ഗൂഡാലോചന പൂർണ്ണമാകുന്നു …അമ്മയും നിലപാട് മാറ്റുന്നു .. കോടതി ശിക്ഷിക്കും വരെ ദിലീപിനെ കൈവിടേണ്ടെന്ന തീരുമാനത്തിലേക്ക് താരസംഘടന

കൊച്ചി:ഗണേഷിന്റെ അഭിനയം പൂർണ്ണമാകുന്നു .ദിലീപ് വിഷയത്തിൽ നിലപാട് മാറ്റി അമ്മയും .നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പുറത്താക്കിയ സിനിമാ സംഘടനകള്‍ നിലപാട് മാറ്റുന്നു. കോടതി ശിക്ഷിക്കും വരെ ദിലീപിനെ കൈവിടേണ്ടെന്ന തീരുമാനത്തിലേക്കാണ് താരസംഘടനയായ അമ്മയും, നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നീങ്ങുന്നത്. മറ്റ് ചലച്ചിത്ര സംഘടനകളും സമാന നിലപാടിലേക്കാണ് നീങ്ങുന്നതെന്ന് ഈ സംഘടനകളിലെ ചിലര്‍ വ്യക്തമാക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ചലച്ചിത്ര സംഘടനകള്‍ ഒന്നടങ്കം ദിലീപിനെ തള്ളിപ്പറഞ്ഞതും പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പെടെ പുറത്താക്കിയതും തുടര്‍ച്ചയായ മാധ്യമ വിചാരണയിലൂടെ സൃഷ്ടിക്കപ്പെട്ട പൊതുബോധത്തെ പരിഗണിച്ചാണെന്നാണ് അമ്മയുടെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വാദം.ഇത്തരം വാദത്തിലേക്ക് എത്തിക്കാനായിരുന്നു ഗണേഷ്കുമാറിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന .ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ ഒപ്പം നില്‍ക്കേണ്ട സമയമാണിത്. കോടതിവിധി വരുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ല. പൊലീസിനു തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.‘ഒരു ആപത്തില്‍ പെടുമ്പോള്‍ കയ്യൊഴിയാന്‍ പാടില്ല എന്നത് കൊണ്ട് മാത്രമാണ് ഞാനിവിടെ വന്നത്. മനുഷ്യന്റെ സ്‌നേഹമാണ് ഏറ്റവും വലുതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആപത്ത് വരുമ്പോഴാണ് ആ സ്‌നേഹം പ്രകടിപ്പിക്കേണ്ടത്. ധനമുള്ളപ്പോഴും അധികാരമുള്ളപ്പോഴും സ്‌നേഹിക്കാന്‍ ഒരുപാട് ആള്‍ക്കാര്‍ കാണും’.

ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര യോഗമാണ് ട്രഷറര്‍ സ്ഥാനത്ത് നിന്ന് ദിലീപിനെ നീക്കി താരത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സംഘടനയിലെ വലിയൊരു വിഭാഗത്തിന് തിടുക്കപ്പെട്ട് എടുത്ത ഈ തീരുമാനത്തില്‍ അതൃപ്തിയുണ്ടായിരുന്നു. പിന്നീട് ഇവര്‍ അമ്മ നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചത് താരസംഘടനയുടെ നിലപാട് അറിയിക്കാനാണെന്നും സൂചനയുണ്ട്. ദിലീപിനെ പുറത്താക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അമ്മയിലെ ഭൂരിപക്ഷം അംഗങ്ങളും ദിലീപിനൊപ്പം ഉണ്ടെന്നും ഗണേഷ് അറിയിച്ചെന്നാണ് സൂചന. ഇതിന് പിന്നാലെ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കലാഭവന്‍ ഷാജോണും താരത്തെ സന്ദര്‍ശിച്ചിരുന്നു. നടന്‍ സിദ്ദീഖ് ആണ് ദിലീപിനെ പുറത്താക്കിയതില്‍ രൂക്ഷമായി എതിര്‍പ്പ് നേതൃത്വത്തെ അറിയിച്ച മറ്റൊരു താരം. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സിദ്ദീഖ് തന്റെ എതിര്‍പ്പ് അറിയിച്ചിരുന്നു.
