വൈദികര്‍ സിനിമയ്ക്കും വിനോദയാത്രയ്ക്കും പോകുന്നു..!! കന്യാസ്ത്രീയ്ക്ക് പാടില്ല..!! രണ്ട് നീതിക്കെതിരെ കുപ്പൂച്ചിന്‍ വൈദികന്റെ ലേഖനം

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളക്കല്‍ ഉള്‍പ്പെട്ട പീഡനക്കേസില്‍ ശക്തമായ നിലപാടെടുത്തതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസിക്കെതിരായ നടപടിയുടെ പശ്ചാത്തലത്തില്‍ സഭയെ വിമര്‍ശിച്ച് കപ്പൂച്ചിന്‍ വൈദികന്റെ ലേഖനം. സ്വാതന്ത്ര്യങ്ങളെല്ലാം അനുഭവിക്കുന്ന വൈദികര്‍ അതേ വ്രതങ്ങളും സന്ന്യാസവും സ്വീകരിച്ചിട്ടുള്ള കന്യാസ്ത്രീകളെ രണ്ടാം തരക്കാരായാണു കാണുന്നതെന്നു ലേഖനത്തില്‍ വിമര്‍ശനം. കപ്പൂച്ചിന്‍ സഭയുടെ ഉടമസ്ഥതയിലുള്ള അസീസി മാസികയുടെ പുതിയ ലക്കത്തിലാണു ഫാ. ജോര്‍ജ് വലിയപാടത്തിന്റെ വിവാദ ലേഖനം.

സഭയില്‍ പുരുഷനും സ്ത്രീയ്ക്കും രണ്ടു നീതിയാണെന്നു വ്യാഖാനിക്കുന്നതാണു ലേഖനം. സിസ്റ്റര്‍ ലൂസിയ്ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ അധിപനായ സമൂഹം നടത്തുന്ന മാസികയിലാണ് അതേ സമൂഹാംഗമായ വൈദികന്റെ ലേഖനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സന്യാസത്തില്‍ നിയമം മാത്രമായിരുന്നില്ല എപ്പോഴും ആധാരമെന്നും ”ലൂസിയും സഭയും മാധ്യമങ്ങളും” എന്ന ലേഖനത്തില്‍ പറയുന്നു. ” പുരുഷ സന്യാസ സമൂഹങ്ങളില്‍ പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയറിനുപോലും നാല്‍ചക്രവാഹനം ഇല്ലാതിരുന്ന എഴുപതുകളില്‍ ചില അംഗങ്ങള്‍ക്ക് ഇത്തരം വാഹനങ്ങള്‍ അനുവദിച്ചിരുന്നു. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞു പുരുഷ സന്യാസ ആശ്രമങ്ങളില്‍ വാഹനങ്ങള്‍ നിറഞ്ഞു. സന്യസ്തരായ പുരുഷന്‍മാര്‍ സാധാരണ ജനങ്ങളുടെ വസ്ത്രം ധരിച്ചു വിനോദയാത്ര പോകുകയും സിനിമ കാണുകയും ചെയ്യുന്നു. സന്യാസവസ്ത്രം, സ്ഥലംമാറ്റം, പണം കൈമാറ്റം, മാധ്യമങ്ങള്‍ക്കു മുന്നില്‍ വരുന്നത് തുടങ്ങിയ കാര്യങ്ങളിലും പുരുഷ സന്യാസ സമൂഹങ്ങളില്‍ ഇളവുണ്ടാകാറുണ്ട്.

ധ്യാനപ്രസംഗകരും മറ്റുമായ ചില അംഗങ്ങള്‍ക്കു കിട്ടുന്നതും അവര്‍ പിരിക്കുന്നതുമായ പണം വിരളമായേ പൂര്‍ണമായും അധികാരികള്‍ക്കു കൈമാറൂ. നിത്യവ്രത വാഗ്ദാനം കഴിഞ്ഞ് പത്തു വര്‍ഷത്തിനകം ഒരു വിദേശയാത്രയെങ്കിലും നടത്താത്ത പുരുഷ സന്യസ്തര്‍ വിരലിലെണ്ണാനേ കാണൂ.

ഇത്തരം സ്വാതന്ത്ര്യം അനുഭവിക്കുന്ന പുരുഷ സന്യസ്തരാണ് കന്യാസ്ത്രീകള്‍ നിയമങ്ങള്‍ കൃത്യമായി പാലിച്ചു കൊള്ളണം, അവര്‍ ഒന്നും ചെയ്തു കൂട എന്ന നിലപാട് സ്വീകരിക്കുന്നത്. അവരുടെ അനുസരണ -ദാരിദ്ര്യ വ്രതങ്ങളെക്കുറിച്ച് എഴുതുമ്പോഴും പറയുമ്പോഴും പുരുഷ സന്യസ്തരില്‍ കാല്‍പ്പനികത വന്നു നിറയും. അമ്പതിനായിരം രൂപ ശമ്പളം വാങ്ങുമ്പോഴും എല്ലാ അംഗങ്ങള്‍ക്കും നല്‍കുന്ന 150 രൂപ മാത്രം കൈപ്പറ്റി ഒതുങ്ങിക്കഴിയുന്ന ഡോക്ടര്‍മാരും അധ്യാപകരുമായ സ്ത്രീ സന്യസ്തരെക്കുറിച്ച് അവര്‍ കോള്‍മയിര്‍ കൊള്ളും. സഭയില്‍ സന്യാസം ഒന്നേ ഉള്ളൂവെങ്കില്‍ അത് ആണിനും പെണ്ണിനും ഒരു പോലെ ആയിരിക്കണമെന്നും ലേഖനം പറയുന്നു.

പുരുഷാധിപത്യത്തെക്കുറിച്ചു ചോദിക്കുമ്പോള്‍ ”സഭയിലോ ഛേ ഇല്ലേ ഇല്ല” എന്നു പറയരുത്. ഒരു സന്യാസ സമൂഹത്തില്‍നിന്ന് ഒരാള്‍ പുറത്താക്കപ്പെട്ടാലുടനെ അവര്‍ വിവാഹം ചെയ്ത് അത്മായരായി ജീവിക്കണമെന്നൊന്നും എവിടെയും എഴുതിവച്ചിട്ടില്ല. ”-ലേഖനത്തില്‍ പറയുന്നു. അക്കമിട്ടു കാരണങ്ങള്‍ നിരത്തി, നടപടി ക്രമങ്ങള്‍ പാലിച്ചു സിസ്റ്റര്‍ ലൂസിയുടെ സന്യാസമൂഹാംഗത്വം കോണ്‍ഗ്രിഗേഷന്‍ റദ്ദാക്കിയിരിക്കുന്നതിനാല്‍ റോമില്‍നിന്നു മറിച്ചൊരു തീരുമാനമുണ്ടാകാനുള്ള സാധ്യത പരിമിതമാണെന്നും ലേഖകന്‍ പറയുന്നു.

Top