മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന അശ്വതിയെവിടെ? സ്ത്രീ ശരീരമെന്ന ഇക്കിളി വസ്തുവാണോ?മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്ക് മണിക്കൂറിന്റെ ആയുസ്സ് മാത്രം

raging

ഒരു പീഡനം നടന്നാല്‍ ആ വിഷയം എത്ര ദിവസം മാധ്യമങ്ങളിലും ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും ചര്‍ച്ചയാകുന്നുണ്ട്? അടുത്തിടെ ഉയര്‍ന്നുവന്ന ഒന്നായിരുന്നു അശ്വതിയുടെ പേര്. കോളേജ് റാഗിംഗില്‍ പെട്ട് ചികിത്സയില്‍ കഴിഞ്ഞ അശ്വതി ഇപ്പോള്‍ എവിടെയാണ്? റാഗ് ചെയ്തുവെന്ന് പറയുന്ന പ്രതികളായ പെണ്‍കുട്ടികള്‍ ഏതാണ്? എന്തുകൊണ്ടാണ് പെണ്‍കുട്ടികളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാത്തത്.

ജിഷയുടെ ഘാതകനെന്ന് പറഞ്ഞ് ഒരു തെറ്റും ചെയ്യാത്തവരുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ അശ്വതിയുടെ കാര്യത്തില്‍ ഈ ഉത്സാഹം കാണിക്കാത്തതെന്തുകൊണ്ടാണ്? പ്രതികള്‍ പെണ്‍കുട്ടികളായതുകൊണ്ടോ? അശ്വതി എന്ന പെണ്‍കുട്ടി ദളിത് പീഡനത്തിന്റെ ആദ്യത്തെയോ അവസാനത്തെയോ ഇരയല്ല. ജിഷയുടെ കേസില്‍ സോഷ്യല്‍ മീഡിയ എടുത്ത തീവ്രമായ നിലപാട് പക്ഷെ അശ്വതിയുടെ പേരില്‍ ഉണ്ടായില്ല എന്നത് നിരവധി ചോദ്യങ്ങള്‍ മനസ്സിലേയ്ക്ക് ഉന്നയിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ തന്നെ ആരോ പറഞ്ഞതുപോലെ ലിംഗ വിശപ്പു മാത്രമാണോ വാര്‍ത്ത മൂല്യമുള്ള സ്ത്രീപക്ഷ വായന?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദളിത് വിഭാഗത്തിനെതിരെയുള്ള ഏത് അതിക്രമവും ദളിത് പീഡനം എന്ന തലത്തില്‍ വരുമ്പോഴും ഇവിടെ ജിഷയ്ക്കു മുന്‍പ് മരിച്ച നിരവധി മനുഷ്യരും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായ, അച്ഛനെ പറഞ്ഞതിന് പാര്‍ട്ടി ഓഫീസില്‍ കയറി മര്‍ദ്ദിച്ചെന്ന് ആരോപണം നേരിട്ട രണ്ടു സ്ത്രീകളും ഇപ്പോള്‍ അശ്വതിയും എല്ലാം ഇത്തരം വായനകളില്‍ വരുന്നതേയില്ലാത്തത് എന്തു കൊണ്ടാണ്?

ഒരു വാര്‍ത്തയെ സമൂഹം ഏറ്റെടുക്കണമെങ്കില്‍ അവള്‍ ലൈംഗികപരമായി അക്രമിക്കപ്പെട്ടിരിക്കണം. ദളിതയാണ്, അതുകൊണ്ടു അവളെയോ അവനെയോ എന്തു പറഞ്ഞാലും അവര്‍ തിരികെ പ്രതിഷേധിക്കാനോ പരാതി ചെയ്യാനോ പാടില്ല, അതുകൊണ്ടു തന്നെ അവളെ കക്കൂസ് കഴുകുന്ന ക്ളീനര്‍ കുടിപ്പിക്കുകയോ അച്ഛന് വിളിക്കുകയോ ആവാം. പക്ഷെ അതൊന്നും മുഖ്യധാരാ വാര്‍ത്തയോ സോഷ്യല്‍ മീഡിയയിലെ നിരന്തര ചര്‍ച്ചയോ ആകില്ല. കാരണം സ്ത്രീ ശരീരമെന്ന ഇക്കിളി വസ്തുവല്ല ആ വാര്‍ത്തകളില്‍ ഉള്ളത് മറിച്ചു വെറും ദളിത് എന്ന അസ്വാഭാവിക വര്‍ഗ്ഗക്കാരന്‍ മാത്രമാണ്. പാര്‍ട്ടി ഏതായാലും ഇതിനും പ്രത്യേകിച്ചു മാറ്റങ്ങള്‍ ഒന്നും തന്നെയില്ല, മനുഷ്യത്വം വാക്കുകളില്‍ മാത്രമാണെന്ന് തിരിച്ചറിയുന്ന അപൂര്‍വ്വം ചില ദിവസങ്ങള്‍ തന്നെയാണ് അശ്വതിയുടേതുള്‍പ്പെടെയുള്ള കേസില്‍ നടന്നത്.