ദിലീപിനെ പുറത്താക്കിയെങ്കിലും നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ദിലീപിനെ കൈവിടില്ലെന്ന നിലപാടിലാണ്. നിയമനടപടികളില്‍ ഉള്‍പ്പെടെ ദിലീപിനെ പിന്തുണയ്ക്കാനാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ ദിലീപ് കുറ്റക്കാരനല്ലെന്നാണ് തന്റെ വിശ്വാസമെന്നും താരത്തെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ആവര്‍ത്തിച്ചിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറി രജപുത്രാ രഞ്ജിത് നേരത്തെ തന്നെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഓണനാളുകളില്‍ ഇദ്ദേഹം ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് ആല്‍വിന്‍ ആന്റണി, ബിജോയ് ചന്ദ്രന്‍, അരുണ്‍ ഘോഷ്, ഫിലിം ചേംബര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി മെംബര്‍ എം ഹംസ തുടങ്ങിയവര്‍ ദിലീപിനെ ജയിലിലെത്തി കണ്ടിരുന്നു. ചലച്ചിത്ര സംഘടനകള്‍ ദിലീപിനെ കൈവിടില്ലെന്നും അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവയിലെ ഭൂരിഭാഗം അംഗങ്ങളും ദിലീപ് നിരപരാധിയെന്നാണ് വിശ്വസിക്കുന്നതെന്നും സന്ദര്‍ശിച്ചവര്‍ താരത്തെ അറിയിച്ചെന്നാണ് അറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രിമിനല്‍ പശ്ചാത്തലമുള്ള പള്‍സര്‍ സുനിയുടെ വാക്കുകള്‍ അതേ പടി വിശ്വസിച്ച് പോലീസ് ദിലീപിനെ കുടുക്കിയെന്നാണ് ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തിലുള്ളവരുടെ ആരോപണം. ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയാല്‍ എല്ലാ സംഘടനകളും ക്ഷമാപണം നടത്തി ഭാരവാഹിത്വത്തിലേക്ക് തിരിച്ചെടുക്കുമെന്നാണ് താരസംഘടനയിലെ പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഭാരവാഹി സൗത്ത് ലൈവിനോട് പറഞ്ഞത്. തുടര്‍ദിവസങ്ങളില്‍ ചലച്ചിത്ര സംഘടനകളിലും നിന്നും സിനിമാ മേഖലയില്‍ നിന്നും കൂടുതല്‍ പേര്‍ ദിലിപിനെ അനുകൂലിച്ച് രംഗത്തെത്തുമെന്നും ഇദ്ദേഹം പറയുന്നു. മാതൃസംഘടനയായ അമ്മ പൂര്‍ണമായും കയ്യൊഴിഞ്ഞെങ്കിലും ദിലീപ് മുന്‍കയ്യെടുത്ത് രൂപീകരിച്ച തിയറ്ററുടമകളുടെ സംഘടന ദിലീപിനെ തള്ളിപ്പറഞ്ഞിരുന്നില്ല. അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ദിലീപിനെ പുറത്താക്കിയിരുന്നുവെങ്കിലും ദിലീപ് മുന്‍കയ്യെടുത്ത് രൂപീകരിച്ച തിയറ്റര്‍ സംഘടന ഫിയ്യൂക്, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക എന്നിവ ദിലീപിനെ പൂര്‍ണമായും കയ്യൊഴിഞ്ഞിരുന്നില്ല. ഇരുവരും താരത്തെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്. ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാമെന്നാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ നിലവിലെ പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂര്‍ ജയിലില്‍ എത്തി ദിലീപിനെ കണ്ടിരുന്നു. ദിലീപിനോടും ഇക്കാര്യം അറിയിച്ചെന്നാണ് സൂചന.
