കൊച്ചി: ബോംബ് വെച്ച് എടിഎം തകര്‍ത്തും മോഷ്ടാക്കള്‍ കവര്‍ച്ചാ ശ്രമം നടത്തി. ആലുവയിലാണ് എസ്ബിഐ ബാങ്കിന്റെ എടിഎം തകര്‍ന്നത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. ബൈക്കില്‍ എത്തിയ മോഷ്ടാവ് ഹെല്‍മറ്റ് ധരിച്ചാണ് എടിഎം കൗണ്ടറില്‍ പ്രവേശിച്ചത്.
പുലര്‍ച്ചെ 2.30-ഓടെയായിരുന്നു സംഭവം. കവര്‍ച്ചാശ്രമത്തില്‍ എടിഎം തകര്‍ന്നെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല. പുലര്‍ച്ചെ ബാങ്കില്‍ പതിവ് ബീറ്റിനെത്തിയ പോലീസ് പട്രോളിങ്ങ് സംഘമാണ് എടിഎം കത്തുന്നത് കണ്ടത്. ഉടനെ പോലീസ് തീ കെടുത്തിയ ശേഷം ബാങ്ക് അധികൃതരെ വിവരമറിയിച്ചു. എടിഎം മെഷീന്‍ തകര്‍ന്ന് പല ഭാഗങ്ങളും ചിതറിത്തെറിച്ചിരുന്നു. എടിഎം കൗണ്ടറിന്റെ ചില്ലുകളുംതകര്‍ന്നിരുന്നു. അതേസമയം സിസിടിവി ക്യാമറകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
ഇവരുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ബ്രാഞ്ചില്‍ സ്ഥിരം സെക്യൂരിറ്റി ഇല്ലെന്ന് മനസിലാക്കിയാണ് കവര്‍ച്ചക്ക് തെരഞ്ഞെടുത്തതെന്ന് പോലീസ് കരുതുന്നു. പ്രതികള്‍ക്കായി പൊലീസ് തെരച്ചിലാരംഭിച്ചു. ഒരു വര്‍ഷം മുമ്പ് തൊട്ടടുത്ത് ആലുവ പറവൂര്‍ കവലയിലും എടിഎം തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ചിരുന്നു.