അശ്വതിയെ ടോയിലറ്റ് ക്ളീനര്‍ കുടിപ്പിച്ചത് അവളുടെ ഒപ്പം നഴ്സിംഗ് പഠിക്കുന്ന മുതിര്‍ന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ആണെന്നുള്ളത് ഞെട്ടിക്കുന്നു. കാരണം നഴ്സിംഗ് എന്നത് എത്രയോ പുണ്യമായ ഒരു പ്രൊഫഷനായി കരുത്തേണ്ടുന്ന അപൂര്‍വ്വം ചില സേവനങ്ങളില്‍ ഒന്നാണ് !. ഓരോ വര്‍ഷം കഴിയുന്തോറും ആ തോന്നല്‍ മനസ്സില്‍ അടിയുറച്ചുവേണം സേവനം എന്ന തലത്തിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരേണ്ടത്. എത്ര പണം നല്‍കിയാലും മതിയാകാത്ത സേവനം തന്നെയാണ് നഴ്സുമാര്‍ നല്‍കുന്നത്. ഒരുപക്ഷേ ലക്ഷങ്ങള്‍ കൊടുത്തു പഠിച്ചിറങ്ങിയ ഡോക്ടര്‍മാര്‍ ചെയ്യുന്നതിലുമധികം പുണ്യം തന്നെയാണത്. അതുകൊണ്ടു തന്നെ പണം എന്നതിനേക്കാളധികം ആത്മാവിനെ നല്‍കി ചെയ്യേണ്ട മനുഷ്യത്വം തന്നെയാണ് ഓരോ നഴ്സുമാരും സമൂഹത്തിനു നല്‍കേണ്ടതും.

അത്തരം ഒരു തലത്തില്‍ നില്‍ക്കുന്ന പെണ്‍കുട്ടികള്‍, തങ്ങളുടെ കീഴില്‍ പഠിക്കുന്ന, തങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ അനിയത്തിമാരെ പോലെ കരുത്തേണ്ടുന്ന കുട്ടികളോട് ഇത്തരം നീചമായ പ്രവൃത്തി ചെയ്യുമ്പോള്‍ നാളെ ഇവര്‍ കോളേജില്‍ നിന്നു പഠിച്ചിറങ്ങുമ്പോള്‍ ഇവിടെ എത്ര ജീവനുകള്‍ ഇല്ലാതായേക്കാം? ഇവരുടെ അവഗണനകൊണ്ട് എത്ര മാത്രം വേദന രോഗികള്‍ അനുഭവിക്കേണ്ടിവന്നേക്കാം. അവരില്‍ ചിലപ്പോള്‍ ഞാനുണ്ടാകാം, നിങ്ങളുണ്ടാകാം. ഇല്ലെന്നു പറയാന്‍ ആര്‍ക്കും ഉറപ്പില്ല. പലപ്പോഴും ഹോസ്പിറ്റലുകളില്‍ പോകുമ്പോള്‍ കാണുന്ന ദുര്‍മുഖങ്ങളും വേദനിപ്പിക്കാന്‍ യാതൊരു മടിയുമില്ലാത്ത ചില മാലാഖമാരും ഇത്തരം ഇത്രയധികം അശ്വതിമാരെ ആരുമറിയാതെ നോവിച്ചിട്ടുണ്ടാകാം!