അമ്മയുടെ ധൃതിപ്പെട്ടുള്ള തീരുമാനമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും തിയറ്ററുടമകളുടെ സംഘടനയെയും ദിലീപിനെ പുറത്താക്കാന്‍ പ്രേരിപ്പിച്ചതെന്നും അമ്മയിലെ വലിയൊരു വിഭാഗത്തിന് പരാതിയുണ്ട്. ദിലീപിനെ പുറത്താക്കിയ യോഗത്തില്‍ പൃഥ്വിരാജ്, രമ്യാ നമ്പീശന്‍ തുടങ്ങിയവരുടെ നിലപാടും നിര്‍ണായകമായിരുന്നു. കടുത്ത നിലപാട് ഇല്ലെങ്കില്‍ പ്രതിഷേധം പരസ്യമാക്കുമെന്ന് പൃഥ്വിരാജ് യോഗത്തില്‍ അറിയിച്ചിരുന്നു. സിദ്ദീഖ്, ഗണേഷ് കുമാര്‍, മണിയന്‍ പിള്ള രാജു, കലാഭവന്‍ ഷാജോണ്‍ എന്നിവരും ദിലീപിനെ പുറത്താക്കിയതില്‍ എതിര്‍പ്പ് അടുത്ത യോഗത്തില്‍ പരസ്യപ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ദിലീപ് അനുകൂലികള്‍ എതിര്‍പ്പ് പരസ്യപ്പെടുത്തുമെന്ന് ഭീഷണി ഉയര്‍ത്തിയതിനാലാണ് ദിലീപിനെ പുറത്താക്കിയ യോഗത്തിന് ശേഷം എക്സിക്യുട്ടീവ് ചേരേണ്ടതില്ലെന്ന് താരസംഘടന തീരുമാനിച്ചത്. ഇടത് സര്‍ക്കാരിന് കീഴിലുള്ള പോലീസിന്റെ നടപടിയായതിനാല്‍ ഇടത് ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ് എന്നിവര്‍ക്ക് അറസ്റ്റില്‍ പോലീസിനെതിരെ നിലപാട് എടുക്കാനാകില്ലെന്നും ദിലീപ് അനുകൂലികള്‍ ആരോപിക്കുന്നു. കോടതി ശിക്ഷിക്കുവരെ ദിലീപിനെ കയ്യൊഴിയേണ്ടതില്ലെന്നും, ദിലീപിനെതിരെ ഗൂഢാലോചന നടന്നെങ്കില്‍ അത് തെളിയിക്കാനുള്ള അവസരം നല്‍കണമെന്നുമാണ് നടന്‍ സിദ്ദീഖ് ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയ നിലപാടിനെതിരെയാണ് ഒരു വിഭാഗം തുറന്ന യുദ്ധത്തിന് തയ്യാറെടുക്കുന്നുണ്ട്. അമ്മയില്‍ നേതൃമാറ്റം വേണമെന്നും ഇടത് അനുഭാവമുള്ള ഇന്നസെന്റ്, മമ്മൂട്ടി, മുകേഷ് എന്നിവര്‍ തലപ്പത്ത് തുടരുന്നതിനാല്‍ സംഘടനയ്ക്ക് നിക്ഷ്പക്ഷമായി മുന്നോട്ട് പോകാനാകില്ലെന്നുമാണ് ഇവരുടെ അഭിപ്രായം.കേസില്‍ കോടതി വിധി വരുന്നത് വരെ സസ്പെന്‍ഷനോ ട്രഷറര്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തുകയോ ചെയ്യുകയായിരുന്നു വേണ്ടതെന്നും തിടുക്കപ്പെട്ട് പുറത്താക്കിയതിലൂടെ ദിലീപ് കുറ്റവാളിയാണെന്ന് ചലച്ചിത്രലോകം വിധിയെഴുതിയതായി പൊതുസമൂഹത്തിന് തോന്നലുണ്ടായെന്ന് ഇവര്‍ ആരോപിക്കുന്നു. ദിലീപിനെ താരസംഘടന കൈവിട്ടതോടെ ദിലീപിനെതിരെ തിരിയാനും കുറ്റവാളിയായി സമാന്തര വിചാരണ നടത്താനും മാധ്യമങ്ങള്‍ക്കും അവസരമൊരുക്കിയെന്നാണ് സിദ്ദീഖ് ഉള്‍പ്പെടെയുള്ളവരുടെ നിലപാട്.അമ്മ എക്‌സിക്യൂട്ടിവ് ചേര്‍ന്ന ജൂണ്‍ 28ന് ആലുവാ പോലീസ് ക്ലബ്ബില്‍ ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ രാത്രി സിദ്ദീഖ് ഇവിടേക്കെത്തിയത് വിവാദമായിരുന്നു. സംഘടനാ തീരുമാന പ്രകാരമായിരുന്നില്ല സിദ്ദീഖിന്റെ വരവ്. ദിലീപിനെ പുറത്താക്കുന്ന കാര്യത്തില്‍ ഇക്കഴിഞ്ഞ അടിയന്തര എക്‌സിക്യുട്ടീവിലും സിദ്ദീഖിന്റേത് അനുകൂല തീരുമാനമായിരുന്നില്ല. ഇന്നസെന്റ് മമ്മൂട്ടി മോഹന്‍ലാല്‍ കെ ബി ഗണേഷ് കുമാര്‍, ഇടവേള ബാബു, ആസിഫലി, കുക്കൂ പരമേശ്വരന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, മണിയന്‍ പിള്ള രാജു, മുകേഷ്, നെടുമുടി വേണു, നിവിന്‍ പോളി, പൃഥ്വിരാജ്, രമ്യാ നമ്പീശന്‍, സിദ്ദീഖ് എന്നിവരടങ്ങുന്നതാണ് നിലവിലെ എക്‌സിക്യുട്ടീവ്.

Top