ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആറാം സ്വര്‍ണം. 10m എയര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ പുരുഷ ടീമാണ് സ്വര്‍ണം കരസ്ഥമാക്കിയത്. സരബ്ജോത് സിങ്, അര്‍ജുന്‍ ചീമ, ശിവ നര്‍വാല്‍ എന്നിവര്‍ക്കാണ് സ്വര്‍ണനേട്ടം. 1734 പോയിന്റോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം നേടിയത്. ചൈനീസ് താരങ്ങള്‍ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ഇന്ത്യന്‍ താരങ്ങളെക്കാള്‍ ഒരു പോയിന്റ് പിന്നിലായി.
വനിതകളുടെ 60 കിലോ വിഭാഗം വുഷുവില്‍ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി ലഭിച്ചു. ഫൈനലില്‍ ചൈനീസ് താരത്തോട് തോറ്റതിന് പിന്നാലെയാണ് റോഷിബിന ദേവി വെള്ളി തിളക്കത്തില്‍ ഒതുങ്ങിയത്.
2022-ല്‍ നടക്കേണ്ടിയിരുന്ന മേള കൊവിഡ് വ്യാപനം മൂലം 2023-ലേക്ക് നീട്ടി വയ്ക്കുകയായിരുന്നു. 44 വേദികളില്‍ 40 കായിക ഇനങ്ങളിലായി 481 മെഡല്‍ പോരാട്ടങ്ങളാണ് ഏഷ്യന്‍ ഗെയിംസ് വേദിയില്‍ നടക്കുക. ഇന്ത്യയടക്കം 45 രാജ്യങ്ങളില്‍ നിന്നുള്ള 12,417 കായികതാരങ്ങളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുക. ഒക്ടോബര്‍ എട്ടിനാണ് മേള സമാപിക്കുന്നത്.