ലിംഗവിശപ്പു മാത്രമല്ല സ്ത്രീകള്‍ പ്രത്യേകിച്ചു ദളിതര്‍ നേരിടുന്ന ഉദാത്ത പ്രശ്നം. ഉപദ്രവിച്ചത് സ്ത്രീകള്‍ ആയതു കൊണ്ടോ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയതു കൊണ്ടോ പീഡനം അങ്ങനെ അല്ലാതെയാകുന്നില്ല. കറുത്ത മുഖവും ശരീരവുമുള്ളവന്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശരീരവുമായി ബന്ധപ്പെട്ടതും മാത്രമല്ല മറിച്ചു മാനസികമായ അപമാനങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. കര്‍ണാടക കലബുറഗി കോളേജില്‍ നടന്ന റാഗിംഗ് വിഷയത്തില്‍ ടോയിലറ്റ് ക്ളീനര്‍ കുടിപ്പിച്ചതിനുമപ്പുറം അശ്വതിയെ മാനസികമായും വിദ്യാര്‍ത്ഥികള്‍ അപമാനിച്ചെന്നും വാര്‍ത്തകള്‍ കണ്ടിരുന്നു. എന്നാല്‍ വീട്ടുപ്രശ്നത്തില്‍ മനം നൊന്ത് കുട്ടി ആത്മഹത്യാശ്രമം നടത്തിയെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. കലാലയത്തിന്റെ നല്ല പേരിനു കളങ്കമുണ്ടാക്കുന്നതൊന്നും അനുവദിക്കില്ലെന്ന നിലപാടിലേക്ക് അവരും എത്തുമ്പോള്‍ ഇവിടെ രക്ഷപ്പെടുന്നത് ഭാവിയിലെ മാലാഖാമാരായി വേഷം മാറിയെത്തേണ്ട ചില ചെകുത്താന്‍ മനസ്സുള്ളവരാണ്.

ഒരു കലാലയത്തിന്റെ അടിസ്ഥാന ധര്‍മ്മത്തില്‍നിന്നു വ്യത്യസ്തവുമാണത്. മികച്ച കുട്ടികളെ പഠിപ്പിക്കാന്‍ നിലനില്‍ക്കുന്ന കലാലയങ്ങള്‍ പണക്കൊഴുപ്പിന്റെ ഇടത്താവളങ്ങള്‍ മാത്രമായി മാറുന്ന കാഴ്ച നോവിക്കുന്നതുമാണ്. അശ്വതിയുടെ ഭാഗം ന്യായമെങ്കില്‍ കോളേജിന്റെ അംഗീകാരം റദ്ദു ചെയ്യുമെന്ന വാര്‍ത്ത രോമാഞ്ചം ഉണ്ടാക്കുന്നുണ്ടെങ്കിലും റിപ്പോര്‍ട്ടുകള്‍ അനുകൂലമായല്ല പുറത്തു വരുന്നത്. മൂന്നു പെണ്‍കുട്ടികള്‍ അറസ്റ്റു ചെയ്യപ്പെട്ടെന്നു വാര്‍ത്ത കണ്ടു, ഒരു പെണ്‍കുട്ടി ഒളിവിലാണത്രെ. സോഷ്യല്‍ മീഡിയയില്‍ ജിഷയുടെ ഘാതകനെന്ന മട്ടില്‍ അതില്‍ യാതൊരു ബന്ധവുമില്ലാത്ത നിസ്സഹയരായ യുവാക്കളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ എന്തുകൊണ്ട് പ്രതികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പുറത്തു വിടാന്‍ ഉത്സാഹം കാണിക്കുന്നില്ല?

വാര്‍ത്തകള്‍ അവരുടെ ലിംഗവിശപ്പിനെ അകറ്റുന്നത് അല്ലാത്തത് കൊണ്ടാകാം. ഇരകളുടെ ചിത്രങ്ങള്‍ കാട്ടുവാനാണ് മാധ്യമങ്ങള്‍ വൈമനസ്യപ്പെടേണ്ടത്. അശ്വതിയുടെ ചിത്രം കാണിച്ച മാധ്യമങ്ങള്‍, ഫിഫ്ത് എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പ്രതികളുടെയും ചിത്രങ്ങള്‍ പരസ്യപ്പെടുത്തണം. നാളെ ഒരുപക്ഷേ ഇത്തരക്കാര്‍ ജോലി ചെയ്യുന്ന ആശുപത്രികളില്‍ പോകുമ്പോള്‍ ഒരാളെങ്കിലും മുഖമോര്‍ത്തു വച്ചു രക്ഷപെടുന്നെങ്കില്‍ അതു തന്നെ ചിത്രങ്ങള്‍ കൊണ്ടുള്ള പ്രയോജനം. അറസ്റ്റും നാടകവും ഇനിയും എത്രനാള്‍, എങ്ങനെയൊക്കെ മുന്നോട്ടു പോകുമെന്ന് കാത്തിരുന്നു കാണാം. ചില മനുഷ്യരുടെ അവസ്ഥകള്‍ എങ്ങനെ , എന്നു മാറാനാണ്… ! കാത്തിരിക്കാം…

Top