഴിത്തുറയില്‍ ബുധനാഴ്ച രാത്രി 9.07ന് പ്രതികള്‍ നില്‍ക്കുന്നതിന്റെ സിസിടിവി ദ്യശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരും ചെക്ക്‌പോസ്റ്റിനടുത്ത് എത്തുന്നത് 9.33നാണ്. ചെക്ക്‌പോസ്റ്റ് സ്ഥിതിചെയ്യുന്ന റോഡിലേക്ക് പിപിഎം ജങ്കഷന്‍, കളിയിക്കാവിള ബസ് സ്റ്റാന്‍ഡിന് സമീപം എന്നിവിടം വഴി പ്രവേശിക്കാനാകും. പണിമുടക്കായതിനാല്‍ പ്രദേശത്ത് കടകളിലധികവും പ്രവര്‍ത്തിക്കാത്തതും വഴി വിജനമായിരുന്നതും കൊലപാതകികള്‍ക്കു സഹായകമായി. കൊലപാതകം നടത്തിയത് അത്യാധുനിക തോക്കുകൊണ്ടെന്നാണ് സൂചന. 7.62 മില്ലിമീറ്റര്‍ വലിപ്പമുള്ള വെടിയുണ്ടകളാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കളിത്തോക്കിന്റെ ശബ്ദം മാത്രമേ പുറത്ത് കേട്ടുള്ളു എന്നാണ് സംഭവത്തിനു സാക്ഷിയായ അടുത്ത കടയിലെ വ്യാപാരിയുടെ വെളിപ്പെടുത്തല്‍.

കൊലയ്ക്കു ശേഷം പ്രതികള്‍ ആദ്യം കണ്ട പള്ളി വളപ്പിനുള്ളില്‍ കയറി മറുഭാഗത്തെ വഴിയിലൂടെ ദേശീയപാതയിലേക്ക് കടന്നതു വഴികള്‍ നേരത്തെ മനസ്സിലാക്കിയെന്നതിന്റെ തെളിവാണെന്നും പൊലീസ് പറയുന്നു. നൂറുമീറ്ററോളം റോഡിലൂടെ നടന്ന് ചെക്ക്‌പോസ്റ്റിനു മുന്നിലേക്ക് രണ്ടു പ്രതികളും എത്തുന്നതിന്റെയും പള്ളിക്കുള്ളിലേക്ക് ഓടിക്കയറുന്നതിന്റെയും പുറത്ത് ഇറങ്ങുന്നതിന്റെയും വിഡിയോ ദൃശ്യങ്ങളും സുരക്ഷാ ക്യാമറയില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്യോന്യം സംസാരിച്ച് അലസമായി ഇരുവരും നടന്ന് നീങ്ങുന്നതാണ് ദ്യശ്യങ്ങളിലുള്ളത്. സിസിടിവി ക്യാമറകള്‍ എറെയുള്ള റോഡില്‍ അക്രമികള്‍ മുഖം മറയ്ക്കാന്‍ കൂട്ടാക്കാത്തതിന്റെ യുക്തി പൊലീസിന് ചോദ്യചിഹ്നമായിട്ടുണ്ട്.

Top