;ട്രാന്‍സ്ഫര്‍ അംഗീകരിക്കരുതെന്ന് കുറിവലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളോട് സി. ലൂസി കളപ്പുര

കുറവിലങ്ങാട് മഠത്തില്‍ നിന്നും ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ബലാത്സംഗ കേസില്‍ നീതിക്കു വേണ്ടി സമരം ചെയ്യേണ്ടി വന്ന നാല് കന്യാസ്ത്രീകളെ സ്ഥലം മാറ്റിക്കൊണ്ടുള്ള മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനി സമൂഹത്തിന്റെ ജനാറളിന്റെ നടപടി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി. ലൂസി കളപ്പുര.

കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തു എന്നതടക്കമുള്ള കുറ്റങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കന്യാസ്ത്രീയാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗമായ സി. ലൂസിയും. സ്ഥലം മാറ്റം ഉത്തരവ് അനുസരിച്ചില്ല എന്നതും അനുസരണവ്രതത്തിന്റെ ലംഘനമായി സി. ലൂസിക്കെതിരേയുള്ള നിരത്തിയിരിക്കുന്ന കുറ്റങ്ങളില്‍ ഒന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പ്രതികാരത്തിനുവേണ്ടി ഉപയോഗിക്കുന്ന ഏതു നിയമവും ആരുകൊണ്ടു വന്നാലും അംഗീകരിക്കാനാകില്ലെന്നും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ അവരുയര്‍ത്തിയ ആവശ്യത്തില്‍ നീതി കിട്ടിയാലല്ലാതെ മറ്റൊരിടത്തേക്കും പോകരുതെന്നുമാണ് സി.ലൂസി പറയുന്നത്. ട്രാന്‍സ്ഫര്‍ നടപടിയെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഞാനും ഒരു മഠത്തിലുള്ളൊരാളാണല്ലോ. ഇതുപോലൊരു ട്രാന്‍സ്ഫറിനെ അഭിമുഖീകരിച്ചിട്ടുള്ളതുമാണ്. എനിക്കെതിരേ നിരത്തുന്ന കുറ്റങ്ങളില്‍ അതു പറയുന്നുമുണ്ട്. ഞാനതൊന്നും കാര്യമാക്കുന്നില്ല. അതേസമയം കുറവിലങ്ങാട് മഠത്തിലെ ആ കന്യാസ്ത്രീകളുടെ അവസ്ഥ മാനുഷികമായി ഒന്നു ആലോചിച്ചു നോക്കൂ.

സഭയില്‍ നിന്നും ഒരുതരത്തിലും നീതി കിട്ടാതെ വന്നപ്പോള്‍ അവര്‍ക്ക് അവരുടെ പ്രശ്‌നം തെരുവില്‍ കൊണ്ടുവരേണ്ടി വന്നു. അവരംഗമായ സന്ന്യാസി സഭയും അതിലെ അംഗങ്ങളും അവര്‍ക്കെതിരെ നില്‍ക്കുന്നു. ഇത്രവലിയ സമ്മര്‍ദ്ദങ്ങളും വെല്ലുവിളികളും നേരിടുമ്പോഴും കുറവിലങ്ങാട് മഠത്തില്‍ അവര്‍ സംതൃപ്തരാണ്. ആകെയുള്ള ബുദ്ധിമുട്ട് അവിടെയുള്ള മറ്റ് മൂന്നുനാല് കന്യാസ്ത്രീകളാണ്. അവര്‍ അവിടെ നിന്നും മാറിയാല്‍ ഇവര്‍ ആശ്വാസത്തോടെ കഴിഞ്ഞോളും. അതല്ലേ ചെയ്യേണ്ടിയിരുന്നത്. ഒരു മഠത്തില്‍ നിറയേണ്ടത് സ്‌നേഹമാണ്.സ്‌നേഹമില്ലെങ്കില്‍ എന്തിനാ മഠം? സ്‌നേഹം നഷ്ടപ്പെടുത്തിയിട്ട്, നിയമവും ചട്ടവും അനുസരണവ്രതവുമൊക്കെ കൊണ്ടുവന്നിട്ട് എന്ത് കാര്യം? ട്രാന്‍സ്ഫര്‍ ഒരിക്കലും അംഗീകരിക്കരിക്കരുതെന്നും, അതിന്റെ പേരില്‍ എന്ത് അച്ചടക്കലംഘനമാണ് എടുക്കാന്‍ പോകുന്നതെന്നു നോക്കാമെന്നും സി. ലൂസി സധൈര്യം പറയുന്നു.

