ആതിര പരാതി നൽകിയത് പ്രതിയെങ്ങനെ അറിഞ്ഞു? പരാതിയിലെ വിവരങ്ങൾ പൊലീസ് ചോർത്തിയെന്ന് ആരോപണം; ആതിരയുടെ മരണത്തിൽ യൂത്ത് കോൺഗ്രസ് മാർച്ച്

കോട്ടയം: കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തു‍ടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം. സൈബര്‍ അധിക്ഷേപത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കടത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിരക്ക് നീതിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘ‍ർഷം.

സൈബർ അധിക്ഷേപത്തെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയുടെ അറസ്റ്റാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുതിര്‍ന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊലീസ് സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായതായി തിരുവഞ്ചൂർ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്. ആതിരയുടെ പരാതിയിലെ വിശദാംശങ്ങൾ പ്രതിക്ക് പൊലീസ് ചോർത്തി നൽകിയെന്നും പ്രവർത്തകർ ആരോപിക്കുന്നുണ്ട്. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ അധ്യക്ഷൻ അടക്കം അഞ്ച് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ സ്റ്റേഷനിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പരാതി ചോർത്തി നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്പിയോട് ആവശ്യപ്പെട്ടു. ആതിര പൊലീസിൽ നൽകിയ പരാതിയിലെ വിവരങ്ങൾ ഒരു മണിക്കൂറിനുളളിൽ പ്രതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. യുവതിയുടെ ആത്മഹത്യ കേരള മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും തിരുവഞ്ചൂർ പ്രതികരിച്ചു. കടുത്തുരുത്തി കോതനല്ലൂർ സ്വദേശി ആതിരയാണ് കഴിഞ്ഞ ദിവസം മരിച്ചത്.

കേസിലെ പ്രതിയായ അരുൺ വിദ്യാധരനെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഇയാൾക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. കഴിഞ്ഞ ദിവസം പ്രതിയുടെ മൊബെൽ ഫോൺ ടവർ ലൊക്കേഷൻ കണ്ടെത്തിയത് കോയമ്പത്തൂരിലാണെന്നും വിവരങ്ങളുണ്ട്. നിലവിൽ അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

ആതിരയുടെ കുടുംബം നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പ്രതിയായ കോതനല്ലൂർ സ്വദേശി അരുൺ വിദ്യാധരനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബന്ധം അവസാനിപ്പിച്ചതിന്റെ പേരി‍ലായിരുന്നു അരുണിന്റെ സൈബറാക്രമണം. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതിക്കെതിരെ മോശം പരാമർശങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇതിനെതിരെ ഞായറാഴ്ച ആതിര പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പൊലീസിൽ പരാതി നൽകിയ ശേഷവും ഇയാൾ സൈബർ ആക്രമണം തുടർന്നതായും യുവതിയുടെ ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതായും ബന്ധുക്കൾ പറയുന്നു.

പിന്നാലെ തിങ്കളാഴ്ച രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ ആറരയോടെ എഴുന്നേറ്റ ആതിര മുറിയിൽനിന്ന് പുറത്ത് വന്ന് എല്ലാരുമായി സംസാരിച്ചശേഷം ഒന്നുകൂടെ കിടക്കട്ടെയെന്ന് പറഞ്ഞ് മുറിക്കുള്ളിലേക്ക് പോയി. പിന്നീട് സഹോദരി നോക്കുമ്പോളാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ആതിരയ്ക്ക് മറ്റു വിവാഹാലോചനകൾ വന്നതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നും ഇതിനു പിന്നാലെയാണ് ഭീഷണിയും സൈബർ ആക്രമണവും ആരംഭിച്ചതെന്നും ആതിരയുടെ സഹോദരി ഭർത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ ആശിഷ് ദാസ് പറഞ്ഞിരുന്നു.

Top