ശിക്ഷിക്കാന്‍ വേണ്ടിയാണ് അനുസരണ വ്രതം ഉപയോഗിക്കുന്നതെങ്കില്‍ ആ വ്രതം ഇല്ലാതാകുകയാണ് വേണ്ടതെന്നും സി. ലൂസി പ്രഖ്യാപിക്കുന്നു. പാപിയായ സ്ത്രീയെ കല്ലെറിയാന്‍ ഇതുപോലെ നിയമവും പറഞ്ഞ് വന്നവരുണ്ടായിരുന്നു. അവരോട് ക്രിസ്തു പറഞ്ഞത് നിങ്ങളില്‍ തെറ്റ് ചെയ്യാത്തവരുണ്ടെങ്കില്‍ അവളെ ശിക്ഷിച്ചോളാനായിരുന്നു. ആരുമുണ്ടായിരുന്നില്ല തെറ്റ് ചെയ്യാത്തവരായി. ആ മനുഷ്യര്‍ക്ക് അന്നത് മനസിലായി. ഇന്നുള്ളവര്‍ക്ക് മനസിലാകുന്നില്ല.

അവരാരും തെറ്റ് ചെയ്യാത്തവരാണോ? ഇങ്ങനെയൊക്കെ ചെയ്യാനാണ് അനുസരണവ്രതം പാലിക്കേണ്ടതെങ്കില്‍ ആ വ്രതം ഇല്ലാതാകുകയാണ് വേണ്ടത്. ആ കന്യാസ്ത്രീകളെ നാലഞ്ച് കൊല്ലത്തേക്കെങ്കിലും കുറവിലങ്ങാട് തന്നെ താമസിക്കാന്‍ സമ്മതിക്കണമെന്നാണ് സി.ലൂസി കളപ്പുര ആവശ്യപ്പെടുന്നത്. അവരുടെ മനസിന് ബലം വയ്ക്കട്ടെയെന്നും അവരാവശ്യപ്പെട്ട കാര്യത്തില്‍ നീതി കിട്ടുന്നതുവരെ അവര്‍ ഒരുമിച്ച് നില്‍ക്കട്ടേയെന്നും സി.ലൂസി പറയുന്നു. ദ്രോഹിക്കാന്‍ വേണ്ടിയാണ് അനുസരണവ്രതം ഉപയോഗിക്കുന്നതെങ്കില്‍, ആ വ്രതം ലംഘിക്കുക തന്നെ വേണമെന്നും സി. ലൂസി ചൂണ്ടിക്കാണിക്കുന്നു.

കന്യാസ്ത്രീകളുടെ സ്ഥലം മാറ്റത്തെ അനുകൂലിച്ച് സംസാരിക്കുന്നവരോടുംസി. ലൂസി തന്റെ വിയോജിപ്പ് പ്രകടമാക്കുന്നു. സ്ഥലമാറ്റത്തെ അനുകൂലിച്ച് പ്രായമുള്ളൊരു അച്ചന്‍ ചാനലില്‍ ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. ഏത് നിയമം പറഞ്ഞാണെങ്കിലും ആ കന്യാസ്ത്രീകളെ ട്രാന്‍സ്ഫര്‍ ചെയ്യുന്നത് തെറ്റ് തന്നെയാണെന്നാണ് സി ലൂസി വ്യക്തമാക്കുന്നത്. ആ തെറ്റ് അംഗീകരിച്ച് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ പിന്‍വലിച്ച് മാപ്പ് പറയുകയാണ് ചെയ്യേണ്ടതെന്നും സിസ്റ്റര്‍ കൂട്ടിചേര്‍ക്കുന്നു.

നാളെ ആ കന്യാസ്ത്രീകളോട് തൂങ്ങിച്ചാകാന്‍ അനുസരണവ്രതത്തിന്റെ പേരില്‍ നിര്‍ബന്ധിച്ചാല്‍ അവരതും ചെയ്യണോയെന്നും ഇപ്പോഴത്തെ ട്രാന്‍സ്ഫറിനെ അനുകൂലിച്ച് ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്നു സംസാരിക്കുന്ന അച്ചന്മാര്‍, അവര്‍ തൂങ്ങിച്ചത്തില്ലെങ്കിലും വിളിച്ചു പറയുമോ കന്യാസ്ത്രീകള്‍ അനുസരണവ്രതം പാലിച്ചില്ലെന്ന്? എന്നും ചോദിക്കുന്നു സി. ലൂസി കളപ്പുര. ആ കന്യാസ്ത്രീകള്‍ മഠം വിട്ട് എങ്ങോട്ടും പോകേണ്ട കാര്യമില്ല. ഞങ്ങളൊക്കെ മഠത്തില്‍ ചേരുമ്പോള്‍ മനസിലാക്കിയിരുന്നത് സ്‌നേഹം നിറഞ്ഞു കവിയുന്നൊരിടമാണിത് എന്നാണ്. അതാണ് വേണ്ടതും. പരസ്പരം അംഗീകരിക്കുകയും സ്‌നേഹിക്കുകയുമാണ് ആവശ്യം.

അല്ലാതെ കാലുവാരലും പകതീര്‍ക്കലുമല്ല. ഇത്രമാത്രം നീചമായി വേദനിപ്പിക്കപ്പെട്ട ഒരു കന്യാസ്ത്രീക്ക് പിന്തുണ കൊടുക്കുന്നവരെ എത്ര ദാരുണമായിട്ടാണ് അധിക്ഷേപിക്കുന്നത്. അതും ഒരാളല്ല, ഒരു സഭ മൊത്തത്തില്‍. അതിന്റെ തെളിവുകളാണല്ലോ പ്രതിനിധികളായവര്‍ ചാനലുകളിലും മറ്റും വന്നിരുന്ന് പറഞ്ഞിട്ടുപോകുന്ന കാര്യങ്ങള്‍. ആര്‍ച്ച് ബിഷപ്പോ, അതുപോലെ ബന്ധപ്പെട്ട ഏതെങ്കിലുമൊരാളോ ഇന്നുവരെ ആ കന്യാസ്ത്രീകളെ പിന്തുണച്ച് ഒരു വാക്ക് പറഞ്ഞിട്ടുണ്ടോ? മറിച്ച് എന്തൊക്കെ ആക്ഷേപങ്ങളാണ് പ്രചരിപ്പിക്കുന്നത്. മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി മഠത്തില്‍ ചേരാന്‍ വരുന്നവരാണ് പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കുന്നതാണ് പരിഹാസം. അങ്ങനെ പറയുന്നവരുടെ നിലവാരം മനസിലായതുകൊണ്ട് അവരോടൊന്നും പ്രതികരിക്കാന്‍ താത്പര്യമില്ല. പക്ഷേ, ഒരു കാര്യം പറയാം സ്വന്തം താത്പര്യംകൊണ്ട് സ്വന്തം സ്വാതന്ത്ര്യത്തില്‍ എത്തുന്നവര്‍ മാത്രമെ സത്യത്തിനു വേണ്ടി പ്രതികരിക്കൂ. നിര്‍ബന്ധിക്കപ്പെട്ടും മറ്റെന്തെങ്കിലും കാരണത്താലോ കന്യാസ്ത്രീയാകുന്നവര്‍ എന്തു സംഭവിച്ചാലും നിശബ്ദരായി ഇരിക്കുകയേയുള്ളൂ.

ഈ ട്രാന്‍സ്ഫര്‍ ഒരു കാരണവശാലും അംഗീകരിക്കരുത് എന്നു തന്നെയാണ് സി. ലൂസി ആവര്‍ത്തിക്കുന്നത്. ഇത് കപട നിയമത്തിന്റെ പുറത്തുള്ളതാണ്. ഏറ്റവും വലിയ നിയമം സ്‌നേഹമാണ്. ആ കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടണം. മുറിവേറ്റ അവരുടെ മനസ് സുഖം പ്രാപിക്കണം. ഇപ്പോഴവരുടെ കൂട്ടായ്മയാണ് അവരുടെ ബലം. അത് തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത്. ആര് എന്ത് നിയമം കൊണ്ടുവന്നാലും പോകരുത്. ഇനി സഭയില്‍ നിന്നും പുറത്താക്കുമെന്നാണെങ്കില്‍ അതെ ചെയ്യട്ടേ; സി. ലൂസി പറയുന്നു.

Top